താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

പാര്‍ഥനയുടെ കണ്ണീരില്‍ തൗബയുടെ തേങ്ങലോടെ


                                     മരം മുറിച്ചുകഴിഞ്ഞാല്‍ ബാക്കി കിടക്കുന്ന കുറ്റിയെ നിരീക്ഷിച്ചുനോക്കൂ. അതിന്റെ തൊലിയും വെള്ളയുമെല്ലാം നശിച്ചുപോകുന്നു. പക്ഷേ, കാതല്‍ മാത്രം കാലങ്ങളോളം ബാക്കി കിടക്കുന്നു. മരത്തിന്റെ ഗുണവും കരുത്തുമാണ്‌ ആ കാതല്‍.
ശരി. നമ്മുടെ ഗുണവും കരുത്തുമെന്താണ്‌? കര്‍മങ്ങളാണെന്ന്‌ തിരുനബി(സ) പറഞ്ഞുതന്നു. ഇക്കാണുന്നതെല്ലാം ഇന്നോ നാളെയോ നശിച്ചുപോകാനുള്ളതാണ്‌. കര്‍മങ്ങള്‍-നല്ലതും ചീത്തയും പിന്നെയും ബാക്കി കിടക്കും. ``സമ്പത്ത്‌, കുടുംബം കര്‍മങ്ങള്‍ എന്നിവയുടെ ഉപമ മൂന്നു സഹോദരങ്ങളെപ്പോലെയോ കൂട്ടുകാരെപ്പോലെയോ ആണ്‌. അവരില്‍ ഒരാള്‍ പറയും: ``ഞാന്‍ നിന്റെ ജീവിതകാലത്ത്‌ നിന്റെ കൂടെയുണ്ടാവും, എന്നാല്‍ നീ മരണപ്പെടുന്നതോടെ ഞാനും നീയും തമ്മിലുള്ള സര്‍വ ബന്ധങ്ങളും അറ്റുപോകുന്നതാണ്‌. രണ്ടാമന്‍ പറയും: ഞാനും നിന്നോടൊപ്പം ഉണ്ടാകും. എന്നാല്‍ ആ കാണുന്ന മരത്തിന്റെ സമീപത്ത്‌ നീ എത്തിയാല്‍ (ഖബ്‌റിടത്തില്‍) പിന്നെ ഞാനും നീയും തമ്മില്‍ ബന്ധമൊന്നുമില്ല. മൂന്നാമന്‍ പറയും: ഞാന്‍ സദാ നിന്റെ കൂടെയുണ്ടാവും. നീ ജീവിച്ചാലും മരിച്ചാലും.'' (ബസ്സാര്‍ 3228, ഹൈഥമി, മജ്‌മൂഉസ്സവാഇദ്‌ 10:252)
ആയുസ്സിനെക്കാള്‍ പ്രധാനമാണ്‌ ആയുസ്സില്‍ ചെയ്‌ത കര്‍മങ്ങള്‍. മരണശേഷവും അവ നമ്മെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നു; അഥവാ, മരണത്തോടെയാണ്‌ കര്‍മങ്ങളുമായുള്ള യഥാര്‍ഥ ബന്ധം ആരംഭിക്കുന്നത്‌. മറ്റുള്ള എല്ലാ അനുഗ്രഹങ്ങളും കര്‍മങ്ങളുമായാണ്‌ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്‌. മക്കളും സമ്പത്തുമെല്ലാം മരണാനന്തര ജീവിതത്തിനായി എപ്രകാരം ഉപയോഗിച്ചുവെന്നതാണ്‌ കാര്യം. മരണപ്പെട്ട വ്യക്തിയെക്കുറിച്ച്‌ റസൂല്‍(സ) പറഞ്ഞതിങ്ങനെ: ``കുടുംബവും സ്വത്തും തിരിച്ചുപോരും. കര്‍മങ്ങള്‍ അവനോടൊപ്പം നിലകൊള്ളും.'' (ബുഖാരി 6514)
ബര്‍റാഅ്‌ബിനു ആസിബില്‍(റ) നിന്നുദ്ധരിക്കുന്ന ദീര്‍ഘമായൊരു ഹദീസില്‍, ഖബ്‌റിലെ അവസ്ഥ വിശദമാക്കുന്നതിങ്ങനെയാണ്‌: ``സുന്ദര വസ്‌ത്രങ്ങള്‍ ധരിച്ച്‌, പരിമളം വിതറി, സുമുഖനായ ഒരാള്‍ അവിടേക്ക്‌ വരും. അയാള്‍ പറയും: സന്തോഷിച്ചോളൂ, ആനന്ദകരമായതെല്ലാം നിനക്കായി ഒരുക്കിയിരിക്കുന്നു. മുമ്പേ പറഞ്ഞ ആ ദിവസമാണിന്ന്‌. വിശ്വാസി ചോദിക്കും: താങ്കള്‍ ആരാണ്‌? നിങ്ങളുടെ സുന്ദരമുഖം കാണുമ്പോള്‍ തന്നെ ആനന്ദമുണ്ടാകുന്നു. അയാള്‍ പറയും: നിന്റെ സല്‍കര്‍മങ്ങളാണു ഞാന്‍. അപ്പോള്‍ സത്യവിശ്വാസി പറയും: നാഥാ, ആ ഖിയാമത്ത്‌ ദിനം ഒന്നു വേഗമാക്കണേ. അപ്പോഴതാ, മുഷിഞ്ഞ വസ്‌ത്രം ധരിച്ച്‌, ദുര്‍ഗന്ധം പരത്തി, വിരൂപനായ ഒരാള്‍ അങ്ങോട്ട്‌ വരുന്നു. നിനക്ക്‌ നാശം, അന്നു പറഞ്ഞ ആ ദിവസമാണിത്‌. നിഷേധിയായ മനുഷ്യന്‍ ചോദിക്കും: നീയാരാണ്‌? ഞാന്‍ നിന്റെ പാപങ്ങളാണ്‌! സത്യനിഷേധിയായ അയാള്‍ കരഞ്ഞു പേടിച്ച്‌ പറയും: നാഥാ, ആ ഖിയാമത്ത്‌ അടുത്തൊന്നും വരാതിരിക്കണേ...''(അഹ്‌മദ്‌ 4:287)
അധികം ഭയാനകവും ഗുരുതരവുമായ അവസരത്തിലേക്കാണ്‌ സത്യനിഷേധി അവസാനമണയുന്നത്‌. ചെയ്‌തുകൂട്ടിയ തിന്മകള്‍ അയാളുടെ നാശകാരണമാകുന്നു. ആയുസ്സിനെ ആപത്തുകളിലൂടെ ദുരുപയോഗിച്ചതിനാല്‍ ആപത്തുകള്‍ അയാളെ വിടാതെ കൂടുന്നു.
ജനങ്ങളില്‍ ഏറ്റവും ശ്രേഷ്‌ഠന്‍, നല്ല കര്‍മങ്ങളോടെ ദീര്‍ഘായുസ്സ്‌ ലഭിച്ചവനാണെന്നും തിരുനബി പറഞ്ഞു. (തിര്‍മിദി 23:30). ``ഒരു വിശ്വാസിക്ക്‌, അവന്‍ അല്ലാഹുവിനെ വാഴ്‌ത്തുകയും പുകഴ്‌ത്തുകയും ചെയ്യാന്‍, ആയുസ്സ്‌ നീട്ടിക്കിട്ടുക എന്നതിനേക്കാള്‍ ശ്രേഷ്‌ഠകരമായ മറ്റൊരനുഗ്രഹവും അല്ലാഹുവില്‍ നിന്ന്‌ ലഭിക്കാനില്ലെന്നും അവിടുന്ന്‌ പറഞ്ഞു (അഹ്‌മദ്‌ 1 :163). 

``അല്ലാഹുവിന്‌ ചില ദാസന്മാരുണ്ട്‌. രക്തസാക്ഷിത്വം നല്‌കാതെ അവന്‍ അവരെ തടഞ്ഞുവെക്കും. കൂടുതല്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ മെച്ചപ്പെടുത്തിക്കൊടുക്കും. ക്ഷേമമുള്ള ജീവിതം അവര്‍ക്ക്‌ നല്‌കും. ഒടുവില്‍ സ്വന്തം വിരിപ്പില്‍ ഉറങ്ങുന്നവരായിരിക്കെ, അവര്‍ മരിക്കും. അല്ലാഹു അവര്‍ക്ക്‌ ശുഹദാക്കളുടെ പദവിയാണ്‌ നല്‍കുക'' (ഇമാം ത്വബ്‌റാനി-കബീര്‍ 10371) എന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്‌തു.
നോക്കൂ, നമ്മള്‍ ഉണ്ട്‌, നമുക്ക്‌ ശ്വാസമുണ്ട്‌ എന്ന്‌ ഉറപ്പുള്ള ഈ നിമിഷങ്ങളാണ്‌ ജീവിതം. ലഭിച്ച അനുഗ്രഹങ്ങളെല്ലാം മറ്റൊരു മഹാവിജയത്തിനാക്കിത്തീര്‍ത്തവര്‍ക്ക്‌ രക്ഷപ്പെടാം. പാപങ്ങളിലേക്ക്‌ പതറുന്നവര്‍ക്കാണ്‌ പരാജയം. കാരുണ്യവാനാണ്‌ അല്ലാഹു. ശിക്ഷ നല്‍കണമെന്ന്‌ ആഗ്രഹിക്കാത്തവനാണ്‌ അവന്‍. ശിക്ഷ നാം ചോദിച്ചുവാങ്ങുകയാണ്‌. ചെറിയ പാപങ്ങളെയാണ്‌ ഗൗരവത്തോടെ വിശ്വാസികള്‍ കാണേണ്ടത്‌. കാരണം വന്‍പാപങ്ങള്‍ സത്യനിഷേധികളാണ്‌ ചെയ്യുക. അത്രയൊന്നും പ്രാധാന്യം നല്‍കാതെ, ചെയ്‌തുകൂട്ടിയതാവാം നമുക്ക്‌ വിനാശകരമാവുന്നത്‌. 
ഹുനൈന്‍ യുദ്ധം കഴിഞ്ഞ്‌ മടങ്ങവെ, താഴ്‌വരയില്‍ വിശ്രമിക്കുമ്പോള്‍ അവിടെയുള്ള പാഴ്‌വസ്‌തുക്കളെല്ലാം സംഭരിക്കാന്‍ തിരുനബി നിര്‍ദേശിച്ചു. എല്ലിന്‍കഷ്‌ണങ്ങളും ജന്തുക്കളുടെ പല്ലുകളും അടക്കം ഒന്നിച്ചുകൂട്ടിയപ്പോള്‍, അവിടെ വലിയൊരു കൂമ്പാരം കുന്നുകൂടി! ഉടനെ റസൂല്‍(സ) ഇങ്ങനെ പറഞ്ഞു: ``ഇപ്പോള്‍ എന്തുതോന്നുന്നു? ചെറിയ തിന്മകള്‍ ഒരാളില്‍ പെരുകുമ്പോള്‍ ഇതായിരിക്കും അവസ്ഥ! അതിനാല്‍ ചെറുതും വലുതുമായ തെറ്റുകുറ്റങ്ങളില്‍ നിന്നെല്ലാം അകലുക.'' (ത്വബ്‌റാനി)
വെള്ളപ്പേജുപോലെ ഒട്ടും അഴുക്കില്ലാതെ അല്ലാഹുവിനെ കാണേണ്ടവരാണ്‌ നാം. പതിഞ്ഞുപോയ അഴുക്കെല്ലാം കഴുകിക്കളയുക. ഈ ജീവിതം തീര്‍ന്നാലും തിന്മയുടെ തൊലിയും വെള്ളയും ചീഞ്ഞുപോകട്ടെ. നന്മയുടെ കാതല്‍ കരുത്തോടെ ബാക്കിയാവണം. പ്രാര്‍ഥനയുടെ കണ്ണുനീരില്‍, തൗബയുടെ തേങ്ങലോടെ ഉള്ളും പുറവും ശുദ്ധമാക്കാം. പിന്നെയുമൊരു റമദാന്‍ വന്നത്‌ മറ്റെന്തിനാണ്‌?