താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

തീരാത്ത റമദാന്‍

               ഉന്നത വ്യക്തികളുടെ മരണവാര്‍ത്ത പത്രങ്ങളില്‍ നിറഞ്ഞുകിടക്കും. അകത്തും പുറത്തുമെല്ലാം അവരെക്കുറിച്ച അനുസ്‌മരണങ്ങള്‍ കവിയും. ആ വാര്‍ത്തകള്‍ മുഴുവന്‍ വായിച്ചാലും ചിലപ്പോള്‍ നമ്മുടെ മനസ്സില്‍ യാതൊരു സങ്കടവും ബാക്കിയാകാറില്ല. എന്നാല്‍ ചരമപേജില്‍ കുറേ മരണവാര്‍ത്തകളുടെ കൂട്ടത്തിലുള്ള ഒരു ചെറിയ വാര്‍ത്ത നമ്മെ വല്ലാതെ വേദനിപ്പിക്കാറുണ്ട്‌. മനസ്സിലൊരു മുറിവായി ആ വാര്‍ത്ത നീറിക്കൊണ്ടിരിക്കും. മരിച്ചയാളുടെ വലുപ്പത്തേക്കാള്‍ അയാളോട്‌ നമുക്കുള്ള ബന്ധമാണ്‌ സങ്കടത്തിന്റെ അടിസ്ഥാനമാകുന്നത്‌, അല്ലേ?

               എങ്കില്‍, മറ്റൊരു റമദാന്‍ കൂടി വിടചൊല്ലിയ ഈ വേളയില്‍ ഹൃദയത്തില്‍ വേദന തുടിക്കുന്നത്‌ ആ റമദാനിനെ ഹൃദയത്തോട്‌ അടുപ്പിച്ചവര്‍ക്കു മാത്രമായിരിക്കും. പ്രാര്‍ഥനയുടെ കണ്ണീരില്‍ കുതിര്‍ന്ന്‌ പുതിയൊരു ജീവിതത്തിന്‌ പ്രതിജ്ഞയെടുക്കുന്നവര്‍ക്ക്‌ റമദാന്‍ തീരുന്നതിഷ്‌ടപ്പെടില്ല. ശരീരത്തിലെ രക്തമെല്ലാം ഒരു കേന്ദ്രത്തിലെത്തി ശുദ്ധീകരിക്കപ്പെടുന്നതു പോലെ ജീവിതത്തിലെ കറകളെല്ലാം റമദാനിലെത്തി കഴുകുകയാണ്‌. കളകളെയും കീടങ്ങളെയും നശിപ്പിച്ച ശേഷം നല്ല മണ്ണില്‍ വിത്തുപാകുന്നതു പോലെ, അഴുക്കില്ലാത്ത പുതിയ മനസ്സില്‍ ഇനി ഭക്തിയുടെ പൂച്ചെടി വളരുകയാണ്‌. ശീലങ്ങളിലാണ്‌ റമദാന്‍ ഇടപെടേണ്ടത്‌. ദുശ്ശീലങ്ങളെ ദൂരേക്കെറിഞ്ഞ്‌ നല്ല ശീലങ്ങളെ അടുപ്പിച്ചുനിര്‍ത്താനുള്ള തയ്യാറെടുപ്പിന്റെ കാലമായിരുന്നു റമദാന്‍.
വസന്തമെത്തുമ്പോള്‍ ഇലകള്‍ക്കും പൂക്കള്‍ക്കുമെല്ലാം പുതിയൊരു തുടിപ്പും തിളക്കവും കൈവരും. അത്ര തിളക്കവും നവോന്മേഷവും റമദാന്‍ കൊണ്ട്‌ കൈവരിച്ചവര്‍ ഭാഗ്യവാന്മാര്‍. ഒരു ദുശ്ശീലത്തിനെങ്കിലും അറുതി വരുത്താനും ഒരു നല്ല ശീലത്തിനെങ്കിലും ആരംഭമിടാനും സാധിച്ചവര്‍ മഹാവിജയികള്‍!

                   പ്രാര്‍ഥനയാണ്‌ ഓരോ ആരാധനയിലും നിറയേണ്ടത്‌. ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ഥനകള്‍ സ്വയം ശുദ്ധീകരണത്തിനുള്ള അവസരമാണ്‌. അപേക്ഷിക്കുന്നവരെ പരീക്ഷിക്കുമെങ്കിലും ഉപേക്ഷിക്കാത്തവനായ നാഥനോട്‌ ഹൃദയമറിഞ്ഞ്‌ നാം പ്രാര്‍ഥിക്കുക. തിരുനബിയുടെ പ്രാര്‍ഥനകള്‍ നമുക്കു വഴികാണിക്കുന്നു:

``അല്ലാഹുവേ, നിന്റെ അനുഗ്രഹത്തെ ഞാന്‍ ആഗ്രഹിക്കുന്നു. നീയല്ലാതെ ആരാധ്യനില്ല. എന്റെ കാര്യങ്ങളെല്ലാം നീ ശരിപ്പെടുത്തണേ. കണ്ണു ചിമ്മി തുറക്കുന്ന നേരത്തേക്കു പോലും എന്റെ കാര്യങ്ങള്‍ നീ എന്നെ ഏല്‌പിക്കരുതേ.''

``നാഥാ, ഞാന്‍ ഇഷ്‌ടപ്പെടുന്ന കാര്യങ്ങളെല്ലാം നിന്റെ സ്‌നേഹം ലഭിക്കുന്നതാക്കണേ. പൂര്‍ണഹൃദയത്തോടെ നിന്നെ ഇഷ്‌ടപ്പെടുന്നവരില്‍ എന്നെ ചേര്‍ക്കണേ.''

``അല്ലാഹുവേ നിന്നെ ധാരാളം ഓര്‍മിക്കാനും നിനക്കായ്‌ നന്ദി ചെയ്യാനും നിന്നെ ഭയപ്പെട്ട്‌ ജീവിക്കാനും എനിക്ക്‌ നീ അനുഗ്രഹമരുളേണമേ. അല്ലാഹുവേ, നിന്നെ സൂക്ഷിച്ച്‌ ജീവിക്കാനും നിന്നിലേക്ക്‌ പശ്ചാത്തപിച്ച്‌ മടങ്ങാനുമുള്ള ഭാഗ്യം നല്‍കണേ. അല്ലാഹുവേ, എന്റെ പാപങ്ങള്‍ കഴുകി ശുദ്ധീകരിക്കുകയും എന്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യണേ. അല്ലാഹുവേ, എനിക്ക്‌ മനസ്സുറപ്പ്‌ നല്‌കുകയും നാവിനെ ശരിപ്പെടുത്തുകയും നിഷ്‌കളങ്കനാക്കുകയും പ്രാര്‍ഥന സ്വീകരിക്കുകയും ചെയ്യേണമേ.''

``അല്ലുഹുവേ, നന്മകള്‍ ചെയ്യാനും തിന്മകളില്‍ നിന്നകലാനും സാധുക്കളെ സ്‌നേഹിക്കാനും ഭാഗ്യം നല്‌കണേ. പാപ മോചനവും കാരുണ്യവും നല്‌കണേ. പരീക്ഷണങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുത്തണേ. നാഥാ, നിന്റെ സ്‌നേഹത്തെയും നിന്നെ സ്‌നേഹിക്കുന്നവരുടെ സ്‌നേഹത്തെയും ഞാന്‍ തേടുന്നു. നിന്റെ സ്‌നേഹം കൈവരാനുള്ള കര്‍മങ്ങളും ഞാന്‍ തേടുന്നു.'' 

``അല്ലാഹുവേ, പാപങ്ങളില്‍ നിന്നും കുറ്റങ്ങളില്‍ നിന്നും എന്നെ ശുദ്ധീകരിക്കണേ. അഴുക്കില്‍ നിന്ന്‌ വെള്ളയുടുപ്പ്‌ കഴുകിയെടുക്കും വിധം പാപങ്ങളില്‍ നിന്ന്‌ എനിക്ക്‌ ശുദ്ധി തരേണമേ.''

``അല്ലാഹുവേ, ഞങ്ങളുടെ മനസ്സുകള്‍ക്കിടയില്‍ സൗഹൃദവും ഇണക്കവും ഉണ്ടാക്കണമേ. രക്ഷാമാര്‍ഗം നല്‌കുകയും ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ നയിക്കുകയും ചെയ്യണേ. തെളിഞ്ഞതും മറഞ്ഞതുമായ പാപങ്ങളില്‍ നിന്ന്‌ മോചനം നല്‌കണമേ. മക്കളിലും ഇണയിലും മനസ്സിലും കാതിലും കണ്ണിലും അനുഗ്രഹങ്ങള്‍ ചൊരിയണേ.''

``അല്ലാഹുവേ, കാപട്യത്തില്‍ നിന്ന്‌ തന്റെ മനസ്സിനെയും ഭൗതിക മോഹങ്ങളില്‍ നിന്ന്‌ കര്‍മങ്ങളെയും അസത്യത്തില്‍ നിന്ന്‌ നാവിനെയും കള്ളസഞ്ചാരങ്ങളില്‍ നിന്ന്‌ കണ്ണിനെയും നീ ശുദ്ധീകരിക്കേണമേ. കണ്ണിന്റെ കള്ളത്തരങ്ങളും മനസ്സില്‍ മറച്ചുവെച്ചതും അറിയുന്നവനാണല്ലോ നീ.''

``അല്ലാഹുവേ, നിന്റെ വിധികളില്‍ സംതൃപ്‌തനാകാനും നീ നല്‌കിയതില്‍ തൃപ്‌തനാകാനും എന്നെ സഹായിക്കണേ.''

``എന്റെ രഹസ്യവും പരസ്യവുമറിയുന്നവനേ, എന്റെ വീഴ്‌ചകള്‍ പരിഹരിക്കണേ. എന്റെ ആവശ്യങ്ങള്‍ അറിയുന്നവനേ ഈ പ്രാര്‍ഥനകള്‍ സ്വീകരിക്കണേ. ഞാന്‍ ചെയ്‌ത തിന്മകള്‍ കാരണം നിന്നില്‍ നിന്നുള്ള കാരുണ്യം തടയരുതേ. അല്ലാഹുവേ, നിന്റെ വാഗ്‌ദാനങ്ങള്‍ സത്യമാണ്‌. എന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കണേ.''

പ്രാര്‍ഥന പകരുന്ന കെട്ടുറുപ്പും മനശ്ശാന്തിയും നിരന്തരം അനുഭവിക്കേണ്ടവരാണു നാം. നടന്നുതീര്‍ത്ത വഴികളെ വീണ്ടും വീണ്ടും പുനപ്പരിശോധിച്ചും, പുതിയ പാതയിലേക്ക്‌ കരുതലോടെ കാലൂന്നിയും ആയുസ്സിനെ ധന്യമാക്കാം.
 മനസ്സിലെ റമദാന്‍ മാഞ്ഞുപോകാതിരിക്കട്ടെ!