ഇങ്ങനെയൊരു സംഭവമുണ്ട്: ഓഫീസിലേക്ക് പോകാന്‍ ധൃതിയില്‍ ഒരുങ്ങുകയായിരുന്നു ഭര്‍ത്താവ്. അല്‍പസമയം പോലും അയാള്‍ക്ക് പാഴാക്കാനില്ല. അപ്പോഴാണ് തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്. അതിന്റെ അടപ്പ് അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ് അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്. അടുക്കളയില്‍ ജോലിയില്‍ മുഴുകിയ ഭാര്യയെ വിളിച്ച് ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്‍ മോന്‍ അതെടുക്കും'' എന്ന് പറഞ്ഞ്, മോനെപ്പിടിച്ച് ചുംബനം നല്‍കി ഓഫീസിലേക്കോടി.
ജോലിത്തിരക്കില്‍ കുപ്പിയുടെ കാര്യം അവള്‍ മറന്നു. കുറച്ചുനേരം കഴിഞ്ഞ് ചെന്നുനോക്കിയപ്പോഴതാ, കുപ്പിയിലെ മരുന്നു മുഴുവന്‍ കഴിച്ച് അവരുടെ പിഞ്ചോമന ബോധരഹിതനായി കിടക്കുന്നു! പരിഭ്രാന്തയായ അവള്‍ അയല്‍ക്കാരെ വിളിച്ച് ആശുപത്രിയിലേക്കോടി. വിദഗ്‌ധ ചികിത്സ തന്നെ ഡോക്‌ടര്‍മാര്‍ നല്‍കിയെങ്കിലും ആ ഓമനപ്പൈതലിനെ രക്ഷിക്കാനായില്ല. പേടിയും ആധിയും നിറഞ്ഞ മനസ്സോടെ ഭര്‍ത്താവ് ആശുപത്രിയിലെത്തിയപ്പോഴേക്ക് ഓമനപ്പൈതല്‍ മരണപ്പെട്ടു. ആരെയും കാത്തുനില്‍ക്കാതെ ജീവിതത്തില്‍ നിന്നു മടങ്ങിയ ആ ഓമനപ്പൈതലിന്റെ കുഞ്ഞുശരീരവുമായി ഐസിയുവില്‍ നിന്ന് പുറത്തേക്ക് വരുന്ന ഭര്‍ത്താവിന്റെ മനസ്സില്‍ നിറയെ എന്തായിരിക്കും? ഭയംകൊണ്ട് ചുവന്ന മുഖമാണ് ആ ഭാര്യക്ക്. അവളിതുവരെ കരഞ്ഞിട്ടില്ല. തന്റെ അശ്രദ്ധകൊണ്ടുണ്ടായ ദുരന്തമാണല്ലോ എന്ന ചിന്തയാണ് അവളില്‍ നിറയെ. ഭര്‍ത്താവിന്റെ പ്രതികരണമെന്തായിരിക്കുമെന്ന ആധിയില്‍ അവള്‍ നിര്‍വികാരയായി പുറത്തുനില്‍ക്കുന്നു!എന്തായിരിക്കും അയാളുടെ പ്രതികരണം?
അയാള്‍ കുഞ്ഞിന്റെ മൃതശരീരം കൈയില്‍ വെച്ച് അവളെ നോക്കി. അയാള്‍ ഇത്രമാത്രം പറഞ്ഞു: `I love you darling'' -ഞാനിപ്പോഴും നിന്നെ സ്‌നേഹിക്കുന്നു. ഇത് കേട്ടപ്പോള്‍ അവള്‍ കരഞ്ഞു. കുഞ്ഞിന്റെ മരണത്തിലുള്ള വേദന മാത്രമായിരുന്നില്ല ആ കണ്ണീര്‍. മറിച്ച്, ഭര്‍ത്താവിന്റെ നിലയ്‌ക്കാത്ത സ്‌നേഹത്തിന്റെ ആഴങ്ങളെ തിരിച്ചറിഞ്ഞപ്പോഴുള്ള ആനന്ദം കൂടിയായിരുന്നു അത്.
****
സ്‌നേഹപൂര്‍വം പ്രിയങ്കരിയായ ആഇശക്ക് തിരുനബി(സ) സമ്മാനിച്ച പായസം നിമിഷനേരത്തെ അരിശംകൊണ്ട് ആഇശ(റ) തട്ടിക്കളഞ്ഞു. പാത്രം ചിന്നിച്ചിതറി, പായസം നിലത്തൊഴുകി.അരിശം അണപൊട്ടിയൊഴുകാന്‍ സാധ്യതയേറെയുണ്ടായിട്ടും പ്രണയാര്‍ദ്രമായ ഹൃദയത്തോടെ ക്ഷമയുടെ പ്രവാചകന്‍ ഇത്രമാത്രം പറഞ്ഞു: ``ഉമ്മുല്‍ മുഅ്‌മിനീന്‍ ഇന്നെന്തോ ദേഷ്യത്തിലാണല്ലേ?''
****
കേരളത്തിലെ പ്രശസ്‌തനായ കാന്‍സര്‍ ചികിത്സകന്‍ ഡോ. വി പി ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം അതിമനോഹരമായ പുസ്‌തകമാണ്. ഡോക്‌ടറുടെ ചികിത്സാനുഭവങ്ങളുടെ ഡയറി എന്നതിലേറെ, മനുഷ്യസ്‌നേഹത്തിന്റെ പാഠപുസ്‌തകമാണത്. അതിലൊരു സംഭവമുണ്ട്.
കാന്‍സര്‍ ബാധിച്ച ഒരു യുവതി ഡോക്‌ടറുടെ അടുത്തെത്തി. വിദഗ്‌ധ പരിശോധനയ്‌ക്കു ശേഷം രോഗം ഗുരുതരമാണെന്ന് വിലയിരുത്തി. വമ്പിച്ച സാമ്പത്തിക ബാധ്യത വരുന്ന ചികിത്സയാണ് വേണ്ടത്. പക്ഷേ, ആ കുടുംബത്തിന് ചെലവ് താങ്ങാന്‍ സാധിക്കാതെ ചികിത്സക്കു നില്‍ക്കാതെ സങ്കടത്തോടെ വീട്ടിലേക്ക് തിരിച്ചുപോയി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു യുവാവ് ഡോക്‌ടറെത്തേടിയെത്തി. മുമ്പ് വന്ന ആ യുവതിയുടെ ഭര്‍ത്താവാണയാള്‍. ഗള്‍ഫില്‍ നിന്ന് വന്നതാണ്. പരിചയപ്പെടുത്തലിനു ശേഷം അയാള്‍ പറഞ്ഞതിങ്ങനെ:
``ഡോക്‌ടര്‍, ഞങ്ങള്‍ വിവാഹിതരായിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. അല്‍പം ദിവസങ്ങള്‍ മാത്രമേ ഞങ്ങള്‍ ഒന്നിച്ച് കഴിഞ്ഞിട്ടുള്ളൂ. ഗുരുതരമായ രോഗമാണ് അവള്‍ക്കിപ്പോള്‍ ബാധിച്ചിരിക്കുന്നത്. എന്തു ചെയ്യണെന്ന് ഞാന്‍ കുറെ ആലോചിച്ചു. അവളെ ഒഴിവാക്കിയാല്‍ ആരുമെന്നെ കുറ്റപ്പെടുത്തില്ലെന്ന് എനിക്കറിയാം. പക്ഷേ, എന്തുവന്നാലും ഞാനവളെ ചികിത്സിക്കും. മരിക്കുകയാണെങ്കില്‍ സന്തോഷത്തോടെ മരിപ്പിക്കും. ജീവിക്കുകയാണെങ്കില്‍ പൂര്‍ണാരോഗ്യം വരെ ചികിത്സിക്കും. മരുഭൂമിയില്‍ രാവും പകലും അധ്വാനിക്കേണ്ടിവന്നാലും പണമുണ്ടാക്കി ഞാനവളെ ചികിത്സിക്കും.''
തിരിച്ചുപോയ അയാള്‍ ഡോക്‌ടറുടെ അക്കൗണ്ടിലേക്ക് പണമയച്ചുകൊണ്ടിരുന്നു. വിദഗ്‌ധ ചികിത്സകള്‍ക്കൊടുവില്‍ അവള്‍ സുഖം പ്രാപിച്ചുതുടങ്ങി. പൂര്‍ണാരോഗ്യം കൈവരിച്ച ശേഷം പഠനം തുടര്‍ന്നു. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യുന്നു.
ഇത്രയും എ ഴുതിയ ശേഷം ഡോക്‌ടര്‍ പറയുന്നു: ``കൈപിടിക്കാനൊരാള്‍ ഉണ്ടെങ്കില്‍ എത്ര വലിയ ആപത്തില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുമെന്ന് എനിക്ക് മനസ്സിലായി.''
ഉള്ളു നിറഞ്ഞുതുളുമ്പുന്ന സ്‌നേഹത്തിന്റെ മികച്ച സാക്ഷ്യമാണീ സംഭവങ്ങള്‍. വൈവാഹിക ബന്ധം ഈടും ഉറപ്പുമുള്ള പ്രണയമായും ആത്മബന്ധമായും തെളിയുന്ന തിളക്കമുണ്ട് ഈ അനുഭവങ്ങളില്‍.
ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥ അറിഞ്ഞുള്ള പെരുമാറ്റമാണ് ഇണകളില്‍ ഒരാള്‍ക്കെങ്കിലുമുള്ളതെങ്കില്‍ അതാണ് വിവാഹജീവിതത്തിന്റെ വിജയം. കണ്ണികള്‍ അഴിഞ്ഞുകിടക്കുന്ന ചങ്ങല കാണാന്‍ ഭംഗിയില്ലല്ലോ. എന്നാല്‍ ഒന്നിനോടൊന്ന് കോര്‍ത്തു കെട്ടിയാല്‍ എത്ര രസമാണ്, എന്തൊരു ശക്തിയാണ്! ഇണയും തുണയുമാകുന്ന ബന്ധത്തിലാണ് സുഖവും ശക്തിയും.