ഇഷ്‌ടം പകര്‍ന്നും ഇഷ്‌ടം നുകര്‍ന്നും

            കീറിമുറിക്കുന്ന കത്രികയാവരുത്‌, തുന്നിച്ചേര്‍ക്കുന്ന നൂലാവുക'' എന്നൊരു ചൈനപ്പഴമൊഴിയുണ്ട്‌. പരസ്‌പര ബന്ധങ്ങളില്‍ വളരെ പ്രധാനമായ സന്ദേശമാണിത്‌. പിണങ്ങാനും അകലാനും വേഗത്തില്‍ കഴിയും. അടുക്കാത്ത അകലങ്ങളിലേക്ക്‌ നല്ല നല്ല ബന്ധങ്ങള്‍ പോലും എത്തിച്ചേരാന്‍ നിമിഷങ്ങള്‍ മതി. എന്നാല്‍ അതൊന്നു കൂടി തുന്നിച്ചേര്‍ക്കാന്‍ അത്രവേഗം കഴിയില്ല. അകന്നുപോയ ആത്മബന്ധങ്ങളെ അടുപ്പിക്കുന്നതും ഐക്യത്തിലാക്കുന്നതും ഉന്നതമായ സല്‍ക്കര്‍മമാണ്‌.

നോമ്പിനെക്കാളും നമസ്‌കാരത്തെക്കാളും ദാനധര്‍മങ്ങളെക്കാളും വിശിഷ്‌ടമായ ഒരു കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? -തിരുനബി സ്വഹാബികളോട്‌ ചോദിച്ചു. എന്നിട്ടിങ്ങനെ വിശദീകരിച്ചു: പരസ്‌പരബന്ധങ്ങള്‍ നന്നാക്കാന്‍ ശ്രമിക്കലാണത്‌. തീര്‍ച്ചയായും ആളുകള്‍ക്കിടയിലെ ഭിന്നിപ്പ്‌ എല്ലാറ്റിനെയും കരിച്ചുകളയുന്നതാണ്‌.'' (തിര്‍മിദി 2509, സുനനുത്തിര്‍മിദി, വാള്യം 4, പേജ്‌ 664)

നോക്കൂ, എത്ര ഉന്നതമായ സന്ദേശമാണ്‌ തിരുനബി(സ) പകരുന്നത്‌. ഐക്യവും കെട്ടുറപ്പുമുള്ള സമൂഹമാണ്‌ ഏറ്റവും പ്രധാനം. ഭദ്രമല്ലാത്ത സമൂഹത്തില്‌ ഒരുആശയവും വേരുപിടിക്കില്ല. അനൈക്യത്തിലും കടുത്ത വൈരത്തിലും കഴിഞ്ഞിരുന്ന അറബികള്‍ക്കിടയില്‍ `ഹൃദയങ്ങളെ കോര്‍ത്തിണക്കി'യപ്പോഴാണല്ലോ മഹത്തായൊരു ആദര്‍ശം വേരുപിടിച്ചു പടര്‍ന്നത്‌. അല്ലാഹുവിന്‌ മാത്രമേ അവരുടെ ഹ-ദയങ്ങളെ ചേര്‍ത്തിണക്കാന്‍ കഴിയൂ എന്ന്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. അത്രയും ശക്തമായ ശത്രുതയായിരുന്നു അവര്‍ക്കിടയില്‍. പിന്നീടവര്‍ തമ്മിലിണങ്ങിച്ചേര്‍ന്നു. അത്രയുമിണങ്ങിയവര്‍ അന്നോളമോ പിന്നീടോ ചരിത്രം കണ്ടിട്ടുമില്ല. സ്വന്തമെന്ന ചിന്തയില്ലാത്തവരായത്തീര്‍ന്നു അവര്‍. അന്യനെ അനിയനാക്കിയ ആദര്‍ശച്ചങ്ങാത്തം. മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു കരയുന്ന ഹൃദയബന്ധം.

നല്ല ബന്ധങ്ങള്‍ നമ്മുടെ കരുത്താണ്‌. ശത്രുതയില്ലാത്ത മനസ്സിന്‌ കൂട്ടുകാര്‍ വര്‍ധിക്കും. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്‌ഠിക്കുകയും ചെയ്യുന്നവര്‍ക്ക്‌ സ്‌നേഹജനങ്ങളെ നല്‍കുമെന്ന്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌തതാണല്ലോ. (വി.ഖു. 19:46). സ്‌നേഹം നിറച്ച വ്യക്തിത്വമാകുന്നതു പോല തന്നെ പ്രധാനമാണ്‌ വ്യക്തികള്‍ക്കിടയില്‍ സ്‌നേഹം നിറയ്‌ക്കലും. നാട്ടിലും കുടുംബത്തിലും കൂട്ടുകാരിലും അകല്‍ച്ചകളുണ്ട്‌. നമ്മോട്‌ അകന്നവരും കുറച്ചെങ്കിലുമുണ്ട്‌. എല്ലാം പരിഹരിക്കപ്പെടണം. പരിഹരിക്കേണ്ടവര്‍ നമ്മളാണ്‌. ആ ചുമതലയെക്കുറിച്ചാണ്‌ ആരാധനകളെക്കാള്‍ ശ്രേഷ്‌ഠമെന്ന്‌ തിരുനബി(സ) ഉണര്‍ത്തിയത്‌.

``ധര്‍മങ്ങളില്‍ വെച്ചേറ്റവും മഹത്തരം ഭിന്നിച്ചവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കലാണ്‌'' എന്നും തിരുനബി(സ) അറിയിച്ചു. (മജ്‌മഉസ്സവാഇദ്‌ 8:80)
കുടുംബത്തിലും സമൂഹത്തിലും പ്രശ്‌നങ്ങള്‍ പെരുകിയ കാലമാണിത്‌. ആരോഗ്യപ്രശ്‌നങ്ങളെക്കാള്‍ മാനസികപ്രശ്‌നങ്ങളാണ്‌ മനുഷ്യര്‍ക്ക്‌. കൗണ്‍സലിംഗ്‌ കേന്ദ്രങ്ങളില്‍ ചെറിയ കുട്ടികള്‍ തൊട്ട്‌ വൃദ്ധര്‍ വരെയുണ്ട്‌. എല്ലാവര്‍ക്കും ടെന്‍ഷനാണ്‌. ``ആനക്ക്‌ തടിഭാരം ഉറുമ്പിന്‌ അരി ഭാരം.'' ഓരോരുത്തര്‍ക്കും അവനവന്റെ നിരവധി പ്രശ്‌നങ്ങള്‍. ശാരീരികപ്രശ്‌നങ്ങളില്‍ മിക്കതും മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ്‌. മരുന്നുകൊണ്ട്‌ കൊണ്ട്‌ രോഗം മാറാത്തത്‌ അതുകൊണ്ടാണ്‌. ഭാര്യയുമായി വഴക്കിട്ട്‌ ഉറക്കം നഷ്‌ടപ്പെടുന്നയാള്‍ക്ക്‌ അള്‍സറും ഗ്യാസും വരും. ഗുളിക കഴിച്ചാല്‍ അവ മാറുമോ? ഭാര്യയോടൊത്തുള്ള ജീവിതം നന്നാക്കലാണ്‌ പരിഹാരം. മിക്ക രോഗങ്ങളിലും ഇങ്ങനെയൊരു കാരണം പിറകിലുണ്ട്‌. അവയെ അറിയുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ട ബാധ്യത നമ്മിലുണ്ട്‌.

``അല്ലയോ അബൂഅയ്യൂബ്‌, അല്ലാഹുവും അവന്റെ റസൂലും ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്ന ധര്‍മത്തെക്കുറിച്ച്‌ അറിയിക്കട്ടെയോ? ഭിന്നിക്കുകയും പകവെച്ചു ജീവിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കലാണത്‌.'' (അസ്‌ബഹാനി, തര്‍ഗീബ്‌ 179)
മനസ്സുകള്‍ തമ്മിലകലുന്നത്‌ അല്ലാഹുവിന്‌ തീരെ ഇഷ്‌ടമല്ല. തെറ്റി ജീവിക്കുന്നവരില്‍ അവന്റെ അനുഗ്രഹങ്ങള്‍ ചൊരിയില്ലെന്ന്‌ തിരുനബി(സ) പറഞ്ഞത്‌ അതുകൊണ്ടാണ്‌. ആരെയും വെറുക്കാതെയും വെറുപ്പ്‌ നേടാതെയും ജീവിക്കാനാണ്‌ തിരുനബിയുടെ മാതൃക. ഒരു സ്വഹാബി സ്വര്‍ഗത്തില്‍ പോകുമെന്ന്‌ മറ്റുള്ള സ്വഹാബികളോട്‌ തിരുനബി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രത്യേകത എന്താണെന്ന്‌ അവര്‍ അന്വേഷിച്ചു. അദ്ദേഹം തന്നെ അത്‌ പറഞ്ഞു: എന്റെ മനസ്സില്‍ ആരോടും പകയോ ദേഷ്യമോ ഉണ്ടാകാറില്ല. ആരെയും വെറുക്കാതെയാണ്‌ ഓരോ ദിവസവും ഞാന്‍ ഉണരാറുള്ളതും ഉറങ്ങാറുള്ളതും.''
തിരുനബി(സ)യുടെ മുന്നിലൂടെ ഒരു ജനാസ കടന്നുപോയപ്പോള്‍ അവിടുന്ന്‌ ആ മയ്യിത്തിനെക്കുറിച്ച്‌ പറഞ്ഞുവത്രെ: ``അയാള്‍ ആശ്വാസം നല്‍കുന്നവനോ അതോ നേടുന്നവനോ?'' പിണങ്ങിയും നോവിച്ചും ജീവിച്ച്‌ കുറച്ചാളുകളുടെയെങ്കിലും വെറുപ്പ്‌ നേടിയവനാണോ അതോ സര്‍വ തിന്മകളില്‍ നിന്നും രക്ഷപ്പെട്ട്‌ ആശ്വാസത്തോടെ തിരിച്ചുപോകുന്നവനാണോ എന്നാണ്‌ തിരുനബി(സ)യുടെ ചോദ്യം.

ആഇശ(റ) പറയുന്നു: ``ഒരിക്കല്‍ ഞാന്‍ പ്രവാചകന്റെ സന്നിധിയില്‍ വെച്ച്‌ ഒരാളുടെ സംസാരരീതി അഭിനയിച്ചു. അപ്പോള്‍ അവിടുന്ന്‌ എന്നെ ഉപദേശിച്ചു: ഒരാളെയും ഇപ്രകാരം അനുകരിക്കുന്നത്‌ ഞാനിഷ്‌ടപ്പെടുന്നില്ല. എനിക്കതുകൊണ്ട്‌ എത്ര നേട്ടങ്ങളുണ്ടായാലും.'' (അബൂദാവൂദ്‌ 4875)

വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരാളെയും നോവിക്കാതയും സങ്കടത്തിലാക്കാതെയും ജീവിക്കലാണ്‌ ഇസ്‌ലാമിക ജീവിതം. ആരോടും തെറ്റാതെയും ആരെയും തെറ്റിക്കാതെയുമുള്ള ജീവിതം. എല്ലാവരോടും ഇണങ്ങിയും എല്ലാവരെയും ഇണക്കിയുമുള്ള ജീവിതം. ഇഷ്‌ടം പകര്‍ന്നും ഇഷ്‌ടം നുകര്‍ന്നുമുള്ള ജീവിതം!