താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

ബര്‍കത്തുള്ള ജീവിതം


            എപ്പോഴാണ്‌ ജീവിതത്തില്‍ ബര്‍കത്തുണ്ടാകുന്നത്‌? നല്ല ആരോഗ്യവും ധാരാളം സമ്പത്തും ശക്തരായ മക്കളുമാണോ ജീവിതത്തിന്റെ ബര്‍കത്ത്‌? അങ്ങനെ വിചാരിച്ച്‌ സമാധാനിക്കുന്നവരാണ്‌ അധിക പേരും.


           പക്ഷേ, രോഗങ്ങളില്ലാത്ത ശരീരമുണ്ടായിട്ടും ആ ശരീരം കുറേക്കാലം ജീവിച്ചിട്ടും പ്രത്യേകിച്ചൊന്നും ചെയ്‌തുവെക്കാതെയും ബാക്കിയാക്കാതെയും എത്രയോ ആളുകള്‍ മരിച്ചുതീരുന്നു. സംതൃപ്‌തമായ സാമ്പത്തികാവസ്ഥയുണ്ടായിട്ടും ആ പണം കൊണ്ട്‌ കാര്യമായതൊന്നും ചെയ്‌തുവെക്കാതെ എത്രയോ പേരുടെ ജീവിതം തീരുന്നു. ലക്ഷക്കണക്കിന്‌ സമ്പത്ത്‌ കൈയിലൂടെ വന്നുപോയിട്ടും എവിടെ, എങ്ങനെ ആ പണം തീര്‍ന്നുവെന്ന്‌ സങ്കടപ്പെടുന്നവരുണ്ട്‌. സമയത്തിന്റെ സ്ഥിതിയും അങ്ങനെ തന്നെ. ഒഴിവുവേളകള്‍ വേണ്ടത്ര കിട്ടിയിട്ടും പ്രസക്തമായ യാതൊന്നും അതുകൊണ്ട്‌ നിര്‍വഹിക്കാന്‍ സാധിക്കാത്ത എത്രയോ പേരുണ്ട്‌. ശേഷിയുള്ള മക്കളുണ്ടായിട്ടും ആഗ്രഹിച്ച വിധം അവരെ ഉപയോഗപ്പെടുത്താന്‍ കഴിയാത്തവരും എമ്പാടുമുണ്ട്‌.


            അപ്പോള്‍ എന്താണ്‌ ജീവിതത്തിന്റെ ബര്‍കത്ത്‌? ജീവിതാനുഗ്രഹങ്ങളിലെല്ലാം അല്ലാഹു ബര്‍കത്ത്‌ ചൊരിയുന്നതെപ്പോഴാണ്‌? നമ്മള്‍ വിചാരിക്കുന്നതിനുമപ്പുറത്ത്‌ അല്ലാഹുവിന്റെ ചില കണക്കുകളുണ്ട്‌. അവന്റെ കുറേ നിബന്ധനകളുണ്ട്‌. അതുകൂടി നമ്മോടൊപ്പം വന്നുചേരുമ്പോഴേ ബര്‍കത്തുള്ള ജീവിതം വന്നുചേരൂ.


            രണ്ട്‌ ഉദാഹരണങ്ങള്‍ പറയാം: സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ മരണപ്പട്ടാല്‍ അവരുടെ കുടുംബത്തെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്‌ ആദ്യം പുറത്തുവരിക. മക്കളുടെ പഠനം ചിലര്‍ ഏറ്റെടുത്തു. കടം വീട്ടാന്‍ സഹായനിധി രൂപീകരിച്ചു. ഇങ്ങനെയൊക്കെ കേള്‍ക്കാം. വേണ്ടത്ര പണവും വേണ്ടതിലേറെ പ്രശസ്‌തിയുമൊഴുകുന്ന മേഖലയാണ്‌ സിനിമ. അത്രയും പണം കൈയില്‍ വന്നുപോയിട്ടും എന്തേ, അത്‌ ജീവിതത്തില്‍ തങ്ങി നിന്നില്ല? ഈ അനുഭവം ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്‌തനായൊരാള്‍ തുറന്നുപറഞ്ഞിട്ടുണ്ട്‌.


            ലോട്ടറി കിട്ടിയ പണം കൊണ്ട്‌ വീടുവെച്ച്‌ ജോലിനേടി മക്കളെ പഠിപ്പിച്ച ഒരാളുടെ അനുഭവം മുന്നിലുണ്ട്‌. പിതാവിന്റെ പണം കൊണ്ട്‌ പഠിച്ചുവളര്‍ന്ന്‌ ജോലി നേടിയ മൂന്നുമക്കളും അയാളെ തിരിഞ്ഞുനോക്കുന്നില്ല. ഭാര്യയുടെ അസുഖം കാരണം ആ വലിയ വീട്ടില്‍ ഒരു രാത്രി പോലും അയാള്‍ സുഖകരമായി കിടുന്നുറങ്ങിയിട്ടില്ല. സംതൃപ്‌തമായി ജോലി ചെയ്യാനോ സുഖത്തോടെ ജീവിക്കാനോ അയാള്‍ക്ക്‌ ഭാഗ്യം ലഭിച്ചില്ല. ലോട്ടറിപ്പണം ലഭിക്കുന്നതിനു മുമ്പ്‌, കൂലിവേലക്കാരനായിരുന്ന ആ മനുഷ്യന്‍ സന്തോഷത്തോടെയാണ്‌ ജീവിച്ചിരുന്നത്‌. ജീവിതത്തില്‍ ബര്‍കത്തില്ലാതാകുന്നത്‌ ഇങ്ങനെയൊക്കെയാണ്‌.


             അനുഗ്രഹങ്ങള്‍ മാത്രമുണ്ടായാല്‍ പോരാ. അനുഗ്രഹങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ വേണം. അത്‌ നമ്മള്‍ കാണുന്നതിനും അപ്പുറത്താണ്‌. ബര്‍കത്ത്‌ എന്നാല്‍ അതാണ്‌.
അനുഗ്രഹങ്ങളെ നേടിയെടുക്കുന്നതും വിനിയോഗിക്കുന്നതും അല്ലാഹു ഇഷ്‌ടപ്പെടും വിധത്തിലാവുന്നതാണ്‌ പ്രധാനം. നന്ദിയുള്ളവര്‍ക്ക്‌ അനുഗ്രഹങ്ങള്‍ പെരുകുമെന്ന്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌തിട്ടുണ്ടല്ലോ: ``നിങ്ങള്‍ നന്ദിയുള്ളവരായാല്‍ നിശ്ചമായും ഞാന്‍ നിങ്ങള്‍ക്ക്‌ -അനുഗ്രഹം- വര്‍ധിപ്പിച്ചുതരുന്നതാണ്‌. നിങ്ങള്‍ നന്ദികേടു കാണിച്ചാല്‍ കഠിനമായിരിക്കും എന്റെ ശിക്ഷ എന്ന്‌ നിങ്ങളുടെ രക്ഷിതാവ്‌ പ്രഖ്യാപിച്ചത്‌ ശ്രദ്ധേയമായ സന്ദര്‍ഭമാണ്‌.'' (ഇബ്‌റാഹീം 7)
ധാരാളം ജീവിത സുഖങ്ങളുണ്ടായിട്ടും സന്തോഷമനുഭവിക്കാന്‍ സാധിക്കാത്തവര്‍ക്കിടയില്‍, പരിമിതമായ ജീവിതവിഭവങ്ങള്‍ മാത്രമുള്ളപ്പോഴും സന്തോഷഭരിതമായി കഴിയുന്നവരെ നാം ധാരാളം കാണുന്നുണ്ട്‌. അവിടെയാണ്‌ ബര്‍കത്തിനെപ്പറ്റി വീണ്ടും വീണ്ടും ചിന്തിക്കേണ്ടത്‌.


               എന്റെ ആരോഗ്യവും പണവും സമയവും അറിവും മക്കളും എനിക്കു മാത്രമുള്ളതല്ല എന്ന്‌ തിരിച്ചറിയുന്നതു മുതലാണ്‌ നമ്മുടെയെല്ലാം ജീവിതത്തില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള 
അനുഗ്രഹങ്ങള്‍ പെയ്‌തുതുടങ്ങുക. അന്നു തൊട്ട്‌ നമ്മുടെ ജീവിതത്തില്‍ പുതിയൊരു വെളിച്ചം ലഭിക്കും.


അല്ലാഹുവേ ഞങ്ങളുടെ ജീവിതത്തിലെങ്ങും നിന്റെ ബര്‍കത്ത്‌ ചൊരിയേണമേ..


.