ശൈലിയും പ്രധാനമാണ്‌

പ്രവാചകന്മാര്‍ക്കെല്ലാം ഉന്നതമായ സ്വഭാവമായിരുന്നു. മികച്ചൊരു ആദര്‍ശത്തെ പ്രബോധനം ചെയ്യുന്നവരായതിനാല്‍ അവരുടെ സ്വഭാവത്തിനും ശൈലിക്കും വലിയ പ്രാധാന്യമുണ്ട്‌. മികച്ച രീതിയും മെച്ചപ്പെട്ട സംസ്‌കാരവുമുള്ളവരായിട്ടും മൂസാ നബിയോടും ഹാറൂന്‍ നബിയോടും അല്ലാഹു നിര്‍ദ്ദേശിക്കുന്നത്‌ നോക്കൂ;
``നിങ്ങളിരുവരും ഫിര്‍ഔനിന്റെ അടുത്തേക്ക്‌ പോവുക. നിശ്ചയം, അവന്‍ അതിക്രമിയായിരിക്കുന്നു. നിങ്ങളവനോട്‌ സൗമ്യമായി സംസാരിക്കുക. ഒരുവേള അവന്‍ ചിന്തിച്ചു മനസ്സിലാക്കിയാലോ. അല്ലെങ്കില്‍ ഭയന്ന്‌ അനുസരിച്ചെങ്കിലോ.'' (20:42,43)

ഫിര്‍ഔനിനോട്‌ പറയാനുള്ള വിഷയം മാത്രമല്ല, അവതരിപ്പിക്കേണ്ട ശൈലി കൂടി അല്ലാഹു നല്‍കുന്നു. പ്രവാചകന്മാര്‍ക്കു മാത്രമല്ല, പ്രബോധകര്‍ക്കു കൂടിയുള്ള താക്കീതും മുന്നറിയിപ്പുമാണിത്‌.

                സംസാരത്തില്‍ ശൈലി ഏറെ പ്രധാനമാണ്‌.    എന്തു പറയുന്നുവെന്നത്‌ പോലെ   പ്രധാനമാണ്‌    എങ്ങനെ പറയുന്നുവെന്നതും. പറയുന്ന രീതി നന്നായില്ലെങ്കില്‍ പറയുന്നതെന്തായാലും അത്‌ ലക്ഷ്യത്തിലെത്തില്ല. പറയുന്നയാളിന്റെ മനസ്സും കാഴ്‌ചപ്പാടുമെല്ലാം ഓരോ വാക്കിലും ഒളിഞ്ഞിരിക്കുന്നുവെന്നതിനാലാകാം ശൈലിക്കിത്ര പ്രാധാന്യം വരുന്നത്‌. അങ്ങനെയെങ്കില്‍ ഏറ്റവും മികച്ച വാക്കായ അല്ലാഹുവിന്റെ തിരുസന്ദേശം മറ്റൊരാള്‍ക്ക്‌ കൈമാറുമ്പോള്‍ എത്ര സൂക്ഷ്‌മത പാലിക്കേണ്ടതുണ്ടെന്ന്‌ ആലോചിച്ചുനോക്കൂ. സ്‌നേഹത്തിലും ഗുണപ്രതീക്ഷയിലും ചാലിച്ചെടുത്ത വാക്കും, അലിവും ആദരവും നിറച്ചുവെച്ച ശൈലിയുമായിരിക്കണം ഈ സന്ദേശത്തിന്റെ വാഹകരുടെ മൂലധനം. അങ്ങനെയല്ലാത്തവര്‍ മതപ്രബോധകരായാല്‍ മതം തന്നെ തെറ്റുധരിക്കപ്പെടും. 

തര്‍ക്കവും വെല്ലുവിളിയുമായിരിക്കും അവരുടെ ഭാഷ. പരനിന്ദയും പരിഹാസവുമായിരിക്കും അവരുടെ ശൈലി. തൊണ്ട കൊണ്ടായിരിക്കും അവരുടെ സംസാരം. ഹൃദയം പങ്കെടുക്കാത്ത ബഹളം മാത്രമായിരിക്കും അവരുടെ പ്രഭാഷണങ്ങള്‍. ആള്‍ക്കൂട്ടത്തിന്റെ ആവേശത്തില്‍ പറഞ്ഞുപോകുന്ന വാക്കുകള്‍ പിന്നീടവര്‍ തിരുത്തിക്കൊണ്ടേയിരിക്കും. 

വിശ്വാസ്യത നഷ്‌ടപ്പെട്ട ഇത്തരം പ്രബോധകത്തൊഴിലാളികള്‍ മഹത്തരമായൊരു ആദര്‍ശത്തിന്റെ വളര്‍ച്ച മുരടിപ്പിച്ചുകൊണ്ടേയിരിക്കും. നല്ല വാക്കില്‍ സംസാരിക്കാനറിയാത്തവരും അന്യരെ ഉള്‍ക്കൊള്ളാനാവാത്തവരും പ്രബോധനരംഗത്തു നിന്ന്‌ മാറിനില്‍ക്കുന്നതാകും മതത്തോടുള്ള അവരുടെ അടുപ്പം സംരക്ഷിക്കാന്‍ നല്ലത്‌. പ്രവാചകന്മാരോടു പോലും ശൈലിയെക്കുറിച്ച്‌ ഉണര്‍ത്തുന്നതില്‍ തന്നെ അല്ലാഹു എല്ലാം സംഭരിച്ചുവെച്ചിട്ടുണ്ട്‌.

സ്‌നേഹമാണ്‌ മതപ്രബോധനത്തിന്റെ അടിസ്ഥാനം. `സന്തോഷത്തോടെയുള്ള ബോധിപ്പിക്കല്‍' എന്നാണ്‌ പ്രബോധനമെന്ന വാക്കിന്റെ പോലും സാരം. ദയാലുവും സ്‌നേഹനിധിയുമായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണം അതേ ഗുണങ്ങളോടെത്തന്നെയാവണമല്ലോ.
``നീ ഫിര്‍ഔനിന്റെ അടുക്കലേക്ക്‌ പോവുക. എന്നിട്ട്‌ അയാളോട്‌ ചോദിക്കുക; താങ്കള്‍ വിശുദ്ധി വരിക്കാന്‍ ഒരുക്കമുണ്ടോ? ഞാന്‍ താങ്കളുടെ നാഥനിലേക്ക്‌ വഴികാണിക്കാം. അങ്ങനെ നിങ്ങള്‍ക്കും ദൈവഭക്തനാകാം'' (79:19). കടുത്ത ധിക്കാരിയും ദൈവമെന്ന്‌ വാദിക്കുകയും ചെയ്യുന്ന ഒരു രാജാവിനോട്‌ പറയേണ്ട വാക്കുകളാണീ പഠിപ്പിക്കുന്നത്‌. മൂസാനബിയുടെ കൈവശമുള്ളത്‌ ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമാണ്‌. ഏത്‌ തമ്പുരാക്കന്മാരുടെ മുന്നിലും നെഞ്ച്‌ വിടര്‍ത്തി നിന്ന്‌ പറയാവുന്ന ഏറ്റവും ഉന്നതമായ ആദര്‍ശമാണത്‌. സ്വീകരിച്ചില്ലെങ്കില്‍ അയാള്‍ക്കു തന്നെയാണ്‌ നഷ്‌ടം. 

അല്ലാഹുവിനും അവന്റെ ദൂതനും ഒരു നഷ്‌ടവുമില്ല. എന്നിട്ടും സൗമ്യമായ ശൈലിയിലും മൃദുലമായ വാക്കുകളിലും മാത്രമേ അതു പറയാവൂ എന്ന്‌ അല്ലാഹു നിര്‍ദ്ദേശിക്കുന്നു.

തൗഹീദ്‌ പ്രബോധനം ശരിയായ വിധത്തിലായില്ലെങ്കില്‍ വിപരീതഫലമാണ്‌ പിന്നീടുണ്ടാവുക. അന്ധവിശ്വാസത്തില്‍ ഉറച്ചുകഴിയുന്നവരെ പ്രകോപിപ്പിക്കുന്ന ശൈലിയാണ്‌ നമ്മള്‍ സ്വീകരിക്കുന്നതെങ്കില്‍ കൂടുതല്‍ കടുത്ത അന്ധവിശ്വാസങ്ങളെ പുനസൃഷ്‌ടിക്കുന്നതിലാണ്‌ അതു ചെന്നെത്തുക. ശത്രുവിനെ കൂടുതല്‍ കടുത്ത ശത്രുവാക്കുന്നതാണോ കുറച്ചെങ്കിലും അടുത്ത മിത്രമാക്കുന്നതാണൊ നമ്മുടെ ആശയപ്രചാരണത്തിനു ഗുണം ചെയ്യുകയെന്നു നാം സ്വയം വിലയിരുത്തേണ്ടതാണ്‌.

തൗഹീദ്‌ പ്രബോധനത്തില്‍ ലോകംകണ്ട ഏറ്റവും വലിയ പോരാളിയാണ്‌ ഇബ്‌റാഹീം നബി(അ). എന്നാല്‍ ആ പ്രവാചകന്‍ ജീവിച്ചത്‌ ആരുടെ കൂടെയാണ്‌? അന്നാട്ടിലെ ഏറ്റവും കടുത്ത ശിര്‍ക്കിന്റെ വാഹകനായ പിതാവിന്റെ കൂടെ. `എന്റെ പ്രിയപ്പെട്ട ഉപ്പാ...' എന്നാണ്‌ പിതാവിനെ വിളിക്കുന്നത്‌. കടുത്ത ആദര്‍ശ ശത്രുവിനെപ്പോലും ഉള്‍ക്കൊള്ളാനുള്ള മനസ്സാണിത്‌. ഇസ്‌ലാമിനും തിരുനബി(സ)ക്കും ഏറ്റവുമധികം ശല്യം ചെയ്‌തിരുന്ന അബൂലഹബിന്റെയും ഉമറുബ്‌നു ഖത്വാബിന്റെയും പേരെടുത്ത്‌ പറഞ്ഞ്‌, അവരെക്കൊണ്ട്‌ ഇസ്‌ലാമിനെ ശക്തിപ്പെടുത്തേണമേ എന്ന്‌ സ്‌നേഹത്തിന്റെ പ്രവാചകന്‍ പ്രാര്‍ഥിച്ചിരുന്നു. എത്ര ധിക്കാരിയായ ശത്രുവിനെപ്പോലും ഉള്‍ക്കൊണ്ടതിന്റെ ഉദാത്തമായ ഉദാഹരണം തന്നെയാണല്ലോ അത്‌. ``നബിയേ താങ്കള്‍ അവരെ ഉദ്‌ബോധിപ്പിക്കുക. ഒരു ഉദ്‌ബോധകന്‍ മാത്രമാകുന്നു താങ്കള്‍. അവരുടെ മേല്‍ അധികാരം പ്രയോഗിക്കേണ്ടവനല്ല..'' (88:21,22)

അന്ധവിശ്വാസങ്ങള്‍ ഒരു രോഗമാണ്‌. സമൂഹശരീരത്തില്‍ പിടികൂടുന്ന മാരകമായ മറ്റൊരു രോഗമാണ്‌ ശിര്‍ക്ക്‌. രോഗത്തെ എങ്ങനെയാണ്‌ മാറ്റിയെടുക്കുക? പ്രകോപനം സൃഷ്‌ടിക്കുന്ന വാക്കുകള്‍ കൊണ്ടും സഭ്യമല്ലാത്ത പ്രയോഗങ്ങള്‍ കൊണ്ടും മാറ്റിയെടുക്കാനാകുമോ? ഇല്ല. മരുന്നുകൊണ്ടാണ്‌ രോഗം ചികിത്സിക്കേണ്ടത്‌. ഖുര്‍ആനും തിരുസുന്നത്തുമാണ്‌ ആ മരുന്ന്‌. അതല്ലാത്തതൊന്നും പരിഹാരമല്ല. തൊണ്ടകീറുന്ന ബഹളം കൊണ്ടോ കാതടപ്പിക്കുന്ന പ്രഭാഷണങ്ങള്‍ കൊണ്ടോ കടിച്ചുകീറുന്ന പ്രയോഗങ്ങള്‍ കൊണ്ടോ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമൊക്കെ തുടച്ചുനീക്കാമെന്ന വിചാരം ഒരു പുരോഗമന സമൂഹത്തിനു ചേര്‍ന്നതല്ല. 

അതൊക്കെയാണ്‌ ശരിയെന്നു കരുതുന്നവര്‍ പറഞ്ഞുപോയത്‌ തിരുത്തുന്നതം പറഞ്ഞവരെ അകറ്റുന്നതുമൊക്കെ പിന്നീട്‌ നമ്മള്‍ തന്നെ കണ്ടുകൊണ്ടേയിരിക്കും.