ഹൃദയം നനയട്ടെ!

              `ഉമ്മാ' എന്ന്‌ ഭാര്യയെ വിളിക്കുന്ന ഒരാളെക്കുറിച്ച്‌ ആലോചിച്ചുനോക്കൂ. മസ്‌തിഷ്‌ക ക്ഷതം ബാധിച്ച്‌ ഓര്‍മകളെല്ലാം മാഞ്ഞുപോയ അങ്ങനെയൊരാളെ കഴിഞ്ഞ ദിവസം കണ്ടു. ഒന്നും അയാള്‍ക്ക്‌ ഓര്‍മയില്ല. പക്ഷേ, അദ്ദേഹത്തിന്‌ ഏറ്റവും പ്രിയപ്പെട്ട ഒരു വചനം മനസ്സിന്റെ തുമ്പില്‍ ബാക്കിയായിക്കിടക്കുന്നു. ലാഇലാഹ ഇല്ലല്ലാഹ്‌കു മുഹമ്മദുര്‍ റസൂലലുല്ലാഹ്‌.

              ആവര്‍ത്തിച്ചും ആവേശത്തിലും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ ഒരൊറ്റ വചനം കൊണ്ട്‌ ജീവിതത്തെ മുഴുവന്‍ അയാള്‍ പൂരിപ്പിക്കുന്നു. ബിസ്‌മി ചൊല്ലാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കാതെ വിങ്ങിപ്പൊട്ടിക്കരയുന്ന ആ പാവത്തെ കാണുമ്പോള്‍ നമ്മുടെ കണ്ണുകളും തുളുമ്പുന്നു. ഏഴ്‌ വര്‍ഷത്തോളമായി ഇങ്ങനെ കിടക്കുന്ന പ്രിയതമന്റെ അരികില്‍ ഒരു നിമിഷത്തേക്കു പോലും ശ്രദ്ധ തെറ്റാതെ കൂട്ടിരിക്കുന്ന ആ ഭാര്യയെ വര്‍ണിക്കുമ്പോള്‍ വാക്കുകളെല്ലാം മുറിഞ്ഞുപോകുന്നു. ജീവിതദു:ഖങ്ങളുടെ കണ്ണീര്‍ക്കടലില്‍ നിലയറിയാതെ നീന്തുന്ന ഇങ്ങനെ എത്രയെത്രയോ കുടുംബങ്ങള്‍...

              മാനസികനില തെറ്റിയ അഞ്ചു മക്കളോടൊപ്പം ജീവിക്കുന്ന ഒരു ഉമ്മ. ഇതുവരെ സൂര്യവെളിച്ചത്തിലേക്കിറങ്ങിയിട്ടില്ലാത്ത പതിനെട്ടുകാരിയായ മകള്‍ക്ക്‌ ചോറുവാരി നല്‌കുമ്പോള്‍, പതിനാറു വയസ്സുള്ള മകന്‍ അപസ്‌മാര രോഗം കൊണ്ട്‌ പിടയുന്നു. എങ്ങനെ നോക്കിയാലും സന്തോഷമില്ലാത്ത ജീവിതത്തെ നോക്കി കരയാന്‍ പോലുമാകാതെ ആ ഉമ്മ....
ഒന്‍പത്‌ വര്‍ഷമായി തളര്‍ന്നുകിടക്കുന്ന പ്രശസ്‌തനായൊരു ഡോക്‌ടര്‍. കൈകളും സംസാരശേഷിയും നഷ്‌ടമായിട്ട്‌ ഒന്‍പത്‌ വര്‍ഷം! മദ്രാസ്‌ സ്റ്റാന്‍ലി മെഡിക്കല്‍ കോളെജില്‍ നിന്ന്‌ ഉയര്‍ന്ന റാങ്കോടെ പാസ്സായി ആയിരക്കണക്കിന്‌ രോഗികളുടെ പ്രിയങ്കരനായിത്തീര്‍ന്ന അദ്ദേഹം, ഇന്ന്‌ നിരത്തിവെച്ച സ്വന്തം മരുന്നുകളുടെ നടുവില്‍ ദിവസങ്ങളെണ്ണുന്നു! ഒരു നോട്ടവും ജീവിതത്തിന്റെ പൂര്‍ണതയല്ലെന്ന്‌ അദ്ദേഹത്തെ കാണുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ പഠിച്ചുപോകുന്നു. 

              ആകെയുള്ള രണ്ടു മക്കളും തളര്‍ന്നു കിടക്കുന്നത്‌ കണ്ട്‌ പതിനേഴു വര്‍ഷമായി ഹൃദയം പൊട്ടിക്കഴിയുന്ന മറ്റൊരു പാവം ഉമ്മ.
അപകടത്തില്‍ മരണപ്പെട്ട പ്രിയപ്പെട്ട ഉപ്പച്ചിയുടെ വസ്‌ത്രത്തിലുമ്മവെച്ചും തലോടിയും കരയുന്ന മൂന്നുവയസ്സുള്ള പിഞ്ചുകുഞ്ഞ്‌. നഷ്‌ടമായ വാത്സല്യത്തിന്റെ മണം പിടിക്കാന്‍ അവന്‍ ആ വസ്‌ത്രം വിരിച്ച്‌ കിടന്നുറങ്ങുന്നു.

              അനാഥയെക്കുറിച്ച്‌ പ്രസംഗിക്കുകയല്ലാതെ ഒരു അനാഥയെയും ഇതുവരെ തലോടിയിട്ടില്ലാത്ത സ്വന്തം അഹങ്കാരത്തെ നൂറുവട്ടം പഴിച്ചുകൊണ്ടല്ലാതെ ആ കാഴ്‌ച കാണാനാവില്ല.

               രോഗികളെയും അവശരെയും അനാഥരെയും തേടിച്ചെല്ലണമെന്ന നിര്‍ദേശം കിട്ടിയവരാണ്‌ നമ്മള്‍. ഒന്നും നല്‌കിയില്ലെങ്കിലും നമ്മളൊന്ന്‌ വരുന്നതും കാത്തിരിക്കുന്ന എത്രയോ മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ടായിട്ടും എന്തേ നമ്മളൊന്നും അവരിലേക്കെത്തുന്നില്ല? അപ്രധാന വിഷയങ്ങളുടെ പിറകില്‍ത്തൂങ്ങി പണവും വിലപ്പെട്ട സമയവും തുലച്ചുകളയുമ്പോഴും നമ്മെക്കൊതിച്ചിരിക്കുന്ന ആ പാവങ്ങളെ മറന്നുകളയുന്നതാണ്‌ നമുക്കിഷ്‌ടം. ആര്‍ത്തലച്ചു പെയ്യുന്ന സങ്കടങ്ങളുടെ പെരുമഴയില്‍ കുതിര്‍ന്നുപോകുന്ന എത്രയോ ജന്മങ്ങളാണ്‌ നമുക്കു ചുറ്റും.

               രോഗികളോടൊപ്പം സമയം ചെലവിടുമ്പോള്‍ നമ്മള്‍ സ്വയം അറിയുന്നു. എന്തൊക്കെ നഷ്‌ടപ്പെട്ടു, അതു ലഭിച്ചില്ല ഇതു ലഭിച്ചില്ലയെന്ന്‌ പരാതി പറയുന്ന നമ്മള്‍, എല്ലാം നഷ്‌ടപ്പെട്ട ആ പാപങ്ങളില്‍ നിന്ന്‌ പല പാഠങ്ങള്‍ പഠിക്കുന്നു. രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ രോഗികളേക്കാള്‍ ആശ്വാസവും ഭക്തിയും നമുക്ക്‌ വര്‍ധിക്കുന്നു. 

               പുതിയ കാറിനൊരു ഇഷ്‌ടനമ്പര്‍ ലഭിക്കാന്‍ ലക്ഷങ്ങള്‍ തുലച്ചുകളയുന്നവര്‍ നമുക്കിടയിലുണ്ട്‌. വീടിന്റെ ഉയരത്തില്‍ മതിലുകെട്ടാന്‍ അത്ര തന്നെ പണം നീക്കിവെക്കുന്നവരുമുണ്ട്‌. ഇത്തരം ദുര്‍ബല മോഹങ്ങള്‍ക്ക്‌ ചെലവിടുന്ന പണമുണ്ടായിരുന്നെങ്കില്‍ എത്രയോ മാസങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നവര്‍ നമുക്കപ്പുറത്തു തന്നെയുണ്ട്‌. പക്ഷേ, നമ്മുടെ കണ്ണില്‍ അവരൊന്നും ഒരു കാഴ്‌ചയേ അല്ല. `കടവും സങ്കടവും കൊണ്ട്‌ ജീവിതം ഗതിമുട്ടിയവര്‍, മക്കളെക്കുറിച്ചാലോചിക്കുമ്പോള്‍ കണ്ണുനിറയുന്നവര്‍, സ്വന്തമായൊരു വീട്‌ വെറും സ്വപ്‌നമായവര്‍, നല്ല ഭക്ഷണം കിനാവു കാണുന്നവര്‍, പെരുന്നാളിനും ഓണത്തിനും പോലും പുത്തനുടുപ്പ്‌ ലഭിക്കാത്ത കുഞ്ഞുങ്ങള്‍, കഴിവുണ്ടായിട്ടും പഠനം വഴിമുട്ടിയവര്‍... തേടിയിറങ്ങിയാല്‍ ഇവരിലാരെങ്കിലുമൊക്കെ നമ്മുടെ ചുറ്റുമുണ്ടാവും.

             ഭക്ഷണം കഴിക്കാനിരിക്കുന്നതിന്റെ മുമ്പ്‌ മുറ്റത്തേക്കിറങ്ങി, അവിടെയുള്ള കാക്കയ്‌ക്കും പൂച്ചയ്‌ക്കുമൊക്കെ ഭക്ഷണമിട്ടുകൊടുക്കുന്ന ഒരു സ്വഹാബിയുടെ കഥയുണ്ട്‌. അതേപറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ``അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്‌ പാപമല്ലേ? മനുഷ്യര്‍ മാത്രമല്ലല്ലോ വിശപ്പുള്ള അയല്‍വാസികള്‍!''

            അതെ, ആവശ്യമുള്ളവരെ നാം തേടി കണ്ടെത്തണം. സര്‍വ ജീവജാലങ്ങളും നമ്മുടെ സ്‌നേഹമനുഭവിക്കണം. ചുറ്റുമുള്ള ജീവിതമെന്തെന്ന്‌ നമ്മളും നമ്മുടെ മക്കളും ഇണയും അറിയണം. ഖുര്‍ആന്‍ എന്തു പറയുന്നു, ഹദീസ്‌ എന്തു പറയുന്നു എന്നതോടൊപ്പം ചുറ്റുമുള്ള ജീവിതമെന്തു പറയുന്നുവെന്നു കൂടി പഠിക്കുമ്പോള്‍ നമ്മുടെ അറിവും പഠനവും പ്രബോധനവും ജീവിതവും കുറച്ചുകൂടി അലിവും നനവും പച്ചപ്പുമുള്ളതായിത്തീരും.