താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

എല്ലാ ദിനവും പ്രണയദിനം

``അങ്ങയുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ സന്ദര്‍ഭമേതായിരുന്നു..?'' -ഭാര്യ  ഭര്‍ത്താവിനോട് ചോദിച്ചു.

``ആ സന്ദര്‍ഭം ഇനിയും വന്നു ചേര്‍ന്നിട്ടില്ല.''

ആഗ്രഹിച്ച ഉത്തരം ലഭിക്കാത്തതിന്റെ ആശങ്കയോടെ അവള്‍ വീണ്ടും ചോദിച്ചു: ``ഇല്ലെന്നോ? ഏതാണ്‌ ആ സന്ദര്‍ഭം?''

``നമ്മുടെ വീട്ടിലേക്ക്‌ സലാം പറഞ്ഞ്‌ ഞാന്‍ വരുമ്പോള്‍ പുഞ്ചിരിയോടെ സലാം മടക്കി നീ എന്നെ സ്വീകരിച്ചിരുത്തുന്ന സന്ദര്‍ഭമാണത്‌. പക്ഷേ അത്‌ നമ്മുടെ ഈ വീട്ടിലല്ല, സ്വര്‍ഗത്തില്‍ നമുക്ക്‌ ലഭിക്കുന്ന വീട്ടില്‍.''

              വ്യക്തി ബന്ധങ്ങളും രക്തബന്ധങ്ങളും കൊണ്ട്‌ ചേര്‍ത്തുകെട്ടിയ ജീവിതമാണ്‌ നമ്മുടേത്‌. രക്തബന്ധം ജന്മനാ ലഭിക്കുമ്പോള്‍ വ്യക്തിബന്ധം പിന്നീട്‌ നമ്മള്‍ നേടിയെടുക്കുന്നു. എന്നാല്‍ രക്ത ബന്ധത്തെക്കാളും വ്യക്തി ബന്ധത്തെക്കാളും ഹൃദ്യമായൊരാത്മ ബന്ധമുണ്ട്‌ നമ്മുടെ ജീവിതത്തില്‍. തീര്‍ച്ചയായും അത്‌ ഇണയാണ്‌. ഇണക്കവും ഇഷ്‌ടവും കൊണ്ട്‌ ജീവിതയാത്രയില്‍ കൂട്ടുചേരുന്നയാള്‍.

              `ഇണകള്‍' എന്നാണ്‌ ഖുര്‍ആന്റെ പ്രയോഗം. ഭാര്യ, ഭര്‍ത്താവ്‌ എന്നൊക്കെ അര്‍ഥമുള്ള നല്ല പദങ്ങള്‍ അറബിയില്‍ വേണ്ടുവോളമുണ്ടായിട്ടും `ഇണകള്‍' എന്നാണ്‌ അല്ലാഹു നല്‍കുന്ന പേര്‌.`കൂടിച്ചേര്‍ന്ന്‌ ഒന്നായത്‌' എന്നും അതിന്‌ അര്‍ഥമുണ്ട്‌. പലതരം ഭക്ഷണം വായിലിട്ട്‌ ചവച്ചാല്‍ ഒന്നിച്ചലിയുന്നതു പോലെ, പല സ്വഭാവങ്ങളും ശീലങ്ങളും രീതികളുമുള്ള രണ്ടുപേര്‍ അലിഞ്ഞൊന്നാവുന്ന സൗന്ദര്യമാണല്ലൊ വിവാഹം. രക്തബന്ധത്തെക്കാളും വ്യക്തിബന്ധത്തെക്കാളും അഴകും അടുപ്പവുമുള്ള സ്‌നേഹ സൗഹൃദത്തിലേക്കാണ്‌ ആ രണ്ടുപേര്‍ കൂട്ടുചേരുന്നത്‌.

               ഹൃദയങ്ങള്‍ ഇഴുകുന്നതാണ്‌ പ്രണയം. മൂന്നാമതൊരാള്‍ക്ക്‌ വിശദീകരിച്ചുകൊടുക്കാനാവാത്ത എന്തോ ഒന്നാണത്‌. വാക്കുകളാല്‍ പകര്‍ത്താനാവാത്ത അനുഭൂതിയാണത്‌. പെയ്‌തു തീരാത്ത പുതുമഴയായും പൂതിമാറാത്ത നറു വസന്തമായും ഹൃദയഭിത്തിയില്‍ പതിഞ്ഞുകിടക്കുന്ന സുഖമുള്ള സാന്ത്വനമാണ്‌ പ്രണയം.പകരുമ്പോഴും നുകരുമ്പോഴും മനസ്സിന്റെ ആഴങ്ങളിലനുഭവിക്കുന്ന ആനന്ദത്തിന്റെ പേരാണത്‌. ഓരോ വാക്കിലും നോക്കിലും പുഞ്ചിരിയിലും രണ്ടാള്‍ക്ക്‌ മാത്രമറിയുന്ന അര്‍ഥങ്ങള്‍ ഒളിച്ചുവെക്കുന്ന ചങ്ങാത്തമാണത്‌. എത്ര കേട്ടാലും എത്ര കണ്ടാലും കൊതി തീരാത്ത കുളിര്‍മയാണത്‌. മനസ്സിന്റെ തന്ത്രികളില്‍ പുതിയ ഈണങ്ങളായ്‌ വിടരുന്ന അപൂര്‍വമായ സംഗീതമാണത്‌.


           

            ദൈവം തീ നല്‍കി; മനുഷ്യന്‍ അഗ്‌നിശമന യന്ത്രം കണ്ടുപിടിച്ചു. ദൈവം പ്രണയം നല്‍കി; മനുഷ്യന്‍ വിവാഹം കണ്ടുപിടിച്ചു.എന്നൊരു പഴമൊഴിയുണ്ട്‌. വിവാഹത്തോടെ തീരുന്നതാണ്‌ പ്രണയമെങ്കില്‍ ഈ പഴമൊഴിയില്‍ സത്യമുണ്ട്‌. പ്രണയാനുഭവങ്ങള്‍ മുഴുവന്‍ തളിരിടേണ്ടത്‌ വിവാഹം മുതലാണെന്ന ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌ ഈ പഴമൊഴിയെ വെറും `പാഴ്‌മൊഴി'യാക്കുന്നു.

               സ്വന്തം ഇണയെ പ്രണയിക്കുന്നവര്‍ ഏറ്റവും മികച്ച ഭാഗ്യവാന്മാരും സന്തോഷമുള്ളവരുമായിരിക്കും. ഇണയെ മാത്രം പ്രണയിക്കാനാവത്തവര്‍ അസന്തുഷ്‌ടരും അസ്വസ്ഥരുമായിരിക്കും.

               ഹൃദയങ്ങള്‍ കോര്‍ത്തിണങ്ങലാണ്‌ ഇണകള്‍ക്കിടയില്‍ പ്രധാനം. അതിന്റെ മാര്‍ഗവും മാനദണ്ഡവും പ്രണയമാണ്‌. സമ്പത്തോ സൗന്ദര്യമോ മാനദണ്ഡമാകുമ്പോള്‍ ഇണക്കവും പ്രണയവുമാണ്‌ നഷ്‌ടമാകുന്നത്‌. തറവാട്ടു മഹിമയോ സൗന്ദര്യമോ പണമോ ഇണയ്‌ക്ക്‌ പ്രധാന മാനദണ്ഡമാക്കരുതെന്ന്‌ തിരുനബിനിര്‍ദേശിച്ചിട്ടുണ്ട്‌. എന്തായിരിക്കും അതിന്റെ കാരണം?
സൗന്ദര്യം പരിഗണിച്ചാണ്‌ ഒരാള്‍ ഇണയെ സ്വന്തമാക്കുന്നതെന്നു കരുതുക. എങ്കില്‍ അതോടെ തീരുമോ സൗന്ദര്യമുള്ളവരോടുള്ള അയാളുടെ ഇഷ്‌ടം? ഇല്ലെന്നു മാത്രമല്ല, വര്‍ധിക്കുകയേ ഉള്ളൂ. പണവും പെരുമയും അങ്ങനെത്തന്നെ.

               `വസ്‌ത്രങ്ങള്‍' എന്നാണ്‌ ഖുര്‍ആന്‍ ഇണകള്‍ക്ക്‌ ഉപമ പറഞ്ഞത്‌ (2:187). എത്ര മനോഹരമായ ഉപമ! നമ്മുടെ കാലത്ത്‌ കൂടുതല്‍ പ്രസക്തമായ സന്ദേശം കൂടിയല്ലേ ഇത്‌. നമ്മുടെ രഹസ്യങ്ങള്‍ മറയ്‌ക്കുന്ന വസ്‌ത്രത്തിനു മുന്നില്‍ ഒളിച്ചു വെക്കാന്‍ മറ്റു രഹസ്യങ്ങളില്ലല്ലോ. എങ്കില്‍, ഇണയുടെ അടുത്ത്‌ മൊബൈല്‍ ഫോണ്‍ മറന്നുവെച്ചാല്‍ അസ്വസ്ഥതയില്ലാത്ത എത്ര ഭര്‍താക്കന്മാരുണ്ട്‌, ഭാര്യമാരുണ്ട്‌..?

                 ഇണകള്‍ക്കിടയില്‍ പ്രണയമുണ്ടാവുന്നില്ലെന്നതാണ്‌ പുതിയ കാലത്തെ സങ്കടം. സ്‌ത്രീക്കും പുരുഷനുമിടയില്‍ വിടര്‍ന്നുല്ലസിക്കേണ്ട പ്രണയബന്ധം `വിവാഹം' എന്ന കരാര്‍ വരുന്നതോടെ തകര്‍ന്നുപോകുന്നതെന്തു കൊണ്ടാണ്‌? അതിന്റെ വലിയ കാരണം ഭക്തിയുടെ നഷ്‌ടമാണ്‌.അഥവാ അല്ലാഹുവിങ്കല്‍ നിന്നുള്ള ബര്‍ക്കത്താണത്‌. കണ്ണിനാസ്വദിക്കാനും ഖല്‍ബില്‍ കൊണ്ടുനടക്കാനും അവള്‍ മാത്രമാവുമ്പോള്‍, കള്ളനോട്ടങ്ങളില്‍ നിന്ന്‌ കണ്ണിനെ തടയുന്നത്‌ അവളെക്കുറിച്ച ഓര്‍മയാകുമ്പോള്‍, സ്വപ്‌നങ്ങളുടെ പങ്കുകാരിയായും, പ്രാര്‍ഥനയിലെ ഓര്‍മയായും അവള്‍ മാത്രം ഉള്ളില്‍ നിറയുമ്പോള്‍ ആ ബര്‍കത്ത്‌ നമ്മോടൊപ്പമായിരിക്കും
വേറെ ആരില്‍ നിന്നും ലഭിക്കാത്ത കണ്‍കുളുര്‍മ ഇണയില്‍ നിന്നു ലഭിക്കണേ എന്ന്‌ പ്രാര്‍ഥിക്കാന്‍ അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ടല്ലോ. (25:74)

                       ലോകത്തൊരാളോടും തോന്നാത്ത പ്രണയം കൂടിയല്ലേ അത്‌.ഇണയെ പ്രണയിക്കുമ്പോള്‍, ഇണ മാതം പ്രണയിനിയാകുമ്പോള്‍ ഓരോ ദിനവും പ്രണയദിനമായിത്തീരും, തീര്‍ച്ച!