താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

ഇതാ, ഇതാണ്‌ മഹത്വം!

വിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല.

ഖലീഫയാകുന്നതിനു മുമ്പ്‌ കച്ചവടമായിരുന്നു ഉമറിന്റെ ജീവിതമാര്‍ഗം. സാമാന്യം നല്ല രീതിയില്‍ കുടുംബം പുലര്‍ന്നുപോന്നു. ഖലീഫയായ ശേഷം അധികകാലം കച്ചവടം തുടരാന്‍ കഴിഞ്ഞില്ല. പൊതുസ്വത്തില്‍ നിന്നുള്ള ചെറിയ തുക കൊണ്ടാണിപ്പോള്‍ ഖലീഫയുടെയും കുടുംബത്തിന്റെയും ജീവിതം. ധാരാളിത്തം ആഗ്രഹിച്ചില്ല, ആര്‍ത്തിയില്ലാതെ കഴിഞ്ഞുകൂടി; അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിച്ചില്ല. സാധനവില കുതിച്ചുകയറിയപ്പോള്‍ അധികം വിഷമിക്കേണ്ടി വന്നു. പലപ്പോഴും കടം വാങ്ങേണ്ടിയും വന്നു. അപ്പോഴും ഖലീഫയുടെ ശമ്പളവര്‍ധനവിനെപ്പറ്റി ഉമര്‍ ഓര്‍ത്തതേയില്ല.

ഉസ്‌മാന്‍, അലി, ത്വല്‍ഹ, സുബൈര്‍ -ഉമറിന്റെ സുഹൃത്തുക്കളും സഹചാരികളുമാണ്‌. അവര്‍ ഒരുമിച്ചിരുന്ന്‌ ആലോചിച്ചു; ഖലീഫയുടെ വിഷമങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഖലീഫയുടെ ദരിദ്ര ജീവിതം ഇസ്‌ലാമിക രാഷ്‌ട്രത്തിനാകമാനം വിഷമമാണെന്ന്‌ അവര്‍ക്ക്‌ തോന്നി. എല്ലാവര്‍ക്കും ഒരേ അഭിപ്രായം; ജീവിതവൃത്തിക്കാവശ്യമായ തുക ഖലീഫക്ക്‌ ശമ്പളമായി ലഭിക്കണം!
പോംവഴി കണ്ടെത്താന്‍ എളുപ്പമാണെങ്കിലും നടപ്പിലാക്കാന്‍ വേഗത്തിലാകില്ല. വിഷയം ഉമറിന്റേതാണല്ലോ! പൊതുഖജനാവില്‍ നിന്ന്‌ ഏറ്റവും ചെറിയ സംഖ്യ അനുഭവിക്കുന്നത്‌ താനായിരിക്കണമെന്ന്‌ ഉമറിന്‌ നിര്‍ബന്ധമുണ്ട്‌. അങ്ങനെയുള്ള ഖലീഫക്കു മുമ്പില്‍ ആരാണ്‌ വിഷയമവതരിപ്പിക്കുക?

ഉമര്‍ കര്‍ശന സ്വഭാവിയാണ്‌; വിശേഷിച്ചും സ്വന്തം തീരുമാനങ്ങളില്‍. മതപരമായ വിഷയങ്ങളില്‍ അതിലേറെയും! ഉസ്‌മാന്‍(റ) ഒരു നിര്‍ദേശം പറഞ്ഞു:
``ഖലീഫയുടെ മകള്‍ ഹഫ്‌സ സഹായിക്കുമോ?''
അവര്‍, എല്ലാവരും ഹഫ്‌സയെ സമീപിച്ച്‌, ഖലീഫയെ അറിയിക്കേണ്ട കാര്യം പറഞ്ഞു. ഉമര്‍ ഒറ്റക്കിരുന്ന സമയം നോക്കി ഹഫ്‌സ വിഷയമവതരിപ്പിച്ചു.
എല്ലാം നിശബ്‌ദമായി കേട്ട ഉമര്‍, പതുക്കെ എഴുന്നേറ്റു. ഹഫ്‌സയുടെ മനസ്സില്‍ ഉത്‌കണ്‌ഠ! കര്‍ക്കശമായ മുഖഭാവത്തോടെ ഉമര്‍ ചോദിച്ചു:
``ഹഫ്‌സാ, നീയിപ്പോള്‍ പറഞ്ഞ വാക്കുകള്‍ നിന്റെ വാക്കുകളല്ല എന്നെനിക്കറിയാം, ആരോ ഇതിനു പിന്നിലുണ്ട്‌. അവരെ ഞാന്‍ `വെറുതെ വിടില്ല!'
ഉമര്‍ തുടര്‍ന്നു: ``മോളെ, നീ പ്രവാചകന്റെ പത്‌നിയായിരുന്നല്ലോ, ഒന്നു ചോദിക്കട്ടെ; അദ്ദേഹത്തിന്‌ ആകെ എത്ര വസ്‌ത്രങ്ങളുണ്ടായിരുന്നു?''
``രണ്ട്‌''
``അദ്ദേഹം ഭക്ഷിച്ച ഏറ്റവും നല്ല ആഹാരമേതായിരുന്നു?''
``നെയ്‌ പുരട്ടിയ ഗോതമ്പുറൊട്ടി.''
``പ്രവാചകന്റെ വിരിപ്പ്‌ എങ്ങനെയുള്ളതായിരുന്നു?''
``ഒരു പരുക്കന്‍ തുണി. ചൂടുള്ളപ്പോള്‍ അത്‌ വിരിക്കും. തണുപ്പായാല്‍ പകുതി വിരിക്കും, പകുതി പുതയ്‌ക്കും.''

``ഹഫ്‌സാ, നിന്നെ പറഞ്ഞു വിട്ടവരോട്‌ നീയിത്‌ പറയണം. റസൂലിന്റെയും അബൂബക്‌റിന്റെയും ജീവിതം അത്രമാത്രം ലളിതവും ക്ലേശം നിറഞ്ഞതുമായിരുന്നു, എന്ന്‌. പ്രവാചക തിരുമേനി, അവിടുത്തെതിനു പിന്നില്‍ അബൂബക്‌ര്‍, അവരുടെ പിന്നില്‍ ഈ പാവം ഉമര്‍! എന്റെ മുന്‍ഗാമികളായ രണ്ടു പേരും ജീവിതലക്ഷ്യം സാക്ഷാത്‌കരിച്ചു. അവര്‍ നയിച്ച ജീവിതരീതിയാണ്‌ അവരുടെ വിജയ രഹസ്യം, ഇനി എന്റെ ഊഴമാണ്‌ ഹഫ്‌സാ, ഖുര്‍ആനിനെ മറക്കരുത്‌.
``നിങ്ങളുടെ ഇഹജീവിതത്തില്‍ വെച്ചു തന്നെ നല്ല വസ്‌തുക്കളെ നിങ്ങള്‍ പാഴാക്കിക്കളഞ്ഞു. അവയെക്കൊണ്ട്‌ നിങ്ങള്‍ സുഖമനുഭവിച്ചു.'' (46:20) -മോളേ, ഈ താല്‌ക്കാലിക സുഖത്തിന്റെ പിന്നാലെ ഞാന്‍ പോയ്‌ക്കൂടാ. മുന്‍ഗാമികളുടെ വിശുദ്ധിയുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നാല്‍ സംശയമേതുമില്ല, ഞാനും വിജയത്തിലേക്കുയരും. മറിച്ചൊരു മാര്‍ഗം സ്വീകരിച്ചാല്‍ ഞാന്‍ തോറ്റുപോകും!''

പിതാവിനോട്‌ പിന്നൊന്നും മകള്‍ക്ക്‌ പറയാനില്ലായിരുന്നു. കണ്ണു നിറഞ്ഞ്‌, ഗദ്‌ഗദത്തോടെ അവള്‍ തിരിച്ചുപോന്നു!
ലളിതജീവിതവും ഉന്നത ചിന്തയുമാണ്‌ മഹത്വത്തിന്റെ വഴിയെന്ന്‌ ഉമര്‍(റ) തിരിച്ചറിഞ്ഞു. അസംതൃപ്‌തിയും അമിതാഗ്രഹങ്ങളുമാണ്‌ നാശത്തിന്റെ കാരണങ്ങള്‍. ചുറ്റുപാടിനൊപ്പിച്ച്‌ ജീവിക്കാന്‍ ശീലിക്കുമ്പോള്‍ ഉള്ള ജീവിതത്തിന്റെ രസമാണ്‌ തകരുന്നത്‌!