താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

ഹൊ, ഞാന്‍ വെറുതെ സംശയിച്ചു....

                ആഇശ(റ) പാതിരാവില്‍ ഉണര്‍ന്നു നോക്കുമ്പോള്‍ അരികില്‍ കിടന്ന തിരുനബി(സ) യെ കാണാനില്ല! അതേ കിടപ്പില്‍ തിരുനബിയെക്കുറിച്ച്‌ അവര്‍ ഓരോന്ന്‌ ആലോചിച്ചുകിടന്നു. ``എവിടെപ്പോയിരിക്കും?'' മനസ്സില്‍ പല ഉത്തരങ്ങള്‍ വന്നുപോയ്‌ക്കൊണ്ടിരുന്നു. ``മറ്റേതെങ്കിലും ഭാര്യയുടെ അരികില്‍ പോയിരിക്കും'' എന്ന ഉത്തരത്തില്‍ മനസ്സുറച്ചു. അരിശത്തോടെ എഴുന്നേറ്റ്‌ വീടിനു പുറത്തേക്ക്‌ നടന്നു. തിരുനബി തിരിച്ചു വരുമ്പോള്‍ തന്റെ പ്രതിഷേധമറിയട്ടെ എന്നു വിചാരിച്ച്‌ വീടിനു പുറത്തിരിക്കാനൊരുങ്ങിയപ്പോള്‍ കുറച്ചകലെ ഒരു നിഴല്‍ രൂപം. സൂക്ഷിച്ചു നോക്കിയപ്പോള്‍ നിലാവില്‍ ചന്ദ്രപ്രഭപോലെ ആ രൂപം തെളിഞ്ഞുവന്നു. തിരുനബി! ബഖീഅ്‌ ഖബ്‌ര്‍സ്ഥാനില്‍ ചെന്നുനിന്ന്‌ കരഞ്ഞു പ്രാര്‍ഥിക്കുകയായിരുന്നു ആ മഹാദൂതന്‍! ആഇശ(റ)ക്ക്‌ സങ്കടം അടക്കിനിര്‍ത്താനായില്ല. പ്രിയതമനെ വാരിപ്പുണര്‍ന്നപ്പോള്‍ കണ്ണീര്‍ അണപൊട്ടിയൊഴുകി. ``എന്റെ റസൂലേ, എനിക്ക്‌ മാപ്പുതരണം, ഞാന്‍ അങ്ങയെ വെറുതെ സംശയിച്ചു, മാപ്പാക്കണം.'' സ്‌നേഹത്തിന്റെ വിശ്വരൂപമായ ആ വലിയ മനസ്സ്‌ പ്രിയതമയുടെ നെറുകിലുമ്മവെച്ച്‌ ഖബ്‌റിനെക്കുറിച്ചും മരണത്തെക്കുറിച്ചും ഓര്‍മപ്പെടുത്തുക മാത്രം ചെയ്‌തു.

              സംശയങ്ങളിലധികവും ഇങ്ങനെയാണ്‌ അവസാനിക്കുക. സത്യമറിയുമ്പോള്‍ മനസ്സ്‌ മുറിപ്പെടും. ``ഹൊ, ഞാന്‍ വെറുതെ സംശയിച്ചു'' എന്ന്‌ എത്രയോ പ്രാവശ്യം പറഞ്ഞവരും പറയാനിരിക്കുന്നവരുമാണ്‌ നമ്മള്‍. അടുപ്പമുള്ളവരെയും കുടുംബങ്ങളെയും നേതൃരംഗത്തുള്ളവരെയും സ്വന്തം രക്തബന്ധുക്കളെ വരെയും ഏതൊക്കെയോ കാരണങ്ങളാലും ആരുടെയൊക്കെയോ പ്രേരണയാലും സംശയിച്ചുപോവുന്നു. ഒരാളെ സംശയിച്ചുതുടങ്ങിയാല്‍ അതിനെ കൂടുതലുറപ്പിക്കാവുന്ന `തെളിവുകള്‍' കിട്ടിക്കൊണ്ടേയിരിക്കും. ഒടുവില്‍ എല്ലാം തെറ്റിദ്ധാരണയായിരുന്നുവെന്ന്‌ തിരിച്ചറിയുമ്പോഴേക്ക്‌ മനസ്സുകള്‍ അടുക്കാനാവാത്ത അകലങ്ങളിലെത്തിയിട്ടുമുണ്ടാവും. രോഗംകൊണ്ട്‌ മരണം കാത്തുകഴിയുന്നവര്‍ മാപ്പു കൊടുക്കാനും മാപ്പുവാങ്ങാനുമുള്ള തിരക്കിലായിരിക്കും. സുഹൃത്തേ, എന്തിനാണതൊക്കെ അവസാന നേരത്തേക്ക്‌ മാറ്റിവെക്കുന്നത്‌? ഇതാ ഈ നിമിഷം കൊണ്ട്‌ തീരട്ടെയെല്ലാം! ഇണ, അയല്‍ക്കാര്‍, സഹോദരീ സഹോദരന്മാര്‍ തുടങ്ങി മാതാപിതാക്കളും മക്കളുമടക്കം വെറും സംശയത്തിന്റെ കാരണത്താല്‍ അകന്നുകഴിയുന്നവരും മനസ്സകന്നവരുമുണ്ട്‌. ഒന്ന്‌ ഉള്ളുതുറന്ന്‌ പങ്കുവെച്ചാല്‍ തീരുന്നതാണ്‌ പ്രശ്‌നം. പക്വമതിയായ മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തീരുന്നതേയുള്ളൂ. പക്ഷേ, അകന്ന മനസ്സുകള്‍ അങ്ങനെത്തന്നെയാവട്ടെ എന്ന്‌ ചിന്തിക്കുന്നതാണ്‌ അധികപേര്‍ക്കുമിഷ്‌ടം!

                 സംഘടനയിലും കുടുംബത്തിലുമൊക്കെ പിണക്കമുണ്ടാകുമ്പോള്‍ കൂടുതല്‍ കുറ്റപ്പെടുത്തലുകള്‍ക്കും സംശയങ്ങള്‍ക്കും വിധേയരാവുന്നത്‌, കൂടുതല്‍ നന്മ പ്രവര്‍ത്തിച്ചവരും നന്മയാഗ്രഹിച്ചവരുമായിരിക്കും. ഇന്ന്‌ തന്നെക്കുറിച്ച്‌ സംശയിച്ചവര്‍ക്കുവേണ്ടിയായിരിക്കും ഇന്നലെകളില്‍ അയാള്‍ ജീവിച്ചിട്ടുണ്ടാവുക. പക്ഷേ, പോരായ്‌മകള്‍ ചികയുന്നതിനിടയില്‍ അയാള്‍ ചെയ്‌ത നന്മകളെപോലും സംശയത്തിന്റെ തുലാസില്‍ അളക്കുന്ന അവസ്ഥ വരും. ചെയ്‌ത നന്മയുടെ പേരില്‍ നമ്മളെ കുറ്റപ്പെടുത്തുന്നതിലേറെ അസഹ്യവും അതീവ വേദനയുള്ളതുമായ മറ്റൊരവസ്ഥ വേറെയുണ്ടോ?

               ``ഒരാളെക്കുറിച്ച്‌ ചീത്തയായ വല്ല ധാരണയുമുണ്ടെങ്കില്‍ പിന്നീടതിനെക്കുറിച്ച്‌ കൂടുതലന്വേഷിക്കരുത്‌'' എന്ന തിരുനബി(സ)യുടെ നിര്‍ദേശം ആഴത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ്‌. ``തന്റെ വല്ലതും മോഷ്‌ടിക്കപ്പെട്ടാല്‍ നിരപരാധികളെക്കുറിച്ച്‌ തെറ്റുദ്ധാരണകള്‍ വെച്ചുപുലര്‍ത്തുന്ന ചിലരുണ്ട്‌. ഒടുവില്‍ മോഷ്‌ടാവിനേക്കാള്‍ വലിയ കുറ്റവാളിയായിത്തീരും അയാള്‍'' (ശുഅബുല്‍ ഈമാന്‍ 6707). ``ഊഹം നിങ്ങള്‍ ഉപേക്ഷിക്കുക. നിശ്ചയം, ഊഹിച്ചുള്ള സംസാരം ഏറ്റവും വലിയ കളവാണ്‌'' (ബുഖാരി 6064) തുടങ്ങിയ തിരുവചനങ്ങള്‍ സംശയ രോഗത്തിനുള്ള ഏറ്റവും മികച്ച ചികിത്സയാണ്‌.

                നന്മ കാണുന്ന കണ്ണുകള്‍ ഏറ്റവും മികച്ച അനുഗ്രഹങ്ങളിലൊന്നാണ്‌. സര്‍വ മനുഷ്യരെക്കുറിച്ചും നല്ലതു വിചാരിക്കുകയും അവര്‍ക്കെല്ലാം നന്മയാഗ്രഹിക്കുകയും ചെയ്യേണ്ട നമ്മുടെ ഹൃദയങ്ങളില്‍ എങ്ങനെയാണ്‌ ഊഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും ദുര്‍വിചാരങ്ങള്‍ക്കുമൊക്കെ സ്ഥാനമുണ്ടാവുന്നത്‌?

               ഹൃദയത്തിനു മുകളില്‍, കൈവെച്ചുകൊണ്ട്‌ നമസ്‌കരിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ആ ഹൃദയം കൂടി ശുദ്ധമാകണം. അസൂയയും പകയും അഹങ്കാരവും സംശയകെട്ടുകളും കുത്തിനിറച്ച ഹൃദയത്തിനു മുകളില്‍ കൈവെച്ചുകൊണ്ട്‌ അല്ലാഹുവിന്റെ തിരുദൂതര്‍(സ) ഒരു റക്‌അത്ത്‌ പോലും നമസ്‌കരിച്ചിട്ടില്ലെന്നത്‌ നാം മറന്നുപോകരുത്‌. ``നല്ലതു വിചാരിക്കല്‍ നല്ല ആരാധനയാണ്‌.'' (ഇബ്‌നുഹിബ്ബാന്‍ 632)

              ഒരാളെ സംശയിക്കാനുള്ള കാരണങ്ങള്‍ കണ്ടാല്‍ പോലും അയാളെക്കുറിച്ച്‌ ദുര്‍വിചാരങ്ങള്‍ പുലര്‍ത്താതിരിക്കലാണ്‌ തിരുനബി(സ)യുടെ ഉത്തമമാതൃക. ``ഇല്ല, അങ്ങനെയൊന്നുമുണ്ടാവില്ല'' എന്ന്‌ വിശ്വസിച്ച്‌ അയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ്‌ നമ്മുടെ ബാധ്യതയെന്ന്‌ ഉണര്‍ത്തുന്നത്‌ വിശുദ്ധ ഖുര്‍ആന്‍ തന്നെയാണല്ലോ.
 ``അതു കേട്ട സമയത്ത്‌ സത്യവിശ്വാസികളും വിശ്വാസിനികളും തങ്ങളുടെ സ്വന്തക്കാരെപ്പറ്റി എന്തുകൊണ്ട്‌ നല്ലതു വിചാരിക്കുകയും `ഇത്‌ വ്യക്തമായ കളവാണ്‌' എന്നു പറയുകയും ചെയ്‌തില്ല?''(24:12)