ഭക്തിയും വ്യക്തിത്വവുമുള്ള വാക്കുകള്‍

ഉമര്‍ (റ) പറഞ്ഞ ശ്രദ്ധേയമായൊരു വചനമുണ്ട്‌; 

``നിശ്ശബ്ദനായിരുന്നതിന്റെ പേരില്‍ എനിക്കൊരിക്കലും ദു:ഖിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ സംസാരിച്ചതിന്റെ പേരില്‍ പലപ്പോഴും ദു:ഖിക്കേണ്ടി വന്നിട്ടുണ്ട്‌.''


            വ്യക്തിത്വത്തിന്റെ സൂക്ഷ്‌മമായ അളവുകോലുകളിലൊന്നാണ്‌ സംസാരം. മറ്റുള്ളവരെ അളക്കും മുമ്പ്‌ സ്വന്തത്തെ വിലയിരുത്താനും വാക്ക്‌ തന്നെയാണ്‌ മികച്ച മാര്‍ഗം. `സംസാരം കുറച്ചാല്‍ പാപങ്ങള്‍ കുറയ്‌ക്കാം' എന്ന്‌ ഉമറുബ്‌നു അബ്‌ദുല്‍അസീസ്‌ പറഞ്ഞത്‌ വെറുതെയല്ല. വാക്കിന്റെ വില അറിയുമ്പോള്‍ അളന്നുമുറിച്ചു മാത്രം അതുപയോഗിക്കുന്ന അവസ്ഥ വരും. 
 ഇല്ലെങ്കില്‍ പിന്നീട്‌ ദു:ഖിച്ചുകൊണ്ടേയിരിക്കും. നല്ല സംസാരമെന്ന ഒറ്റക്കാരണത്താല്‍ അല്ലാഹുവിങ്കല്‍ ഒരാള്‍ക്ക്‌ ഉന്നതസ്ഥാനം കൈവരുമെന്ന്‌ തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌.

            സൂക്ഷ്‌മമായല്ലാതെയാണ്‌ വാക്കുകളെങ്കില്‍ നേരെ തിരിച്ചുമാകും അവസ്ഥ.
കടുത്ത പാപങ്ങളായി ഇസ്‌ലാം താക്കീതുചെയ്‌തിട്ടുള്ളതില്‍ വലിയൊരു പങ്കും സംഭവിക്കുന്നത്‌ വാക്കിന്റെ ദുരുപയോഗം കാരണമായതിനാലാകാം ഇക്കാര്യത്തില്‍ ഇത്രയും നിര്‍ദേശങ്ങള്‍ നല്‍കിയത്‌. അസത്യം, അഹങ്കാരം, ധിക്കാരം, പരിഹാസം, പരദൂഷണം, അസൂയ തുടങ്ങിയ നിരവധി തിന്മകളിലേക്കെത്താന്‍ സൂക്ഷ്‌മതയില്ലാത്ത വാക്കുകള്‍ക്ക്‌ കഴിയും. ഇരുതല മൂര്‍ച്ചയുള്ള കത്തിപോലെയാണ്‌ ഓരോ വാക്കും. കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ ഉടമയ്‌ക്കു തന്നെ മുറിവേല്‍ക്കും.

            കണ്ടതെല്ലാം പറയാനുള്ളതോ കേട്ടതെല്ലാം വിശ്വസിക്കാനുള്ളതോ അല്ലെന്ന്‌ വീണ്ടും വീണ്ടും നമ്മള്‍ സ്വന്തത്തോട്‌ ഉപദേശിച്ചുകൊണ്ടിരിക്കണം. ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നല്ല വാക്കു പറയുക. എങ്കില്‍ നിങ്ങളുടെ കര്‍മങ്ങള്‍ അവന്‍ നല്ലതാക്കും. നിങ്ങള്‍ക്ക്‌ പാപങ്ങള്‍ പൊറുത്തുതരും.'' (അഹ്‌സാബ്‌ 70,71)
ആഇശ(റ) പഠിപ്പിക്കുന്നു: ``അല്ലാഹുവിന്റെ ദൂതന്‍ നിങ്ങളെപ്പോലെ തുരുതുരാ സംസാരിക്കുന്നയാളായിരുന്നില്ല. അവിടുന്ന്‌ പറയുന്ന വാക്കുകള്‍ ഒരാള്‍ക്ക്‌ എണ്ണാന്‍ പോലും സാധിക്കുമായിരുന്നു.'' (ബുഖാരി). ഉണങ്ങാത്ത മുറിവുണ്ടാക്കാന്‍ ഒറ്റവാക്കുമതിയാകും. മറക്കാത്ത നല്ല ഓര്‍മയാകാനും ഒറ്റവാക്കു മതിയെന്നത്‌ നമ്മുടെയൊക്കെ അനുഭവമാണല്ലോ. എങ്ങനെ, എപ്പോള്‍, എവിടെ, ആരോട്‌ ഉപയോഗിക്കുന്നുവെന്ന്‌ ഒന്നിലേറെ പ്രാവശ്യം ആലോചിച്ച ശേഷമേ ഓരോ വാക്കും നാവില്‍ നിന്നും പുറത്തിറങ്ങാവൂ. 


            തിരുനബിയുടെ അതിശക്തമായ മുന്നറിയിപ്പ്‌ കേള്‍ക്കൂ; ``ഒരാള്‍ സല്‍ക്കര്‍മങ്ങളിലൂടെ സ്വര്‍ഗത്തോട്‌ അടുത്തുകൊണ്ടിരിക്കും. അയാളുടെയും സ്വര്‍ഗത്തിന്റേയുമിടയില്‍ കട്ടിയുള്ളൊരു വടിയുടെ മാത്രം അകലമേ ബാക്കിയുണ്ടാകൂ. അപ്പോഴാണ്‌ അയാള്‍ അല്ലാഹുവിനിഷ്‌ടമല്ലാത്ത ഒരു വാക്കു പറയുന്നത്‌. അക്കാരണത്താല്‍ `സ്വന്‍ആ'യിനേക്കാള്‍ അകലേക്ക്‌ അയാള്‍ സ്വര്‍ഗത്തില്‍ നിന്നും അകറ്റപ്പെടും.'' (അഹ്‌മദ്‌ 464, അസ്‌ബഹാനി തര്‍ഹീബ്‌ 2362)
ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ കേള്‍ക്കുന്നവരുടേയും ഹൃദയത്തില്‍ തട്ടുന്നു. നാവില്‍ നിന്നുമാത്രം വരുന്ന വാക്കുകള്‍ ചെവിയിലേ തട്ടൂ. ഇഷ്‌ടകരമായ വാക്കുകൊണ്ടും പറയുന്ന രീതികൊണ്ടും കേള്‍ക്കുന്നവരുടെ ഹൃദയത്തിലൊരിടം നേടാന്‍ കഴിയുന്നു. 

            സ്‌നേഹത്തോടെയാണെങ്കില്‍ വിമര്‍ശനങ്ങള്‍ പോലും സന്തോഷത്തോടെ കേട്ടിരിക്കും. തോളില്‍ തട്ടി പറയുന്ന അഭിനന്ദനത്തിന്റെ ഒരു കൊച്ചുവാക്കു മതിയാകും മറ്റൊരാളുടെ മനസ്സില്‍ നമ്മളെന്നും പൂത്തുനില്‍ക്കാന്‍. പുഞ്ചിരിയോടെ പറയുന്ന വാക്കുകള്‍ മറന്നു പോയാലും, ആ പുഞ്ചിരി മായാതെ ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും.


            വാക്കുകളില്‍ കൂടുതലും പാഴ്‌വാക്കുകളാണ്‌. രണ്ടുപേര്‍ കൂടിയാല്‍ പറയാനുള്ളത്‌ മൂന്നാമതൊരാളെക്കുറിച്ചാകുന്നു. മൂന്നുപേരാണെങ്കില്‍ നാലാമതൊരാളെക്കുറിച്ചും. `ഞാന്‍' എന്ന പദം അധികമുപയോഗിക്കാതിരുന്നാല്‍ വാക്കുകൊണ്ടുള്ള അഹംഭാവത്തില്‍ നിന്ന്‌ കുറേയൊക്കെ രക്ഷപ്പെടാം. വ്യക്തികളെപ്പറ്റി പറയുന്നതിലേറെ ആശയങ്ങളെപ്പറ്റി പറയാനാകട്ടെ നമുക്കിഷ്‌ടം. പരിഹാസമോ പരനിന്ദയോ മുഖസ്‌തുതിയോ അമിതാലങ്കാരമോ വരാതിരിക്കാന്‍ അതായിരിക്കും നല്ലത്‌. 


            ഇമാം ഹസന്‍ ബസ്വരി ഉണര്‍ത്തുന്നു; ``ബുദ്ധിശാലിയുടെ നാവ്‌ അയാളുടെ ഹൃദയത്തിന്റെ പിറകിലായിരിക്കും. സംസാരിക്കാനുദ്ദേശിക്കുമ്പോള്‍ അയാള്‍ ഹൃദയത്തോട്‌ സമ്മതം ചോദിക്കും. അനുവദിച്ചാല്‍ മാത്രം സംസാരിക്കും. ഇല്ലെങ്കില്‍ മിണ്ടാതിരിക്കും. അവിവേകിയുടെ ഹൃദയം അയാളുടെ നാവിന്‍ തുമ്പിലായിരിക്കും. ഹൃദയത്തിലേക്ക്‌ അയാള്‍ തിരിഞ്ഞുനോക്കുകയില്ല. നാവിലെന്തു വന്നുവോ അത്‌ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും.'' (ഇബ്‌നുമുബാറക്‌; കിതാബുസ്സുഹ്‌ദ്‌ 389)


            മഹാപണ്ഡിതന്‍ ഹാതിം അസ്വമ്‌ പറഞ്ഞതിങ്ങനെ; ``അല്ലാഹുവിന്‌ നല്‍കാന്‍ ഒരു ഉത്തരം കണ്ടുവെച്ചിട്ടല്ലാതെ ഒരു വാക്കും പറയുന്നതെനിക്കിഷ്‌ടമല്ല. അന്ത്യനാളില്‍ അല്ലാഹു എന്നോട്‌ ചോദിക്കും; നീ എന്തിനാണങ്ങനെ പറഞ്ഞത്‌? അപ്പോള്‍ `നാഥാ ഇന്ന കാരണത്താല്‍' എന്നെനിക്ക്‌ ഉത്തരം നല്‍കാന്‍ കഴിയണം.'' (താരീഖു ബഗ്‌ദാദ്‌ 8245)
ഇഹലോകത്ത്‌ എന്തു നഷ്‌ടമുണ്ടായാലും നാലു കാര്യങ്ങള്‍ കൂടെയുണ്ടെങ്കില്‍ പേടി വേണ്ടെന്ന്‌ തിരുനബി പറഞ്ഞിട്ടുണ്ട്‌. സത്യം മാത്രം പറയുന്ന നാവ്‌, ഉത്തരവാദിത്വബോധം, നല്ല സമ്പാദ്യത്തിലൂടെയുള്ള ഭക്ഷണം, മികച്ച സ്വഭാവം എന്നിവയാണവ. (സ്വഹീഹുല്‍ ജാമിഅ്‌ 3741, അല്‍ബാനി)


സൂക്ഷ്‌മതയുള്ള വാക്കുകള്‍ കൊണ്ട്‌ സൂക്ഷ്‌മതയുള്ള ജീവിതം പണിയാം. നല്ല വാക്കുകളാല്‍ നല്ല വ്യക്തിത്വം കൈവരുമെന്നതുമുറപ്പ്‌. പറഞ്ഞുപോയ വാക്കുകള്‍ ഒരിക്കലും നമ്മെ സങ്കടപ്പെടുത്താതിരിക്കട്ടെ. പറയാതിരുന്ന വാക്കുകള്‍ എന്നും ആശ്വാസവുമാകട്ടെ.