വെളിച്ചമായ്‌ ഒരാള്‍

ഖലീഫ ഉമറി(റ)ന്റെ ജീവിതം ഉപമകളില്ലാത്ത അധ്യായമാണ്‌. അനുഭവങ്ങളുടെ കരുത്തില്‍ നിന്നാണ്‌ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ മൂര്‍ച്ഛയേറിയത്‌.  അവയില്‍ ചിലത്‌:

*
എന്റെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ച്‌ തരുന്നവരാണ്‌ എനിക്കേറ്റവും പ്രിയപ്പെട്ടവര്‍.     എന്റെ പോരായ്‌മകള്‍ ശ്രദ്ധയില്‍ പെടുത്തുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ.

*
നേതാവല്ലാത്തപ്പോള്‍ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാല്‍ അനുയായിയെപ്പോലെയും പ്രവര്‍ത്തിക്കുന്നവരെയാണ്‌ നമുക്കാവശ്യം.

*
അഹങ്കാരം മനുഷ്യനെ അധമനാക്കും. ഞാന്‍ വഞ്ചകനല്ല. വഞ്ചിക്കപ്പെടുകയുമില്ല.
*
നാഥാ നിന്നില്‍ ഞാന്‍ അഭയം തേടുന്നു. നീ നല്‌കിയതില്‍ നീയെന്നെ വഞ്ചിതനാക്കരുതേ.

*
ഐഹിക ജീവിതത്തെ മഹത്തരമായി തോന്നാത്തിടത്തോളം കാലമേ മനുഷ്യര്‍ അല്ലാഹുവിലേക്ക്‌ അടുക്കൂ.
*
ഇസ്‌ലാമിന്റെ നിയമം എല്ലാവര്‍ക്കും തുല്യമാണ്‌. ആര്‍ക്കെങ്കിലും വേണ്ടി ഉമര്‍ അത്‌ മാറ്റുകയില്ല.

*
നിങ്ങളുടെ ഏതെങ്കിലുമൊരു സഹോദരന്‍ തെറ്റുചെയ്യുന്നതായി അറിഞ്ഞാല്‍ അയാളെ നേര്‍വഴിലാക്കുകയും അയാള്‍ക്കു വേണ്ടി അയാള്‍ക്കുവേണ്ടി അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുകയും ചെയ്യുക.

*
ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഞാനും അനുഭവിക്കാതെ എനിക്കെങ്ങനെ അവരുടെ സ്ഥിതി മനസ്സിലാകും?
*
സാധാരണക്കാര്‍ക്ക്‌ ലഭിക്കാത്ത ഭക്ഷണം ഖലീഫയായ എനിക്കു വേണ്ട.

*
ഒരാളുടെ നമസ്‌കാരത്തിലേക്കും നോമ്പിലേക്കുമല്ല നിങ്ങള്‍ നോക്കേണ്ടത്‌. മറിച്ച്‌ സംസാരത്തില്‍ സത്യസന്ധത പാലിക്കുന്നുണ്ടോ എന്നും വിശ്വസിച്ചേല്‌പിച്ചവ പൂര്‍ത്തിയാക്കുന്നുണ്ടോ എന്നും പാപം പ്രവര്‍ത്തിക്കാന്‍ തോന്നിയാല്‍ സൂക്ഷ്‌മത പുലര്‍ത്തുന്നുണ്ടോ എന്നുമാണ്‌.

*
ഐഹിക ജീവിതവും അതിന്റെ വര്‍ണപ്പൊലിമയും നമ്മെ വഞ്ചിതരാക്കരുത്‌.
*
നാഥാ! ശത്രുക്കളുടെ പാദങ്ങളെ നീ തളര്‍ത്തേണമേ. അവരുടെ മനസ്സുകളെ വിറപ്പിക്കേണമേ. ഞങ്ങള്‍ക്ക്‌ സമാധാനം നല്‌കേണമേ. ഞങ്ങളില്‍ ഭക്തി വര്‍ധിപ്പിക്കേണമേ. സമരം ഞങ്ങള്‍ക്ക്‌ പ്രിയങ്കരമാക്കേണമേ. രക്തസാക്ഷിത്വം ഞങ്ങളുടെ അന്ത്യാഭിലാഷമാക്കേണമേ.

*
താങ്കളൊരു നേതാവാണെങ്കില്‍ പക്ഷഭേദം കാണിക്കുമെന്ന്‌ താങ്കളെക്കുറിച്ച്‌ പ്രമാണികള്‍ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച്‌ ഒരു ദുര്‍ബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ.
*
ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്‌. രണ്ടാളുകളുടേത്‌ പിരിച്ച നൂലാണ്‌. രണ്ടില്‍ കൂടുതല്‍ പേരുടേത്‌ പൊട്ടാത്ത കയറാണ്‌.

*
യൂഫ്രട്ടീസിന്റെ തീരത്ത്‌ ഒരു ആട്ടിന്‍കുട്ടി വിശന്നു ചത്താല്‍ ഞാനതിന്റെ പേരില്‍ പരലോകത്ത്‌ ഉത്തരം പറയേണ്ടി വരും.
*
അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരുന്നാല്‍, കൊല്ലം മുഴുവന്‍ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച്‌ അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കും. എത്ര നല്ല നാളുകളായിരിക്കും അത്‌!

*
മുസ്‌ലിംകളുടെ നേതാക്കള്‍ അവരുടെ അടിമകളെപ്പോലെയാവണം. അടിമ യജമാനന്റെ സ്വത്ത്‌ സംരക്ഷിക്കും പോലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം.
*
എന്റെ പകല്‍ ജനങ്ങള്‍ക്കുവേണ്ടിയാണ്‌. എന്റെ രാത്രി അല്ലാഹുവിനുള്ളതാണ്‌.
*
പണം അധികം സമ്പാദിക്കരുത്‌. ഇന്നത്തെ ജോലി നാളേക്ക്‌ നീട്ടരുത്‌.

*
ഉമറിനെയും ഒരു സാധാരണ മുസ്‌ലിമിനെയും സമമായി കാണാനാകാത്തിടത്തോളം കാലം ഞാന്‍ ഭരണാധികാരിയാവുകയില്ല.
*
സദുദ്ദേശ്യത്തോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിക്കുന്നവരിലുള്ള വീഴ്‌ചകള്‍ അല്ലാഹു പൊറുത്തുതരും.
*
കുട്ടികളെ നീന്തലും കായികാഭ്യാസങ്ങളും നല്ല കവിതകളും പഠിപ്പിക്കണം.

*
ദൈവ ഭക്തിയാണ്‌ ശത്രുവിനെ തോല്‌പിക്കാനുള്ള ഏറ്റവും നല്ല ആയുധം. കൂടെയുള്ളവരുടെ പാപങ്ങളാണ്‌ ശത്രുവിന്റെ ആയുധത്തേക്കാള്‍ പേടിക്കേണ്ടത്‌.
*
പാപം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതില്‍ നിന്നൊഴിഞ്ഞു നില്‌ക്കുന്നവരുടെ ഹൃദയത്തിലാണ്‌ അല്ലാഹു ഭക്തി നിക്ഷേപിക്കുക.

*
സ്വന്തം ദൗര്‍ബല്യങ്ങളെക്കുറിച്ച്‌ പരാതി പറയുന്നവനാണ്‌ ഏറ്റവും വലിയ പ്രതിഭാശാലി.
*
ചിന്തയിലും സംസാരത്തിലും പ്രവൃത്തിയിലും അല്ലാഹുവിനെ സൂക്ഷിക്കുക.
*
നമ്മുടെ ആരുടെയെങ്കിലും അടുക്കല്‍ പണമുള്ള കാലത്തോളം പണമില്ലാത്തവരുടെ ആവശ്യം പൂര്‍ത്തീകരിക്കാതെ കിടക്കരുത്‌. 

*
ഒരിക്കല്‍, ഒരു ഗര്‍ഭിണി വെള്ളപ്പാത്രവുമായി കിണറ്റിന്‍ കരയിലേക്ക്‌ പോകുന്നതു കണ്ട ഉമര്‍, അവളില്‍ നിന്ന്‌ കുടം വാങ്ങി വെള്ളം കോരിനിറച്ച്‌ വീട്ടിലെത്തിച്ചു. അന്നദ്ദേഹം അന്നാട്ടിലെ ഭരണാധികാരിയായിരുന്നു.
*
നാഥാ, ഞാന്‍ ദുസ്സ്വഭാവിയായാല്‍ എന്നെ നീ സൗമ്യനാക്കേണമേ. ഞാന്‍ ദുര്‍ബലനായാല്‍ ശക്തനാക്കേണമേ.

*
കുട്ടികളെ പാലൂട്ടുന്ന ഉമ്മമാര്‍ മക്കളെ വലിച്ചെറിയുകയും ഗര്‍ഭിണികളെല്ലാം ഭയം കാരണം പ്രസവിച്ചുപോവുകയും ചെയ്യുന്ന ഭയങ്കര ദിവസത്തെ ഞാന്‍ ഭയക്കുന്നു.

*
കൊച്ചു കുട്ടികളെ കണ്ടാല്‍ ഉമര്‍ പറയും: ``മോനെ എനിക്കു വേണ്ടി നീ പ്രാര്‍ഥിക്കണം. ഒരു കുറ്റവും ചെയ്യാത്ത കുട്ടിയാണല്ലോ നീ.''
*
മരണത്തിനു തൊട്ടുമുമ്പ്‌ അദ്ദേഹം പറഞ്ഞു: ``ഞാനൊരു പുല്‍ക്കൊടിയായിരുന്നെങ്കില്‍! ഞാന്‍ സൃഷ്‌ടിക്കപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍! ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!