പ്രകാശം പരത്തുന്ന മഹാജീവിതം

                          വിശ്രുതനായ പണ്ഡിതനും പ്രതിഭാശാലിയുമായിരുന്ന അലി(റ)യില്‍ നിന്ന്‌ നിരവധി പാഠങ്ങളുണ്ട്‌. ജമല്‍ യുദ്ധത്തിനിടയില്‍ അലി(റ)ക്ക്‌ നഷ്‌ടപ്പെട്ട പടയങ്കി ഒരു ജൂതന്റെയടുത്ത്‌ കണ്ടു. ഖലീഫയായ അലി കേസു കൊടുത്തു. ശുറൈഹ്‌ ആയിരുന്നു ന്യായാധിപന്‍. ഖലീഫക്ക്‌ തെളിവ്‌ നല്‍കാനെത്തിയത്‌ മകന്‍ ഹസനും അടിമ ഖംബറുമായിരുന്നു. ന്യായാധിപന്‍ ചോദിച്ചു:
``ഹസനെയല്ലാതെ മറ്റാരെയെങ്കിലും ഹാജരാക്കാമായിരുന്നില്ലേ?''
``എന്തേ, ഹസനെ പറ്റില്ലേ?''
``ഇല്ല. പിതാവിനു വേണ്ടിയുള്ള മകന്റെ സാക്ഷ്യം സ്വീകാര്യമല്ലെന്ന്‌ അങ്ങ്‌ തന്നെ മുമ്പ്‌ പറഞ്ഞിട്ടുണ്ടല്ലോ?''
അലി(റ) സമ്മതിച്ചു. പടയങ്കി ജൂതനു തന്നെ നല്‍കാന്‍ വിധിയായി. ഇത്‌ കേട്ടപ്പോള്‍ ആ ജൂതന്‍ പറഞ്ഞു:
``അമീറുല്‍ മുഅ്‌മിനീന്‍. ഖാദിയുടെ മുമ്പില്‍ സ്വയം ഹാജരാവുകയും ഖാദി താങ്കള്‍ക്കെതിരെ വിധി പ്രസ്‌താവിക്കുകയും എന്നിട്ട്‌ താങ്കള്‍ അത്‌ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുകയോ! അത്ഭുതം തന്നെ! ഇസ്‌ലാമിക കോടതിയില്‍ ഭരണാധികാരിക്കെതിരെ ജൂതന്‌ അനുകൂലമായ വിധി!''
ഖലീഫയുടെ നേരെ തിരിഞ്ഞുകൊണ്ട്‌ അയാള്‍ പറഞ്ഞു: ``ഖലീഫ, താങ്കള്‍ പറഞ്ഞതാണ്‌ ശരി. ഈ പടയങ്കി നിങ്ങളുടെത്‌ തന്നെയാണ്‌. അന്ന്‌ ഒട്ടകത്തില്‍ നിന്ന്‌ ഇത്‌ വീണപ്പോള്‍ ഞാനെടുത്തതാണ്‌.''
ഖലീഫയുടെ നേരെ തിരിഞ്ഞുകൊണ്ട്‌ അയാള്‍ പറഞ്ഞു: ``ഖലീഫ, താങ്കള്‍ പറഞ്ഞതാണ്‌ ശരി. ഈ പടയങ്കി നിങ്ങളുടെത്‌ തന്നെയാണ്‌. അന്ന്‌ ഒട്ടകത്തില്‍ നിന്ന്‌ ഇത്‌ വീണപ്പോള്‍ ഞാനെടുത്തതാണ്‌.''
ഉമര്‍ബിന്‍ അബ്‌ദില്‍ അസീസിന്റെ സദസ്സില്‍ ഭൗതിക വിരക്തിയെക്കുറിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭൗതിക വിരക്തിയുള്ളത്‌ അലി(റ)ക്ക്‌ ആയിരുന്നുവെന്ന്‌ ഉമര്‍(റ) അഭിപ്രായപ്പെടുകയുണ്ടായി. (അല്‍ബിദായ വന്നിഹായ 8:3)
അലി(റ)യുടെ ഗവര്‍ണറായിരുന്ന അബൂ നുഐമിബ്‌നു സഖഫി പറയുന്നു: ``ഇറാഖിലേക്കുള്ള ദീര്‍ഘയാത്രയിലൊരിക്കല്‍ അലി(റ)യുടെ ഭക്ഷണപാത്രം തുറന്നപ്പോള്‍ അതില്‍ മലര്‍പൊടിയാണ്‌ ഞാന്‍ കണ്ടത്‌. ഇറാഖിലെ സാധാരണക്കാര്‍ പോലും നല്ല ഭക്ഷണം കഴിക്കുന്ന കാലമായിരുന്നു അത്‌. അതേപ്പറ്റി ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: അല്ലാഹുവാണ്‌ സത്യം. പിശുക്കുകൊണ്ടല്ല, എനിക്കാവശ്യമുള്ളതാണ്‌ ഞാന്‍ കൊണ്ടുവന്നത്‌. അത്‌ തീര്‍ന്നുപോയാല്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുമല്ലോ എന്ന്‌ ഞാന്‍ ഭയന്നു. അതിനാല്‍ കുറച്ചധികം കൊണ്ടുവന്നു. അനുവദനീയമല്ലാത്തതൊന്നും ഞാന്‍ ഭക്ഷിക്കാറില്ല. ഇത്‌ ഞാന്‍ അധ്വാനിച്ചുണ്ടാക്കിയതാണ്‌.'' (ഹില്‍യതുല്‍ ഔലിയാ 1:82)
ഒരിക്കല്‍ അദ്ദേഹത്തിനു മുന്നില്‍ പാല്‍ക്കട്ടി കൊണ്ടുവന്നപ്പോള്‍ ഇങ്ങനെ പറഞ്ഞത്രെ: ``നിന്റെ ഗന്ധം വളരെ മികച്ചതാണ്‌. നിറമാകട്ടെ, അതിലേറെ മനോഹരമാണ്‌. രുചി അങ്ങേയറ്റം ആസ്വാദ്യകരവും. പക്ഷേ, ഇതുവരെ ശീലിച്ചിട്ടില്ലാത്ത ഒന്നും പുതിയതായി ശീലിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' (ഹില്‍യതുല്‍ ഔലിയാ 1:81)
ഒരിക്കല്‍ പരുക്കന്‍ മുണ്ടുടുത്ത്‌ പുതച്ചുകൊണ്ട്‌ ശരീരം മറച്ചുകൊണ്ട്‌ അദ്ദേഹം വീട്ടില്‍ നിന്നിറങ്ങി. ഈ വസ്‌ത്രം കൊണ്ട്‌ എങ്ങനെ കഴിഞ്ഞുകൂടും എന്ന്‌ ആരോ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: ``ഈ വസ്‌ത്രം, തീരെ അലങ്കാരമില്ലാത്തതുകൊണ്ടാണ്‌ ഞാന്‍ ഇഷ്‌ടപ്പെടുന്നത്‌. പിന്നെ, നമസ്‌കാരത്തിന്‌ ഇതാണ്‌ കൂടുതല്‍ നല്ലത്‌.'' (അല്‍മുന്‍തഖബ്‌ 5:88)
മറ്റൊരിക്കല്‍ തന്റെ വാള്‍ വില്‍ക്കാനായി അങ്ങാടിയിലെത്തിയ അലി(റ) ഒരാളോട്‌ പറഞ്ഞു: ``ഒരു കള്ളിമുണ്ട്‌ വാങ്ങാനുള്ള നാലു ദിര്‍ഹം കയ്യിലുണ്ടായിരുന്നുവെങ്കില്‍ ഞാനീ വാള്‍ വില്‍ക്കില്ലായിരുന്നു.'' (അല്‍ബിദായ വന്നിഹായ 8:3)
അലി(റ)യുടെ വിയോഗത്തെത്തുടര്‍ന്ന്‌ മകന്‍ ഹസന്‍(റ) പറഞ്ഞു: ``ജനങ്ങളേ, സ്വര്‍ണമോ വെള്ളിയോ വിട്ടേച്ചുപോകാത്ത ഒരാളാണ്‌ ഇന്നലെ നിങ്ങളില്‍ നിന്ന്‌ പിരിഞ്ഞത്‌. ബൈതുല്‍മാലില്‍ നിന്ന്‌ കിട്ടിയ എഴുന്നൂറ്‌ ദിര്‍ഹം മാത്രമേ അദ്ദേഹത്തിന്റേതായുള്ളൂ. ആ പണം കൊണ്ട്‌ ഒരു സേവകനെ വാങ്ങാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.'' (കിതാബുല്‍ ഫറാഇദ്‌ 12:74)
ളിറാറുബ്‌നു ളംറ അലി(റ)യെക്കുറിച്ച്‌ മുആവിയയോട്‌ പറഞ്ഞത്‌ നോക്കൂ: ``അലി(റ) അങ്ങേയറ്റം ദീര്‍ഘവീക്ഷണമുള്ളയാളും അപാരമായ ശക്തിയുള്ളയാളുമായിരുന്നു. നല്ല ഭാഷയില്‍ സ്‌ഫുടമായി അദ്ദേഹം സംസാരിച്ചു. നീതിയും ന്യായവും നോക്കി തീരുമാനങ്ങളെടുത്തു. ആ വ്യക്തിത്വത്തില്‍ നിറയെ തുളുമ്പി നിന്നത്‌ വിജ്ഞാനമായിരുന്നു. പാതിരാത്രിയിലെ ഇബാദത്തുകളില്‍ കണ്ണീരടക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. പരുക്കനായ വസ്‌ത്രങ്ങള്‍ മാത്രം ധരിച്ചു. രുചി കുറഞ്ഞ ഭക്ഷണം കഴിച്ചു. എല്ലാ ചോദ്യത്തിനും അദ്ദേഹത്തിന്‌ ഉത്തരമുണ്ടായിരുന്നു. ആര്‍ക്കും അദ്ദേഹത്തോടൊപ്പമിരിക്കാം. ആ വിജ്ഞാന സാഗരത്തെ ആളുകള്‍ ബഹുമാനിച്ചു. പാവങ്ങളെ അദ്ദേഹം സ്‌നേഹിച്ചു. ഭക്തരെ ആദരിച്ചു. ദുര്‍ബലരെ പരിഗണിച്ചു. അല്ലാഹുവിനെ സാക്ഷിനിര്‍ത്തി ഞാന്‍ പറയുന്നു: അദ്ദേഹത്തിന്റെ രാത്രികളിലെ ചില നിമിഷങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌.
നമസ്‌കാരത്തിനും പ്രാര്‍ഥനയ്‌ക്കുമിടയില്‍ വേദനിക്കുന്നവനെപ്പോലെ കരയുകയും വിഷബാധയേറ്റവനെപ്പോലെ വിറകൊള്ളുകയും ചെയ്‌തിരുന്നു. ആ കരച്ചില്‍ ഇപ്പോഴും കേള്‍ക്കുന്നതു പോലെ എനിക്കു തോന്നുന്നു. ആ പ്രാര്‍ഥനക്കിടയില്‍ അദ്ദേഹം പറയും: ``ലോകമേ, നീയെന്നെ പരിഹസിക്കുകയാണോ? അതോ എന്നില്‍ നീ വല്ലതും പ്രതീക്ഷിക്കുന്നുവോ? എന്നില്‍ നിന്ന്‌ നീ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. നിനക്ക്‌ ആയുസ്സ്‌ കുറവാണ്‌. നീ നല്‌കിയ സൗഭാഗ്യങ്ങള്‍ നിസ്സാരമാണ്‌. നിന്റെ അപകടങ്ങള്‍ ഭയാനകമാണ്‌. ദീര്‍ഘമാണീ യാത്ര. ശൂന്യമാണീ വഴികള്‍.''
ഇതു കേട്ടപ്പോള്‍ മുആവിയയുടെ കണ്ണു നിറഞ്ഞു. അദ്ദേഹം പ്രാര്‍ഥിച്ചു: ``അല്ലാഹു അബുല്‍ഹസനു മേല്‍ കരുണ ചൊരിയട്ടെ. യഥാര്‍ഥത്തില്‍ അദ്ദേഹം ഈ പറയുന്നതു പോലെത്തന്നെയായിരുന്നു.''
``സ്വന്തം മടിത്തട്ടില്‍ കുട്ടിയെ അറുക്കപ്പെട്ട പിതാവിന്റെ ദു:ഖമാണ്‌ അലി(റ) മരിച്ചപ്പോള്‍ ഞാനനുഭവിച്ചത്‌'' എന്നുകൂടി ളിറാര്‍ പറഞ്ഞു. (ഇബ്‌നുജൗസി, സിഫതുസ്സ്വഫ്‌വ, 121,122)
അലി(റ)യുടെ വിഖ്യാതമായ ചില ഉപദേശങ്ങള്‍:

* ഓരോ മനുഷ്യന്റെയും മഹത്വം മറ്റുള്ളവരെ അപേക്ഷിച്ച്‌ അവന്‍ നന്നായി ചെയ്യുന്ന കര്‍മങ്ങളിലാണ്‌.

* ജനങ്ങളോട്‌ അവരുടെ ബുദ്ധി നിലവാരത്തിന്നനുസരിച്ച്‌ സംസാരിക്കുക.

* അല്ലാഹുവില്‍ എപ്പോഴും പ്രതീക്ഷയര്‍പ്പിക്കുക. പാപങ്ങളുടെ പേരില്‍ ഭയപ്പെടുക. ഒരു കാര്യം നിങ്ങള്‍ക്കറിയില്ലെങ്കില്‍ അതു പഠിക്കാന്‍ ഒട്ടും മടി കാണിക്കരുത്‌.

* വ്യാമോഹങ്ങളെ സൂക്ഷിക്കുക. വ്യാമോഹം വിഡ്‌ഢിയുടെ മൂലധനമാണ്‌.

* ഏറ്റവും വലിയ പണ്ഡിതന്‍ ആരാണെന്ന്‌ പറഞ്ഞുതരാം: അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളെ ഭയപ്പെടുന്നവനും അവന്റെ അനുഗ്രഹങ്ങളില്‍ നിരാശനാവാത്തവനും അല്ലാഹുവിനോടുള്ള ധിക്കാരത്തെ നിസ്സാരമാക്കി പറയാത്തവനുമാണ്‌.

* അല്ലാഹുവിന്റെ അനുഗ്രഹത്തെ തട്ടിപ്പറിക്കുന്ന എത്രയെത്ര വാക്കുകളാണ്‌ മനുഷ്യര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌!

* മുസ്‌ലിംകളേ, നിങ്ങള്‍ പരസ്‌പരം ഔഷധമായിത്തീരുക; ഐക്യത്തിലാണ്‌ വിജയമുള്ളത്‌.