കുടുംബമൊന്നിച്ചുള്ള സുജൂദുകള്‍

                    `തഹജ്ജുദ്‌' നമ്മുടെ ശക്തിയും ആയുധവുമാണ്‌. സത്യവിശ്വാസിയുടെ ഉള്ള്‌ നിറയെ ഭക്തി തുളുമ്പുന്ന സന്ദര്‍ഭം. കണ്ണും കരളും നിറഞ്ഞ്‌ സുജൂദില്‍ മുഴുകുന്ന സമയം. ഹൃദയം തൊട്ടുള്ള പ്രാര്‍ഥനകള്‍ കൊണ്ട്‌ എല്ലാ അസ്വസ്ഥതകളും തകരുന്ന നിമിഷങ്ങള്‍. ``എനിക്ക്‌ രാത്രിയാണിഷ്‌ടം. എന്റെ നാഥനോടൊത്തുള്ള നിമിഷങ്ങളാണത്‌'' എന്ന്‌ ഇമാം ശാഫി(റ)യുടെ ഒരു കവിതയുണ്ട്‌. ഉറക്കം കൊതിക്കുന്ന ശരീരത്തെ വെല്ലുവിളിച്ച്‌ ഉറക്കത്തെ തട്ടിമാറ്റി, ഊര്‍ജം സ്വീകരിക്കാന്‍ ഉണര്‍ന്നിരിക്കുന്ന തഹജ്ജുദിന്റെ സന്ദര്‍ഭം നമുക്ക്‌ അസാധാരണമായ ആനന്ദവും ധീരതയും കെട്ടുറപ്പും സമ്മാനിക്കുന്നു. തഹജ്ജുദില്‍ നിന്ന്‌ കൈവരുന്ന ഭക്തിയുടെ ഊര്‍ജം ജീവിതരംഗങ്ങളിലാകെ പരന്നൊഴുകുന്നു. ചെയ്‌തുപോയ അബദ്ധങ്ങളെല്ലാം തഹജ്ജുദ്‌ കഴികിയെടുക്കുന്നു. സല്‍ക്കര്‍മ നിരതമായ ജീവിതത്തിന്‌ പ്രേരിപ്പിക്കുന്നു. 

                    ഇന്നലെയുള്ളതിനേക്കാള്‍ നല്ല മനുഷ്യനാക്കി നാളേക്ക്‌ നമ്മെ പരിവര്‍ത്തിപ്പിക്കുന്നു.തിരുനബി(സ) പഠിപ്പിക്കുന്നു: ``ഒരാളെ അല്ലാഹു അനുഗ്രഹിക്കട്ടെ. അയാള്‍ രാത്രി എഴുന്നേറ്റ്‌ നമസ്‌കരിച്ചു. ശേഷം ഭാര്യയെ വിളിച്ചുണര്‍ത്തി. അങ്ങനെ അവളും എഴുന്നേറ്റ്‌ നമസ്‌കരിച്ചു. അവള്‍ ഉണരാന്‍ മടിച്ചാല്‍ അയാള്‍ അവളുടെ മുഖത്ത്‌ സ്‌നേഹത്തോടെ വെള്ളം കുടയും. ഒരു സ്‌ത്രീയെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവള്‍ രാത്രി എഴുന്നേറ്റ്‌ നമസ്‌കരിച്ചു. പിന്നീട്‌ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. അയാളും എഴുന്നേറ്റ്‌ നമസ്‌കരിച്ചു. അയാള്‍ ഉണരാന്‍ മടിക്കുമ്പോള്‍, അവള്‍ അയാളുടെ മുഖത്ത്‌ വെള്ളം കുടയുന്നു.'' (ഇമാം അഹ്‌മദ്‌ 7410)
``ഒരുമിച്ച്‌ പ്രാര്‍ഥിക്കുന്നവര്‍ ഒന്നിച്ച്‌ ജീവിക്കുന്നു'' എന്ന്‌ ഇംഗ്ലീഷിലൊരു പഴമൊഴിയുണ്ട്‌.

                    തഹജ്ജുദിന്റെ ശക്തിയും അനുഭൂതിയും തിരിച്ചറിയുന്ന ഒരാള്‍ ഒപ്പമുള്ളവരെയും ആ ആനന്ദം അനുഭവിപ്പിക്കുന്നു. പ്രാര്‍ഥിക്കുന്ന ഇണകളുടെ മക്കളും കുടുംബവും വീടും ആ പ്രാര്‍ഥനയുടെ ഫലം അനുഭവിക്കും. രാത്രി എഴുന്നേറ്റ്‌ നമസ്‌കരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഉപ്പയെയും ഉമ്മയെയും കാണുന്ന മക്കള്‍ക്ക്‌ വേറെ ഉപദേശങ്ങള്‍ അധികം വേണ്ടി വരില്ലല്ലോ. തിരുനബി(സ) ഉണര്‍ത്തുന്നു: ``നിങ്ങള്‍ രാത്രി നമസ്‌കാരം ശീലിക്കുവിന്‍. കാരണം നിങ്ങള്‍ക്കുമുമ്പുള്ള സജ്ജനങ്ങള്‍ അനുഷ്‌ഠിച്ചതാണത്‌. നിങ്ങളുടെ രക്ഷിതാവുമായി നിങ്ങളെ അടുപ്പിക്കുന്ന സല്‍ക്കര്‍മവും പാപങ്ങളെല്ലാം മാപ്പാക്കുന്ന നിമിഷവും തെറ്റുചെയ്യാനുള്ള മനസ്സിനെ തടയുന്നതുമാണത്‌.''(ഹാകിം 1:308)

                      അസ്‌മാഅ്‌ ബിന്‍ത്‌ യസീദി(റ)ല്‍ നിന്നുദ്ധരിക്കുന്ന മറ്റൊരു തിരുവചനം: ``അന്ത്യനാളില്‍ അല്ലാഹു മനുഷ്യരെയെല്ലാം ഒരു മൈതാനിയില്‍ ഒരുമിച്ചു കൂട്ടും. അപ്പോള്‍ ഒരു മലക്ക്‌ വിളിച്ചുപറയും: കിടപ്പറ വിട്ട്‌ രാത്രികാലങ്ങളില്‍ എഴുന്നേറ്റ്‌ നമസ്‌കരിച്ചവര്‍ എവിടെ? ആ നിമിഷം ഒരു കൂട്ടമാളുകള്‍ മുന്നോട്ടുവരും. അവര്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടാകൂ. അതാ, അവര്‍ വിചാരണയൊന്നുമില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു! അതിനു ശേഷം മറ്റുള്ളവരെ വിചാരണ ചെയ്യാന്‍ അല്ലാഹു കല്‌പിക്കുന്നു? (മിശ്‌കാത്തുല്‍ മസ്വാബീഹ്‌ 5565)
ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സാധിക്കുന്നതാണ്‌ തഹജ്ജുദ്‌. മനസ്സ്‌ അനുകൂലമായാല്‍ ശരീരവും അനുകൂലമാകും. റമദാന്‍ രാവുകള്‍ പ്രാര്‍ഥന കൊണ്ടും നമസ്‌കാരങ്ങള്‍ കൊണ്ടും നിറയ്‌ക്കുന്ന പലര്‍ക്കും റമദാനോടെ തീര്‍ന്നുപോകുന്നു അവയെല്ലാം. ഓരോ രാത്രിയും തഹജ്ജുദിലൂടെ കണ്ണീരൊഴുക്കി പ്രാര്‍ഥിക്കാന്‍ മാത്രം പാപങ്ങള്‍ ചെയ്‌തിട്ടും നമ്മുടെ രാത്രികള്‍ ആത്മാര്‍ഥമായ ഉറക്കത്തിനു മാത്രമായിരിക്കുന്നത്‌ എന്തു കഷ്‌ടം! സ്വര്‍ഗ പ്രവേശം ഉറപ്പായിട്ടു പോലും ഉമര്‍(റ) ഒരു രാത്രിപോലും തഹജ്ജുദ്‌ കൈവെടിഞ്ഞിരുന്നില്ല. അതേപ്പറ്റിയുള്ള ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``രാത്രിയില്‍ ഒരു പ്രത്യേക സമയമെത്തിയാല്‍ പിന്നെ ഞാന്‍ ഉണരും. തഹജ്ജുദ്‌ എന്റെ ശീലമാണ്‌. ഒരു നിമിഷം പോലും ഉറങ്ങാതെ നമസ്‌കരിച്ചു കൊണ്ടിരുന്നാല്‍ പോലും തീരാത്തത്ര നന്ദിയും കടപ്പാടുമുണ്ടെനിക്ക്‌ എന്റെ നാഥനോട്‌.''

                        ഇമാം ശാഫി(റ) പറയുന്നു: ``എന്റെ രാത്രിയെ ഞാന്‍ മൂന്നായി തിരിച്ചിരിക്കുന്നു. ആദ്യഭാഗം പഠനത്തിന്‌, മധ്യഭാഗം ഉറക്കത്തിന്‌, അവസാന ഭാഗം ആരാധനയ്‌ക്ക്‌.''
``രാത്രിയില്‍ അല്‌പം മാത്രം ഉറങ്ങുകയും രാവിന്റെ അന്ത്യയാമങ്ങളില്‍ പാപമോചനത്തിനായി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണവര്‍ (അദ്ദാരിയത്ത്‌ 17,18).
``സുജൂദ്‌ ചെയ്‌തും നമസ്‌കരിച്ചും രക്ഷിതാവിന്റെ സന്നിധിയില്‍ രാത്രി കഴിച്ചുകൂട്ടുന്നവരാണ്‌ പരമകാരുണികന്റെ യഥാര്‍ഥ അടിമകള്‍.'' (ഫുര്‍ഖാന്‍ 64). ``അവരുടെ പാര്‍ശ്വങ്ങള്‍ കിടപ്പറയില്‍ നിന്നുയരുന്നു. പേടിയും പ്രതീക്ഷയുമായി നാഥനോട്‌ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.''(അസ്സജദ 16)

                             രാത്രി നമസ്‌കാരത്തിന്‌ ഉണരാന്‍ മടിക്കുന്ന ഇണയെ വെള്ളം കുടഞ്ഞുണര്‍ത്തുന്ന രംഗം നോക്കൂ. ഇണകള്‍ക്കിടിയിലുണ്ടാവേണ്ട സ്‌നേഹപൂര്‍ണമായ ഗുണകാംക്ഷയുടെ അടയാളമാണത്‌. വെളിച്ചത്തിന്റെ വഴിയിലേക്ക്‌ മറ്റുള്ളവരെ നയിക്കേണ്ട വെറുപ്പും വിദ്വേഷവുമുള്ള വാക്കുകളോ പ്രവര്‍ത്തിയോ കൊണ്ടല്ല; കാരുണ്യത്തോടെയുള്ള നയങ്ങളും സമീപനങ്ങളും കൊണ്ടാണതെന്ന്‌ ഇതില്‍ നിന്ന്‌ പഠിക്കാം. തഹജ്ജുദിലേക്കുണരാത്തവര്‍ പിശാചിന്‌ കീഴ്‌പ്പെട്ട്‌ കിടക്കുന്നവരാണെന്ന്‌ തിരുനബി പറഞ്ഞിട്ടുണ്ട്‌. അഥവാ തോറ്റുപോയവര്‍. സ്വയമൊന്ന്‌ വിലയിരുത്തിനോക്കൂ; 
ഞാന്‍ ജയിച്ചയാളോ തോറ്റയാളോ?