നമ്മളും ഇങ്ങനെ ആഗ്രഹിച്ചുപോകും!


ഹിജ്‌റ പത്തൊമ്പത്‌; ഖലീഫ ഉമറിന്റെ ഭരണകാലം. റോമന്‍ വെല്ലുവിളി നേരിടാനായി ഉമര്‍ സൈന്യത്തെ നിയോഗിച്ചു. അബ്ദുല്ലാഹിബ്‌നു ഹുദാഫയുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. മുസ്‌ലിംകള്‍ വിജയം നേടിയെങ്കിലും ഇബ്‌നുഹുദാഫ ശത്രുക്കളുടെ കയ്യില്‍ പെട്ടു. അദ്ദേഹത്തെ റോമന്‍ രാജാവ്‌ സീസറിന്റെ മുന്നില്‍ ഹാജരാക്കി.

രാജാവ്‌ ഏറെ നേരം ഇബ്‌നുഹുദാഫയുടെ മുഖത്തേക്ക്‌ തുറിച്ചുനോക്കി. എന്നിട്ടിങ്ങനെ പറഞ്ഞു; ``നീ ക്രിസ്‌ത്യാനിയാവുക. എന്നാല്‍ ഞാന്‍ നിന്നെ വിട്ടയക്കാം, ആദരിക്കാം.''

``താങ്കള്‍ ആവശ്യപ്പെട്ടതിനേക്കാള്‍ മരണമാണ്‌ എനിക്ക്‌ പ്രിയങ്കരം'' -ഇബ്‌നുഹുദാഫയുടെ മറുപടി പെട്ടെന്നായിരുന്നു.

``ഓഹോ, നീ ധീരനാണല്ലോ. എന്നെ അനുസരിച്ചാല്‍ നിന്നെ ഞാന്‍ അധികാരത്തില്‍ പങ്കാളിയാക്കാം.''

``താങ്കളുടെയും അറബികളുടെയും അധികാരവും ആധിപത്യവുമൊന്നാകെ തളികയിലാക്കി തന്നാലും ഞാന്‍ മുഹമ്മദിന്റെ മാര്‍ഗത്തില്‍ നിന്ന്‌ പിന്മാറില്ല; ഒരു നിമിഷത്തേക്ക്‌ പോലും.''

``എങ്കില്‍ നിന്നെ ഞാന്‍ കൊല്ലും.''

``അതൊക്കെ താങ്കളുടെ ഇഷ്‌ടമല്ലേ.''

``ഇയാളെ കുരിശിലേറ്റുക!''

കോപാന്ധനായ സീസറിന്റെ കല്‍പന. കിങ്കരന്മാര്‍ ഇബ്‌നുഹുദാഫയെ വലിച്ചിഴച്ചു.
``ഇയാളുടെ ശരീരത്തില്‍ തട്ടാത്ത വിധം ചുറ്റും അമ്പുകള്‍ ചെന്നു തറയ്‌ക്കട്ടെ. അയാളൊന്ന്‌ പേടിക്കട്ടെ!.''

പക്ഷേ, അതിലൊന്നും ആ സത്യവിശ്വാസി പതറിയില്ല.

ആ ഭീഷണി ഫലിക്കുന്നില്ലെന്ന്‌ കണ്ടപ്പോള്‍, അതിലും കഠിനമായ ശിക്ഷക്ക്‌ കളമൊരുങ്ങി. വലിയൊരു ചെമ്പില്‍ എണ്ണ തിളപ്പിക്കാന്‍ രാജാവിന്റെ കല്‌പന. മറ്റൊരു തടവുകാരനെ കൊണ്ടുവന്ന്‌ എണ്ണയിലേക്കെറിഞ്ഞു. അയാള്‍ തിളയ്‌ക്കുന്ന എണ്ണയില്‍ പൊരിഞ്ഞുകൊണ്ടിരിക്കുന്നത്‌ ഇബ്‌നുഹുദാഫ സങ്കടത്തോടെ കണ്ടുനിന്നു.

``ഇപ്പോള്‍ നീ എന്തു പറയുന്നെടോ?''

``നേരത്തെ പറഞ്ഞതു മാത്രമേ എനിക്കുള്ളൂ.''

ഒടുവില്‍ ഇബ്‌നുഹുദാഫയെയും എണ്ണയിലേക്കെറിയാന്‍ കല്‍പ്പനയുണ്ടായി. തിളച്ചുമറിയുന്ന എണ്ണച്ചെമ്പിന്റെ അരികിലെത്തിയപ്പോള്‍ ഇബ്‌നുഹുദാഫ പൊട്ടിക്കരഞ്ഞു. ഇതു കണ്ടപ്പോള്‍ സീസര്‍ വീണ്ടും അദ്ദേഹത്തെ അരികില്‍ വിളിച്ചു. ക്രിസ്‌തുമതം സ്വീകരിക്കാന്‍ തയ്യാറുണ്ടോ എന്ന്‌ വീണ്ടും ചോദിച്ചു. ഒരിക്കലും തയ്യാറല്ലെന്ന്‌ ഇബ്‌നുഹുദാഫ ആവര്‍ത്തിച്ചു.

``നാശം! പിന്നെന്തിനാ നീ കരഞ്ഞത്‌?''

``ഞാന്‍ കരഞ്ഞത്‌ മരണം പേടിച്ചിട്ടല്ല. ഈ എണ്ണയില്‍ കിടന്ന്‌ പൊരിയാന്‍ എനിക്കൊരു ശരീരമല്ലേയുള്ളൂ എന്നതാണെന്റെ സങ്കടം. എന്റെ മേനിയിലുള്ള രോമങ്ങളുടെ അത്ര ശരീരങ്ങള്‍ എനിക്കുണ്ടാവുകയും അവയൊക്കെയും എണ്ണയില്‍ കിടന്ന്‌ പൊരിഞ്ഞ്‌ രക്തസാക്ഷിത്വം നേടാന്‍ അവസരം ലഭിക്കുകയും ചെയ്‌തിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ കൊതിച്ചുപോയി. അതോര്‍ത്താണ്‌ ഞാന്‍ കരഞ്ഞത്‌...''

ഇതുകേട്ട സീസര്‍ ആ യുവാവിനെ ആശ്ചര്യത്തോടെയൊന്ന്‌ നോക്കി, എന്നിട്ടിങ്ങനെ പറഞ്ഞു:

``എന്റെ ശിരസ്സില്‍ ചുംബിച്ചാല്‍ നിന്നെ ഞാന്‍ വിട്ടയക്കാം.''

``മുഴുവന്‍ മുസ്‌ലിം തടവുകാരെയും വിട്ടയക്കുമെങ്കില്‍ ഞാന്‍ ചുംബിക്കാം.''

സീസര്‍ അത്‌ സമ്മതിച്ചപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഹുദാഫ സീസറിന്റെ ശിരസ്സില്‍ ചുംബിച്ചു, മുഴുവന്‍ മുസ്‌ലിം തടവുകാരും അതോടെ മോചിതരായി. അവരെല്ലാം മദീനയിലെത്തിയപ്പോള്‍, വിവരമറിഞ്ഞ ഖലീഫ ഉമര്‍ ആഹ്ലാദത്തോടെ ഇങ്ങനെ നിര്‍ദേശിച്ചു:

``ഓരോ മുസ്‌ലിമും ഇബ്‌നുഹുദാഫയുടെ ശിരസ്സില്‍ ചുംബിക്കൂ, ഞാന്‍ തന്നെ അത്‌ ആദ്യം ചെയ്യട്ടെ!''

ശരിയെന്ന്‌ ബോധ്യമുള്ള മാര്‍ഗത്തില്‍ അനുഭവിക്കേണ്ടി വരുന്ന സങ്കടങ്ങളും പരീക്ഷണങ്ങളും അതിശയകരമായ സന്തോഷത്തോടെ സ്വീകരിച്ച ചരിത്രമാണ്‌ ധീരനായ ഇബ്‌നുഹുദാഫയുടേത്‌. അല്ലാഹുവിലേക്ക്‌ അടുക്കുംതോറും ജീവിതം ദുസ്സഹമായിത്തീരുമെന്നതാണ്‌ ചരിത്രം. സാമൂഹികമോ കുടുംബപരമോ വ്യക്തിപരമോ സാമ്പത്തികമോ ആയ പ്രതിസന്ധികള്‍ കടമ്പയായി അതിജയിക്കേണ്ടി വരാത്ത ഒരു വിശ്വാസിയുമില്ല. ഒരു ആദര്‍ശം സ്വീകരിച്ചതിന്റെ പേരില്‍ യാതൊരു തരത്തിലുമുള്ള പ്രയാസങ്ങളും അതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്നിട്ടില്ലെങ്കില്‍ അതിന്റെ അര്‍ഥം, ആ ആദര്‍ശം ചില ഒത്തുതീര്‍പ്പുകള്‍ക്ക്‌ പലപ്പോഴും വിധേയമാകുന്നുണ്ട്‌ എന്നു തന്നെയാണ്‌. ആരെയും പിണക്കാതെയും ആരുടെയും അനിഷ്‌ടമോ കോപമോ നേടാതെയും നല്ലൊരു ആദര്‍ശവാദിയാകാന്‍ എളുപ്പമല്ല. ആദര്‍ശത്തില്‍ ചില നേരങ്ങളില്‍ ഒത്തുതീര്‍പ്പും വിട്ടുവീഴ്‌ചയും വരുത്തുന്നവര്‍ സുരക്ഷിതരാണെന്ന്‌ സ്വയം കരുതാറുണ്ടെങ്കില്‍ അത്യന്തം ആപത്‌കരമായ അവസ്ഥയിലാണവര്‍.

ശരീരത്തെയും മനസ്സിനെയും അല്ലാഹുവിന്റെ മതത്തിനു വേണ്ടി മെരുക്കിയെടുക്കുന്നിടത്തും വിട്ടുവീഴ്‌ച ചെയ്യാന്‍ പാടില്ലാത്തവരാണ്‌ നമ്മള്‍. ദയാലുവായ അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തില്‍ ശരീരം അനുഭവിക്കുന്ന ക്ഷീണവും തളര്‍ച്ചയും സന്തോഷമായിത്തീരണം. മനസ്സ്‌ കൊതിക്കുന്ന പല നല്ല കാര്യങ്ങള്‍ക്കും ശരീരം തടസ്സം സൃഷ്‌ടിക്കാറുണ്ട്‌. നമസ്‌കാരത്തിനുള്ള യാത്രയും നോമ്പും ദാനവും തഹജ്ജുദുമെല്ലാം അക്കൂട്ടത്തിലുണ്ട്‌. ശരീരം കല്‍പ്പിക്കുന്ന പലതും വിനയത്തോടെ നമ്മള്‍ അനുസരിച്ചു പോകുന്നു. അങ്ങനെ ശരീരം യജമാനനും നമ്മള്‍ അടിമയുമായിത്തീരുന്നു. ഈ അവസ്ഥയില്‍ നിന്ന്‌ രക്ഷപ്പെടുമ്പോള്‍ മാത്രമേ സാക്ഷാല്‍ യജമാനനെ അനുസരിക്കാനുള്ള ആര്‍ജവം കൈവരൂ. അതു മുതല്‍ സ്‌നേഹധന്യനായ അല്ലാഹുവിനെ അനുസരിക്കല്‍ ആസ്വാദ്യകരമായ അനുഭവമായിത്തീരും. പ്രതിസന്ധികളും വിമര്‍ശനങ്ങളും പരിഹാസവും ക്ഷീണവും തളര്‍ച്ചയുമേല്‍ക്കാന്‍ ഒന്നിലേറെ ശരീരങ്ങളുണ്ടായിരുന്നെങ്കില്‍ എന്ന്‌ ഇബ്‌നുഹുദാഫയെപ്പോലെ നമ്മളും ആഗ്രഹിക്കും.