മനസ്സ്‌ പിടയുന്നുണ്ടോ?

                             പഴയ വസ്‌തുക്കള്‍ വില്‍ക്കുന്ന കടയില്‍ എല്ലാം വിറ്റുപോയിട്ടും പഴയൊരു വീണ മാത്രം ആര്‍ക്കും വേണ്ടാതെ ബാക്കിയായി. പൊടിപിടിച്ച്‌, തന്ത്രികളെല്ലാം പൊട്ടിത്തകര്‍ന്ന വീണ ആര്‍ക്കും ആവശ്യമില്ല. ലേലം കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞുപോകാന്‍ തുടങ്ങിയപ്പോള്‍ ഒരു വൃദ്ധന്‍ കടയിലേക്ക്‌ കേറിവന്നു. വീണയെടുത്ത്‌ പൊടി തട്ടിക്കളഞ്ഞ്‌ തന്ത്രികള്‍ ശരിയായ വിധം ചേര്‍ത്തുകെട്ടി അയാള്‍ വീണ വായിക്കാന്‍ തുടങ്ങി. ശ്രുതിമധുരമായ ഈണം! സ്വരസുന്ദരമായ വീണവായന കേട്ടപ്പോള്‍ പിരിഞ്ഞു പോകാനൊരുങ്ങിയവര്‍ തരിച്ചുനിന്നു. അദ്ദേഹത്തിനു ചുറ്റും ആളുകള്‍ കൂടിക്കൊണ്ടേയിരുന്നു. അവര്‍ വീണയ്‌ക്ക്‌ വിലപറയാന്‍ തുടങ്ങുന്നു.. ആയിരം.. പതിനായിരം..?ഉപയോഗശൂന്യമെന്ന്‌ കരുതുന്ന പലതും ഉപകാരപ്രദമാക്കാന്‍ നമുക്ക്‌ കഴിയും. എങ്കില്‍ തകര്‍ന്ന മനസ്സുകളേയും പ്രതീക്ഷയറ്റ മനുഷ്യരേയും പാപികളായിപ്പോയ സഹോദരങ്ങളേയും നേരും നന്മയുമുള്ള ജീവിതത്തിലേക്ക്‌ തിരിച്ചുവിളിക്കാനാണ്‌ ശ്രദ്ധകൊടുക്കേണ്ടത്‌.

           പാഴായിപ്പോകുന്ന സ്വന്തം സമയത്തേയും ജീവിതത്തേയും കടുത്ത ആത്മവിമര്‍ശനത്തിനു വിധേയമാക്കും പോലെ, പിഴച്ചു പോകുന്ന മറ്റുള്ളവരെ തിരിച്ചുവിളിക്കേണ്ട ബാധ്യതയും നമ്മുടേതു തന്നെയാണ്‌. പ്രതീക്ഷ നല്‍കുന്ന പുണ്യവചനങ്ങളുടെ സമാഹാരമാണ്‌ വിശുദ്ധ ഖുര്‍ആന്‍. എന്തും എത്രയും പൊറുക്കാനും മറക്കാനും മാപ്പാക്കാനും തയ്യാറുള്ള ദയാലുവായ രക്ഷിതാവിനെയാണ്‌ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌. ഹൃദയം നൊന്തുള്ള പശ്ചാതാപത്തില്‍ ഉരുകിത്തീരാത്ത ഒരു പാപവുമില്ല. `ഭൂമി നിറയെ' പാപം ചെയ്‌തുവെങ്കിലും പരിഹരിക്കാനുള്ള മാര്‍ഗമുണ്ടെന്ന്‌ കാരുണ്യവാന്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നു. ഈ പ്രതീക്ഷ സ്വയം വെച്ചുപുലര്‍ത്തുന്നതോടൊപ്പം, കൂടെയുള്ളവര്‍ക്ക്‌ ചൊരിഞ്ഞ്‌ കൊടുക്കേണ്ടവര്‍ കൂടിയാണു നാം. 

               വിശുദ്ധ ഖുര്‍ആന്‍ സൂറത്തുന്നിസാഇല്‍ (വചനം 31) അല്ലാഹുവിന്റെ അഗാധമായ സ്‌നേഹത്തെയാണു പ്രകടിപ്പിക്കുന്നത്‌. തിന്മകളിലേക്ക്‌ പിഴച്ചുപോയ മനുഷ്യരെ കൈപ്പിടിച്ചുയര്‍ത്തുന്ന ആനന്ദവചനം ; `നിങ്ങളോട്‌ വിരോധിച്ച മഹാപാപങ്ങള്‍ ചെയ്യാതിരുന്നാല്‍ നിങ്ങളുടെ തിന്മകള്‍ മായ്‌ച്ചുകളയുകയും വിശിഷ്‌ഠമായ സ്ഥാനത്ത്‌ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും `സര്‍വ ചരാചരങ്ങളിലും പടര്‍ന്നിരിക്കുന്ന അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച്‌ ഒരിക്കലും നിരാശ വേണ്ടെന്ന്‌ വീണ്ടും വീണ്ടും ഖുര്‍ആന്‍ ഉണര്‍ത്തുന്നു.

               ഖേദത്തോടെ നന്മയിലേക്കും സദാചാരത്തിലേക്കും തിരിച്ചുവരുന്നവരെ അല്ലാഹുവിന്‌ ഒരുപാടിഷ്ടമാണെന്ന്‌ പറഞ്ഞുതരുന്നു. അകം നിറഞ്ഞ ഖേദത്തോടെയുള്ള പ്രാര്‍ഥനയില്‍ മഹാപാപങ്ങള്‍ പോലും മായ്‌ക്കപ്പെടുമെന്ന്‌ സ്വഹാബികളുടെ വിശ്രുത ചരിത്രത്തില്‍ നിന്ന്‌ നാം പഠിക്കുന്നു. ദയാലുവായ നാഥനെ മറന്ന്‌ ബഹുദൈവ ചിന്തയിലേക്ക്‌ വഴിതെറ്റിയവരും മദ്യവും ലഹരിയും അധാര്‍മികതയുമെല്ലാം ജീവിതശീലമായിരുന്നവര്‍ പശ്ചാതാപത്തിന്റെ പുണ്യവിശുദ്ധിയോടെ തിരിച്ചുവന്നപ്പോള്‍ കൃപാലുവായ അല്ലാഹു അവര്‍ക്കെല്ലാം സത്യമതത്തിലേക്ക്‌ വാതില്‍ തുറന്നിട്ടു.

             പ്രാര്‍ഥനമാത്രമല്ല, മനുഷ്യോപകാര പ്രവര്‍ത്തനങ്ങളും കരുണയുള്ള ജീവിതവും പശ്ചാതാപത്തിന്റെ വഴികളാണെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌. എങ്ങനെ പശ്ചാത്തപിക്കണമെന്ന്‌ ഒരു ഗ്രാമീണന്‍ ഖലീഫ അലിയോടു ചോദിച്ചു. ഉത്തരം ഇങ്ങനെയായിരുന്നു:
`ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ.

(1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക,
(2) നഷ്ടപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക,
(3) ആര്‍ക്കെങ്കിലും വല്ലതും നല്‌കാന്‍ ബാധ്യതയുണ്ടെങ്കില്‍ തിരിച്ചുകൊടുക്കുക,
(4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക,
(5) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ ലയിപ്പിക്കുക.
(6) അല്ലാഹുവിനുള്ള അനുസരണയുടെ കയ്‌പ്‌ അതിനെ അനുഭവിപ്പിക്കുക.

              സംഭവിച്ച കളങ്കങ്ങളെ തുടച്ചുകളഞ്ഞ്‌, തെളിച്ചം വരുത്തലാണ്‌ തൗബയുടെ വഴി. സര്‍വ വാതിലുകളും അടഞ്ഞാലും തൗബയുടെ വാതില്‍ തുറന്നുകിടക്കും. നമ്മുടെ പശ്ചാതാപം കാത്ത്‌ കൈനീട്ടിയിരിക്കുകയാണ്‌ ദയാലുവായ അല്ലാഹു. ഹൃദയത്തിന്റെ അടപ്പുകള്‍ തുറന്ന്‌, എല്ലാം ഏറ്റുപറഞ്ഞ്‌ മടങ്ങാനുള്ള വഴിയാണത്‌.

                   മധ്യസ്ഥന്മാരില്ലാതെ, മനസ്സുതുറക്കാനുള്ള മഹാസന്നിധിയാണ്‌ അല്ലാഹുവിന്റേത്‌. പാപിയേയും പരിശുദ്ധനേയും സ്‌നേഹത്തോടെ ഉള്‍ക്കൊള്ളുന്ന അലിവിന്റെ ആകാശം. ആരെയും അവഗണിക്കുന്നില്ല, ഒന്നും തിരികെ ചോദിക്കുന്നില്ല, പാപങ്ങളുടെ പേരില്‍ ഒന്നു മനസ്സു നൊന്താല്‍ മതി, എല്ലാം മായ്‌ക്കപ്പെടും. ഒന്ന്‌ കണ്ണു നനഞ്ഞാല്‍ മതി,എല്ലാം മാഞ്ഞുപോകും.

എവിടെ വെച്ചും എപ്പോഴും അടുക്കാന്‍ കഴിയുന്ന ആ സ്‌നേഹനാഥനോടുള്ള നമ്മുടെ ബന്ധം എത്രയുണ്ടെന്ന്‌ നിരന്തരമായി നാം പുനര്‍വിചാരം നടത്തണം. സുജൂദില്‍ നിന്ന്‌ ഉയരാനാകാത്തത്രയും പാപങ്ങള്‍ ചെയ്‌തുകൂട്ടിയിട്ടും എന്തേ എന്റെയും നിങ്ങളുടേയും പ്രാര്‍ഥനയുടെ സമയമിത്രയും കുറഞ്ഞുപോകുന്നത്‌..?.ഓരോ ദിവസത്തേയും പ്രാര്‍ഥനാ നേരങ്ങളില്‍ ഒരിക്കലെങ്കിലും മനസ്സൊന്ന്‌ പിടയുന്നുണ്ടോ.