തിന്മകള്‍ തീയാണ്‌!


PDF Print
ഇസ്‌റാഈല്‍ വംശത്തില്‍ നല്ലവനായ ഒരാളുണ്ടായിരുന്നു. തിന്മകളൊന്നും ചെയ്യാതെ പരിശുദ്ധമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒരിക്കല്‍, അക്രമിയായ അന്നാട്ടിലെ രാജാവ്‌ അദ്ദേഹത്തെ പിടികൂടി. നാലു കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന്‌ ചെയ്യണമെന്ന്‌ കല്‍പിച്ചു. ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും താക്കീതുചെയ്‌തു. മദ്യപിക്കുക, കൊലപാതകം നടത്തുക, പന്നിമാംസം ഭക്ഷിക്കുക, വ്യഭിചരിക്കുക -ഇവയായിരുന്നു നാലു കാര്യങ്ങള്‍. ഗത്യന്തരമില്ലാതെ അയാള്‍ മദ്യം കുടിക്കാമെന്ന്‌ സമ്മതിച്ചു. മദ്യം കുടിച്ചതോടെ മറ്റുള്ള പാപങ്ങളെല്ലാം അയാള്‍ ചെയ്‌തു.
തിരുനബി(സ) പറഞ്ഞ സാരോപദേശ കഥയാണിത്‌ (ഹാകിം 4:147). മദ്യത്തിന്റെ മഹാദോഷങ്ങളെ ഉണര്‍ത്തുന്ന ഇക്കഥ, പാപങ്ങളിലേക്കുള്ള സഞ്ചാരവേഗത്തെ സൂചിപ്പിക്കുന്നു.


അകത്തും പുറത്തും സമാധാനം കൈവരിച്ച വ്യക്തികളെയാണ്‌ ഇസ്‌ലാം ആവശ്യപ്പെടുന്നത്‌. തിന്മകളില്‍ നിന്നും കുറ്റവാസനകളില്‍ നിന്നുമുള്ള മോചനത്തിലൂടെ മാത്രമേ മനസ്സ്‌ ശാന്തമാകൂ. അത്തരം ആഗ്രഹങ്ങളില്‍ നിന്നും ചുറ്റുപാടില്‍ നിന്നും മനസ്സിനെ അകറ്റാനാണ്‌ ഖുര്‍ആനും ഹദീസും ഏറെ ശ്രദ്ധിക്കുന്നത്‌. `വൃത്തിയുള്ള ഹൃദയം' എന്നാണ്‌ തിരുനബി അതിനെ വിശേഷിപ്പിച്ചത്‌. എന്നിട്ട്‌ അതിങ്ങനെ വിശദീകരിച്ചു: ``അല്ലാഹുവിനെ ഭയക്കുകയും തിന്മകളില്‍ നിന്നകലുകയും ചെയ്യുന്ന മനസ്സാണത്‌. പാപങ്ങളോ കുറ്റവാസനയോ പകയോ അസൂയയോ അതിലുണ്ടാവുകയില്ല.'' (ബൈഹഖി, ശുഅബുഈമാന്‍ 6604)
അതിമനോഹരമായ മറ്റൊരു വചനം നോക്കൂ: ``അല്ലാഹു ഉദാഹരിക്കുന്നു: നേരായ ഒരു പാത. പാതയുടെ ഇരുവശത്തും ഭിത്തികള്‍. അവയില്‍ തുറന്നു കടിക്കുന്ന വാതിലുകള്‍. ആ വാതിലുകള്‍ക്കു മേല്‍ വിരികള്‍ താഴ്‌ത്തിയിട്ടിരിക്കുന്നു. പാതയുടെ തുടക്കത്തില്‍ ഒരു മുന്നറിയിപ്പുകാരനുണ്ട്‌. അയാള്‍ വിളിച്ചുപറയുന്നു: ഹേ, ജനങ്ങളേ, നിങ്ങളെല്ലാവരും ഈ വഴിയില്‍ പ്രവേശിക്കുക. ഒരാളും വഴി തെറ്റിപ്പോകരുത്‌. പാതയുടെ അകത്തും ഒരു മുന്നറിയിപ്പുകാരനുണ്ട്‌. ആ വാതിലുകളില്‍ ഏതെങ്കിലുമൊന്നിന്റെ വിരികള്‍ ആരെങ്കിലും ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ അയാള്‍ ഓര്‍മിപ്പിക്കുന്നു: നിനക്ക്‌ നാശം. നീ അതു തുറക്കാതിരിക്കുക. തുറന്നാല്‍ നീ അതില്‍ പതിച്ചതു തന്നെ. തിരുനബി തുടരുന്നു: ആ പാത ദീനുല്‍ ഇസ്‌ലാം ആണ്‌. ഭിത്തികള്‍ അല്ലാഹുവിന്റെ നിയമങ്ങളും. അല്ലാഹു വിരോധിച്ച കാര്യങ്ങളാണ്‌ തുറന്നുകിടക്കുന്നത്‌. മുന്നറിയിപ്പുകാരന്‍ ഖുര്‍ആനാണ്‌. അകത്തുള്ള മുന്നറിയിപ്പുകാരന്‍ ഹൃദയത്തിലുള്ള, അല്ലാഹുവിനെ ഓര്‍മിപ്പിക്കുന്ന ഭാഗമാണ്‌.'' (ഹാകിം 1:73)
തെളിഞ്ഞ പാതയാണ്‌ ഇസ്‌ലാം. വഴി തെറ്റുന്നത്‌ നാമാണ്‌. വഴിതെറ്റാതിരിക്കാനുള്ള മുന്നറിയിപ്പുകളെല്ലാം അല്ലാഹു നല്‌കിയിട്ടുണ്ട്‌. അവയെ അവഗണിക്കുന്നവര്‍ അപകടങ്ങളിലേക്കാണ്‌ സ്വയം നശിക്കുന്നത്‌. തീര്‍ച്ചയായും ഇതാണ്‌ എന്റെ നേര്‍മാര്‍ഗം. അതിനാല്‍ നിങ്ങള്‍ ഈ വഴി പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ തേടരുത്‌. എന്തുകൊണ്ടെന്നാല്‍ അവയൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌ തെറ്റിച്ചുകളയുന്നതാണ്‌.'' (അന്‍ആം 153)
പാപങ്ങളെല്ലാം മനസ്സിന്‌ അസ്വസ്ഥതയുണ്ടാക്കുന്നു. തുടര്‍ച്ചയായി പാപങ്ങള്‍ ചെയ്‌താല്‍ അസ്വസ്ഥതയില്ലാതാവുന്നു. ഈ അവസ്ഥയാണ്‌ ഭയാനകം. കുറ്റപ്പെടുത്തുന്ന മനസ്സ്‌ അനുഗ്രഹമാണ്‌. വീണ്ടും തിന്മകളിലേക്ക്‌ സഞ്ചരിക്കുന്നത്‌ ഇല്ലാതാക്കും. പക്ഷേ, പാപങ്ങള്‍ കൊണ്ട്‌ കടുത്തുപോയ മനസ്സില്‍ നന്മയുള്ള വിചാരങ്ങള്‍ ഇല്ലാതാകും.
ചെറിയ പാപങ്ങളെയാണ്‌ കൂടുതല്‍ കരുതിയിരിക്കേണ്ടത്‌. വലിയ പാപങ്ങള്‍ സത്യനിഷേധികളേ ചെയ്യൂ. അവഗണിച്ചുതള്ളുന്ന കൊച്ചുതിന്മകള്‍ നമ്മെ ദുരന്തത്തിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. ദുശ്ശീലങ്ങളായി മാറുന്നത്‌ അവയാണ്‌. ഹറാമുകള്‍ക്ക്‌ ചെറുപ്പമോ വലുപ്പമോ നാം പരിഗണിക്കരുത്‌. അല്ലാഹുവിന്‌ ഇഷ്‌ടമില്ലാത്തത്‌ നമുക്കും ഇഷ്‌ടമുണ്ടാകരുത്‌. ആഇശ(റ)യോട്‌ തിരുനബി(സ) താക്കീത്‌ ചെയ്യുന്നു: ആഇശാ, നിസ്സാരവും കുറ്റം കുറഞ്ഞതുമായി കരുതുന്ന പാപങ്ങളെ നിങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം. അവയും അല്ലാഹുവിങ്കല്‍ വിചാരണ ചെയ്യപ്പെടും.'' (ഇബ്‌നുമാജ 4243)
മദ്യത്തെ കുറിച്ച താക്കീതുകള്‍ കേള്‍ക്കു: ``മദ്യപിക്കാത്ത കാലത്തോളം ഒരാള്‍ തന്റെ ദീനില്‍ തന്നെയായിരിക്കും. മദ്യപിക്കുന്നതോടെ അയാളുടെ മറ അല്ലാഹു പൊളിക്കും. പിശാച്‌ അയാളുടെ രക്ഷാധികാരിയാകും. അവന്റെ കണ്ണും കാതും കാല്‍പാദങ്ങളും പിശാചാവും. എല്ലാ തിന്മകളിലേക്കും പിശാച്‌ അയാളെ കൊണ്ടുപോകും. എല്ലാ നന്മകളില്‍ നിന്നും തടയും.'' (കന്‍സുല്‍ ഉമ്മാല്‍ 13161)
``മദ്യത്തിന്റെ കാര്യത്തില്‍ പത്തു വിഭാഗങ്ങളെ തിരുനബി ശപിച്ചു. മദ്യം വാറ്റുന്നവന്‍, വാറ്റാനാവശ്യപ്പെടുന്നവന്‍, ചുമക്കുന്നവന്‍, ചുമക്കാനാവശ്യപ്പെടുന്നവന്‍, കുടിക്കുന്നവന്‍, കുടിപ്പിക്കുന്നവന്‍, വില്‍ക്കുന്നവന്‍, അതിലെ പണം കൊണ്ട്‌ ജീവിക്കുന്നവന്‍, അതുകൊണ്ടുണ്ടാക്കുന്ന വസ്‌തുക്കള്‍ വില്‍ക്കുന്നവന്‍, അതു വാങ്ങുന്നവന്‍'' (തിര്‍മിദി 295, ഇബ്‌നുമാജ 3381)
ഹൃദയത്തിലും പ്രവര്‍ത്തനങ്ങളിലും തിന്മകളില്ലാതാകന്‍ വലിയ അധ്വാനമുണ്ട്‌. തിന്മകളോട്‌ അകലാനും തിന്മകളോട്‌ പോരാടാനുമാണ്‌ അല്ലാഹുവിന്റെ നിര്‍ദേശം. നന്മകള്‍ ചെയ്യല്‍ മാത്രമല്ല, തിന്മകള്‍ ചെയ്യാതിരിക്കലും സല്‍ക്കര്‍മമാണ്‌. നന്മകള്‍ ചെയ്യാന്‍ കുറച്ച്‌ ഈമാന്‍ മതി. തിന്മകള്‍ ചെയ്യാതിരിക്കാന്‍ കുറച്ചൊന്നും ഈമാന്‍ പോരാ...