താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

വെയിലില്‍ വാടാതെ, മഴയില്‍ കുതിരാതെ...



Print E-mail

ഈയടുത്താണ്‌ അദ്ദേഹത്തെ വീണ്ടും കണ്ടത്‌. വിദേശത്ത്‌ ഇസ്‌ലാമിക പ്രബോധനത്തില്‍ സജീവ പങ്കാളിയായ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്നതാണ്‌. ഒരു രാത്രി ഞങ്ങള്‍ ഒരുമിച്ചിരുന്നു. കുവൈത്തിന്റെ വിദൂര ദിക്കില്‍ നീണ്ടുപരന്ന മരുഭൂമിയുടെ വക്കില്‍ മനോഹരമായ ആ കൊച്ചുവീട്ടിലിരുന്ന്‌ ഞങ്ങള്‍ സംസാരം തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചുറ്റുമുണ്ട്‌. ഭക്തി കൊണ്ട്‌ അലങ്കരിക്കപ്പെട്ട ആ വീട്‌ ആരെയും ആകര്‍ഷിക്കും. മുപ്പത്‌ വര്‍ഷത്തിലേറെയുള്ള കുവൈത്തിലെ ജീവിതം അദ്ദേഹം ഇതള്‍ നിവര്‍ത്തി; കനല്‍വഴികളിലൂടെയുള്ള ആ ജീവിതയാത്ര പലരെയും പലതും പഠിപ്പിക്കും. അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞു:

``എന്റെ ജീവിതത്തില്‍ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്‌. ഇപ്പോഴും കണ്ണു നനയുകയും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാവുകയും ചെയ്യുന്ന അനുഭവങ്ങളാണത്‌. വളരെ ചെറുപ്രായത്തില്‍ വിദേശത്ത്‌ എത്തിയവനാണ്‌ ഞാന്‍. ഭാര്യയെ ഇങ്ങോട്ടു കൊണ്ടുവന്ന്‌, അവള്‍ പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ്‌ ഇവിടെ ഇറാഖ്‌-കുവൈത്ത്‌ യുദ്ധം ആരംഭിച്ചത്‌. മരണം പ്രതീക്ഷിച്ചു കഴിഞ്ഞ എത്രയോ നിമിഷങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. തൊട്ടപ്പുറത്തുള്ള വീടുകളില്‍ വരെ ബോംബാക്രമണം നടന്നു. ഒരിക്കല്‍, രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഒരു ഇറാഖീ സൈനികന്‍ എന്റെ നേരെ തോക്കു ചൂണ്ടി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്‌ രക്ഷപ്പെട്ടത്‌. പ്രസവശേഷം ആ കൈക്കുഞ്ഞുമായാണ്‌ ഞങ്ങള്‍ നാട്ടിലേക്കു പോകാനൊരുങ്ങിയത്‌. കൈയില്‍ പണമില്ല. വാഹനമില്ല. ചുറ്റും ഇറാഖീ സൈന്യം! ആര്‍ക്കും എങ്ങനെയും രക്ഷപ്പെടാനാകില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ചിലപ്പോഴൊക്കെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുണ്ടായി. ചെറിയ കുഞ്ഞ്‌ ഉള്ളതിനാല്‍ ഞങ്ങള്‍ക്ക്‌ വേഗം പോകാന്‍ വഴിയൊരുങ്ങി.

ബാഗ്‌ദാദ്‌ വരെ ബസ്സിലാണ്‌ യാത്ര. നാട്ടില്‍ പോകാന്‍ വഴിയില്ലാതെ പൊട്ടിക്കരയുന്ന എത്രയോ പേര്‍, അന്നു ഞങ്ങളെ യാത്രയയ്‌ക്കാന്‍ കുടെ വന്നു. ആരും കൊതിച്ചു പോകുന്ന രക്ഷപ്പെടലായിരുന്നു അത്‌. പക്ഷെ, എന്റെ മനസ്സില്‍ എന്തോ ഒരു പന്തികേട്‌. ഞാന്‍ ഭാര്യയോട്‌ പറഞ്ഞു: നമുക്ക്‌ ഇറങ്ങാം! മറുത്തൊരു വാക്കും അവള്‍ പറഞ്ഞില്ല. ഞങ്ങള്‍ ഇറങ്ങി. എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തി. പക്ഷെ, പിന്നെയാണ്‌ അറിയുന്നത്‌, ആ ബസ്സില്‍ പോയവരെല്ലാം വെറും കൈയോടെ തിരികെ വന്നു! അല്ലാഹുവിലുള്ള പ്രതീക്ഷയും വിശ്വാസവും എനിക്ക്‌ വര്‍ധിച്ചു. അവനാണ്‌ സഹായിച്ചത്‌. പിന്നീടും നാട്ടിലേക്ക്‌ പോകാനൊരുങ്ങി. ആ യാത്രയുടെ കഥ വിവരിച്ചാല്‍ തീരുകയില്ല. കൈയില്‍ പണമില്ല, ഭക്ഷണമില്ല, മറ്റൊരു വസ്‌ത്രമില്ല -പക്ഷേ ഒന്നു മാത്രം ഉണ്ടായിരുന്നു; പടച്ചവനിലുള്ള പതറാത്ത പ്രതീക്ഷ! അവന്‍ ഞങ്ങളെ സഹായിച്ചു. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ നാട്ടില്‍ വിമാനമിറങ്ങി. അഭയാര്‍ഥികളായിരുന്നു ഞങ്ങള്‍. മുഷിഞ്ഞു നാറിയ വസ്‌ത്രങ്ങളായതുകൊണ്ട്‌, പകലില്‍ വീട്ടിലേക്കു പോയില്ല; രാത്രിയാകാന്‍ കാത്തിരുന്നു. ഇന്നുമോര്‍ക്കുമ്പോള്‍ അല്ലാഹുവിനോടുള്ള നന്ദിയും കടപ്പാടും എങ്ങനെ തീര്‍ക്കും!''

ഓര്‍മയുടെ തീനാളങ്ങള്‍ ചൂടേല്‌പിച്ചപ്പോള്‍ അവരുടെയെല്ലാം കണ്ണു നിറഞ്ഞു. കണ്ണു നിറഞ്ഞാലും ഈമാന്‍അവരുടെ നെഞ്ചിലുണ്ട്‌.

``പിന്നെയും ഇങ്ങോട്ടു പോന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കൊണ്ട്‌ നല്ല അവസ്ഥയില്‍ ജീവിച്ചു. പക്ഷേ, അവന്റെ പരീക്ഷണങ്ങള്‍ എന്നെ വിട്ടുപോയില്ല. വാഹനം പല പ്രാവശ്യം അപകടത്തില്‍ പെട്ടു. മരണത്തെ മുഖാമുഖം കണ്ട നേരത്തും ഈമാനോടു കൂടി പിടിച്ചുനിന്നു. അല്ലാഹുവിനെപ്പറ്റി അറിഞ്ഞ കാര്യങ്ങള്‍ ഹൃദയത്തിന്‌ കരുത്തായിത്തീര്‍ന്നു. എനിക്കറിയാം, എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളായിരുന്നു. എന്റെ ഈമാന്‍ അളന്നുനോക്കുകയായിരുന്നു. പരീക്ഷണങ്ങളിലാണ്‌ ഈമാന്‍ നഷ്‌ടപ്പെട്ടുപോവുക. എന്റെ ഉപ്പയാണ്‌ എനിക്ക്‌ മാതൃക. അര്‍ഹതയില്ലാത്ത ഒന്നും അദ്ദേഹം അനുഭവിച്ചിട്ടില്ല. ഭൗതികമായി ഒന്നും ഞങ്ങള്‍ക്ക്‌ ബാക്കി വെച്ചില്ലെങ്കിലും ആത്മീയമായ ശക്തിയും ഉന്നത മൂല്യങ്ങളും ഞങ്ങളില്‍ നിറച്ചു. രോഗം കഠിനമായ സമയത്ത്‌, എന്തിനോ ആംഗ്യം കാണിച്ചു. എഴുന്നേറ്റിരിക്കാനായിരുന്നു. കലിമ ചൊല്ലി, നമസ്‌കരിക്കാന്‍ കൈ കെട്ടി. കമിഴ്‌ന്നു വീണു, മരിച്ചു! ഉപ്പ നല്‌കിയ ഉപദേശങ്ങള്‍ മുഴുവന്‍ ഖുര്‍ആനായിരുന്നു. എന്റെ മക്കളെയും ആ വഴിയിലൂടെയാണ്‌ ഞാന്‍ നടത്തുന്നത്‌...''

അനുഭവങ്ങളുടെ അനേകം കഥകള്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു; സ്‌നേഹധന്യയായ ആ ഭാര്യ അദ്ദേഹത്തിന്റെ വലിയ കരുത്താണ്‌. എന്തിലും പരിഭവമില്ലാതെ, എത്രയും പിന്തുണയായി, എവിടെയും താങ്ങായി അവര്‍ കൂടെയുണ്ട്‌. ഈമാനിന്റെ ശക്തി അനുഭവിക്കുന്നവരാണ്‌ ഈ കുടുംബാംഗങ്ങള്‍. ഈമാന്‍ അറിയാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്‌!

ഭര്‍ത്താവും മക്കളുമെല്ലാം മരണപ്പെട്ട്‌, കഷ്‌ടപ്പാടിന്റെ കടലില്‍ ഒറ്റപ്പെട്ട ഒരു സ്‌ത്രീയെ പരിചയമുണ്ട്‌. ``ഖുര്‍ആന്‍ പഠിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തിരിക്കും'' എന്നാണവര്‍ പറഞ്ഞത്‌! ഭാര്യയും മകനും മകന്റെ ഭാര്യയും മകളും ഭര്‍ത്താവും മരണപ്പെട്ട്‌ സങ്കടക്കടലിലായ ഒരാളുണ്ട്‌. അദ്ദേഹം പറഞ്ഞതിങ്ങനെ: ``എനിക്ക്‌ അല്ലാഹു മാത്രമാണ്‌ ആശ്വാസം!''

തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌: ``പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കുന്നവനെ അല്ലാഹു കൂടുതല്‍ ക്ഷമാശീലം നല്‌കി അനുഗ്രഹിച്ചുകൊണ്ടിരിക്കും. ക്ഷമയെക്കാള്‍ വിപുലവും വിശിഷ്‌ടവുമായ ഒരുനുഗ്രഹവും ഒരാള്‍ക്കും നല്‌കിയിട്ടില്ല.'' (ഇമാം മാലിക്‌-മുവത്വ 2:997)

ഇനിയും പലതും അനുഭവിക്കാനുള്ളതാണ്‌ നമ്മുടെയൊക്കെ ജീവിതം. അന്ന്‌ പിടിച്ചുനില്‌ക്കാനുള്ള ഈമാന്‍ ഇന്ന്‌ ശേഖരിച്ചുകൊണ്ടിരിക്കണം. നല്ല കാലത്ത്‌ പണം നിക്ഷേപിച്ചവര്‍ക്കേ, പ്രയാസമുള്ളപ്പോള്‍ എ റ്റി എമ്മില്‍ നിന്ന്‌ പണം ലഭിക്കൂ; അല്ലേ?