ഇതിലേതാണ് നമ്മള്‍?


1). നാവും ഹൃദയവുമുള്ളവരാണ്‌ ഒന്നാമത്തെ വിഭാഗം. ബുദ്ധിഹീനരും ദൈവബോധമില്ലാത്തവരും സദ്‌ഗുണ വിഹീനരുമായിരിക്കും ഇവര്‍. വൈക്കോല്‍ തുരുമ്പിനെക്കാള്‍ ഹീനരായ ഇക്കൂട്ടരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ അവരെ പരിഗണിക്കുകയോ ഉപചരിക്കുകയോ ചെയ്യരുതെന്ന്‌ അദ്ദേഹം നിര്‍ദേശിക്കുന്നു. ദൈവികകോപത്തിന്നും ശിക്ഷക്കും അര്‍ഹരായ ഇവര്‍ നരകവാസികളായിരിക്കുമെന്നും അവരില്‍ ഉള്‍പ്പെട്ടു പോകുന്നത്‌ സൂക്ഷിക്കണമെന്നും അദ്ദേഹം താക്കീത്‌ ചെയ്യുന്നു.
എന്നാല്‍, ദൈവിക മാര്‍ഗത്തിലേക്കുള്ള പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണല്ലോ. അതിനാല്‍, ദൈവികാജ്ഞകള്‍ അനുസരിച്ച്‌ ജീവിക്കാന്‍ ഇവരെ ക്ഷണിക്കാനും പാപകൃത്യങ്ങളില്‍ നിന്നകന്നു നില്‍ക്കാന്‍ ആജ്ഞാപിക്കാനും ശ്രദ്ധിക്കേണ്ടതാണ്‌. തദ്വാരാ, വിശ്വാസി ദൈവിക മാര്‍ഗത്തിലെ ഒരു പോരാളിയായി മാറുകയും ദൈവിക ദൂതന്മാര്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലത്തിന്‌ അര്‍ഹനായി തീരുകയും ചെയ്യുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. `നീ മുഖേന ഒരാളെ അല്ലാഹു മാര്‍ഗദര്‍ശനം നടത്തുന്നത്‌, സൂര്യോദയം നടക്കുന്ന ദിവസത്തെക്കാള്‍ നിനക്ക്‌ ഉത്തമമായി'രിക്കുമെന്ന്‌, തിരുമേനി അലിയോട്‌ അരുളിയതായി ഹദീസില്‍ വന്നിട്ടുണ്ടല്ലോ.


2). നാവുള്ളതോടൊപ്പം ഹൃദയമില്ലാത്തവരാണ്‌ രണ്ടാമത്തെ വിഭാഗം. ഇവര്‍ ഉപദേശിക്കും, പക്ഷെ, സ്വയം അത്‌ ഉള്‍ക്കൊള്ളുകയില്ല; അല്ലാഹുവിലേക്ക്‌ ജനങ്ങളെ ക്ഷണിക്കും, സ്വയം അല്ലാഹുവില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്യും. അന്യരുടെ ദോഷങ്ങള്‍ പഴിക്കും, അതേ ദോഷങ്ങള്‍ തങ്ങളില്‍ കുടിയിരുത്തുകയും ചെയ്യും; പൊതുജന ദൃഷ്‌ടിയില്‍ വിശുദ്ധരായിരിക്കും, സ്വകാര്യജീവിതത്തില്‍ പാപങ്ങളാല്‍ ദൈവിക ശത്രുക്കളുമായിരിക്കും. `എന്റെ അനുയായികളില്‍ ഞാനേറ്റവും ഭയപ്പെടുന്നത്‌ ദുഷ്‌ടപണ്ഡിതരെയാണെന്നും, അധരജ്ഞരായ കപടന്മാരെയാണെന്നും പ്രവാചകന്‍ അരുളിയത്‌ ഇക്കൂട്ടരെ കുറിച്ചാണ്‌.
ഇത്തരം പണ്ഡിതന്മാരില്‍ നിന്നും അല്ലാഹുവില്‍ ശരണംതേടിയ അദ്ദേഹം, ഇവരുടെ മധുര വചനങ്ങള്‍ ആകര്‍ഷിക്കുകയും, പാപാഗ്‌നി കത്തിക്കുകയും, പാപപങ്കില ഹൃദയം ഹനിക്കുകയും ചെയ്യുന്നതാകയാല്‍, ഇവരോട്‌ സമ്പര്‍ക്കം പുലര്‍ത്തുന്നതിനെതിരെ താക്കീത്‌ നല്‍കുകയും ചെയ്യുന്നു.


3). ഹൃദയമുണ്ടെങ്കിലും നാവില്ലാത്തവരാണ്‌ മൂന്നാമത്തെ വിഭാഗം. അല്ലാഹു ഇതര സൃഷ്‌ടികളില്‍ നിന്നും ഇവരെ തെരഞ്ഞെടുക്കുകയും ചുറ്റും അവന്റെ തിരശ്ശീല തൂക്കിയിടുകയും ചെയ്യും. ആത്മദോഷം കണ്ടെത്താനല്ല, ജ്ഞാനം നല്‍കി അവരുടെ ഹൃദയം പ്രഭാപൂരിതമാക്കും. മൗനത്തിലും ഏകാന്തതയിലുമാണ്‌ സുരക്ഷ എന്ന്‌ ഇവര്‍ വിശ്വസിക്കുന്നു. `മൗനി രക്ഷപ്പെട്ടു'വെന്നാണല്ലോ പ്രവാചക വചനം. `അല്ലാഹുവിന്‌ നല്‍കുന്ന സേവനത്തില്‍, പത്തില്‍ ഒമ്പത്‌ ഭാഗവും മൗനത്തിലാണ്‌ നിലകൊള്ളുന്നതെന്ന്‌' ഒരു തിരുവചനത്തില്‍ വന്നിരിക്കുന്നു.
ഇവര്‍ ദൈവമിത്രങ്ങളാണ്‌; ധിഷണാ സമ്പന്നരാണ്‌; സുരക്ഷിതരും അനുഗൃഹീതരുമാണ്‌; മനം നിറഞ്ഞവരാണ്‌. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും, ഇവര്‍ക്ക്‌ സേവനം ചെയ്‌തുകൊടുക്കണമെന്നും, ഇവരുടെ പ്രീതി സമ്പാദിക്കാന്‍ ശ്രദ്ധിക്കണമെന്നും, അതുവഴി ദൈവികപ്രീതി സമ്പാദിക്കാനും, ദൈവമിത്രങ്ങളിലും സച്ചരിതരിലും ഭക്തരിലും ഉള്‍പ്പെടാനും തദ്വാരാ, മഹത്തായ അനുഗ്രഹങ്ങള്‍ക്ക്‌ പാത്രമാകാനും കഴിയുമെന്നും ശൈഖ്‌ ഉപദേശിക്കുന്നു.


4). ജ്ഞാനം നേടുകയും അത്‌ അനുഷ്‌ഠിക്കുകയും മറ്റുള്ളവര്‍ക്ക്‌ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നവരാണ്‌ നാലാമത്തെ വിഭാഗം. ജ്ഞാനം നേടുകയും അത്‌ അനുഷ്‌ഠിക്കുകയും മറ്റുള്ളവര്‍ക്ക്‌ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നവര്‍ മഹത്വത്തിലെക്ക്‌ ഉയര്‍ത്തപ്പെടുകയും അദൃശ്യ ലോകത്തേക്ക്‌ ക്ഷണിക്കപ്പെടുകയും ചെയ്യുമെന്ന്‌ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്‌.
ദിവ്യജ്ഞരും ദിവ്യരഹസ്യം ലഭിച്ചവരുമായ ഇവരെ അല്ലാഹു തന്നിലേക്കാകര്‍ഷിക്കുകയും തനിക്കഭിമുഖമായി നിറുത്തുകയും ചെയ്യും. ഇവരുടെ ഹൃദയം അല്ലാഹു വികസിപ്പിക്കും; തന്റെ പാതയിലെ പ്രവര്‍ത്തകരായി ഇവരെ മാറ്റും; അങ്ങനെ നല്ലത്‌ കല്‍പിക്കുകയും തിയ്യത്‌ നിരോധിക്കുകയും ചെയ്യുന്ന പ്രബോധകരായിരിക്കും ഇവര്‍. മനുഷ്യത്വത്തിന്റെ ആത്യന്തിക വളര്‍ച്ച നേടിയ പരിപൂര്‍ണ്ണ മനുഷ്യരാണിവര്‍. പ്രവാചകത്വത്തിന്റെ നേരെ താഴെയുള്ള പദവിയത്രെ ഇത്‌.

`ഇവരില്‍ അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കട്ടെ' എന്ന്‌ പ്രാര്‍ത്ഥിച്ച ശൈഖ്‌, വിശ്വാസികളെ ഉപദേശിക്കുകയാണ്‌:
ഇവരെ ധിക്കരിക്കരുത്‌; വെറുക്കരുത്‌; ഇവരില്‍ നിന്ന്‌ അകന്നു കളയരുത്‌; എതിര്‍ക്കരുത്‌; ഇവരുടെ വാക്കുകളും ഉപദേശങ്ങളും ചെവി കൊള്ളണം; അവരുമായുള്ള സമ്പര്‍ക്കത്തിലും അവരുടെ വചനങ്ങളിലുമാണ്‌ രക്ഷ നിലകൊള്ളുന്നത്‌. 


നാലു തരം മനുഷ്യരുടെ വകഭേദങ്ങള്‍ വിവരിച്ച ശേഷം ശൈഖ്‌ പറയുകയാണ്‌: മനുഷ്യന്റെ നാലു വകഭേദങ്ങള്‍ നിന്റെ മുമ്പില്‍ ഞാന്‍ അവതരിപ്പിച്ചു കഴിഞ്ഞു. നിനക്ക്‌ വകതിരിവും ആത്മ സ്‌നേഹവും ആത്മ രക്ഷാ കാംക്ഷയുമുണ്ടെങ്കില്‍, ഇവയുടെ വെളിച്ചത്തില്‍ ആത്മ പരിശോധന നടത്തുക നിന്റെ ബാധ്യതയാണ്‌. അല്ലാഹു ഇഷ്‌ടപ്പെടുന്ന മാര്‍ഗത്തിലൂടെ നയിച്ച്‌, ഇഹത്തിലും പരത്തിലും അവന്‍ നമ്മെ കടാക്ഷിക്കട്ടെ.