താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

ഇങ്ങനെയാകട്ടെ, നമ്മുടെ നമസ്‌കാരങ്ങള്‍!

ഒരു മുസ്‌ലിം എന്ന നിലയില്‍ നമുക്ക്‌ ഏറ്റവും ആഹ്ലാദംനിറഞ്ഞ സമയം നമസ്‌കാരത്തിന്റെ സമയമാകണം. ഓരോ ദിവസത്തിലെയും സന്തോഷഭരിതമായ സന്ദര്‍ഭമായി നമസ്‌കാരവേളകള്‍ നമുക്ക്‌ അനുഭൂതി പകരണം. നമസ്‌കാരത്തിനായുള്ള ഒരുക്കം, അതിനു വേണ്ടിയുള്ള യാത്ര, കാത്തിരിപ്പ്‌, ശേഷമുള്ള പ്രാര്‍ഥനകള്‍... എല്ലാം മനസ്സ്‌ കുളിര്‍പ്പിക്കുന്ന വിധത്തിലാകണം. അതിനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുതരികയാണ്‌ In the Early Hours എന്ന ഗ്രന്ഥത്തിലൂടെ പണ്ഡിതനായ ഖുര്‍റം ജാ മുറാദ്‌.
  • ഓരോ ദിവസത്തെയും നമസ്‌കാരങ്ങള്‍ എവിടെ വെച്ചെന്ന്‌ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. നമസ്‌കാരത്തിന്റെ പ്രാധാന്യവും പ്രതിഫലവും ഗുണങ്ങളും എന്തൊക്കെയെന്ന്‌ വ്യക്തമാക്കുന്ന വചനങ്ങള്‍ എപ്പോഴും ഓര്‍മിക്കാവുന്ന വിധം തയ്യാറാക്കി വെക്കുക. കൃത്യസമയത്തുള്ള നമസ്‌കാരമാണ്‌ അല്ലാഹുവിന്‌ ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യം എന്ന ഓര്‍മയുണ്ടാവുക. ഒരിക്കലും നമസ്‌കാരം മറ്റൊരു സമയത്തേക്ക്‌ നീട്ടിവെക്കുന്ന രീതിയുണ്ടാകരുത്‌. ഏതെങ്കിലും വിധത്തില്‍ സമയത്തു തന്നെ നമസ്‌കരിക്കുക. കഴിയുന്നതും ജമാഅത്ത്‌ നമസ്‌കാരത്തില്‍ പങ്കുകൊള്ളുക.
  • ശരീരവും മനസ്സും മുഷിഞ്ഞിരിക്കുമ്പോള്‍ നമസ്‌കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചീത്ത ചിന്തകള്‍ മനസ്സില്‍ നിന്ന്‌ ഒഴിച്ചുനിര്‍ത്തുക. ഏത്‌ ആയത്തുകളും പ്രാര്‍ഥനകളുമാണ്‌ ചൊല്ലേണ്ടതെന്ന്‌ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. ആയത്തുകളുടെ അര്‍ഥം ഉള്‍ക്കൊള്ളുക. ഇഹലോകത്തിന്റെ സമ്മര്‍ദങ്ങളില്‍ നിന്നും ആലോചനകളില്‍ നിന്നുമുള്ള സാന്ത്വനമാണ്‌ നമസ്‌കാരം.
  • എല്ലാ ടെന്‍ഷനില്‍ നിന്നുമുള്ള മോചനമാണ്‌ നമസ്‌കാരത്തില്‍ നിന്ന്‌ കിട്ടുന്ന ഭൗതികഫലം. അങ്ങനെയൊരു ഗുണം നമ്മുടെ നമസ്‌കാരങ്ങള്‍ കൊണ്ട്‌ ലഭിക്കുന്നുണ്ടോ എന്ന്‌ വിലയിരുത്തണം. ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാനും മനക്കരുത്ത്‌ കൈവരിക്കാനും ഭക്തി വര്‍ധിപ്പിക്കാനും അല്ലാഹുവോടുള്ള ബന്ധം ഈടുറ്റതാക്കാനും നമസ്‌കാരങ്ങള്‍ ഉപയോഗപ്പെടുന്നുണ്ടോ എന്ന്‌ നിരന്തരം വിലയിരുത്തേണ്ടതുണ്ട്‌. കാരണം അതിനുവേണ്ടിയായിരുന്നു നമ്മുടെ നമസ്‌കാരങ്ങള്‍.
ഇനി, നമസ്‌കാരം ഫലപ്രദമാക്കാനുള്ള വഴികള്‍ അദ്ദേഹം പറഞ്ഞുതരുന്നു;
  • നമസ്‌കാരം തുടങ്ങുന്നതിനു മുമ്പ്‌, മനസ്സ്‌ അതിനായി ഒരുങ്ങിയിട്ടുണ്ടോ എന്ന്‌ വിലയിരുത്തുക. റുകൂഇലും സുജൂദിലുമെല്ലാം ഈയൊരു വിലയിരുത്തല്‍ ആവശ്യമാണ്‌. നമസ്‌കാരം അവസാനിച്ചു കഴിഞ്ഞാലും വിലയിരുത്തണം.
  • ഓരോ കര്‍മത്തിലും പ്രാര്‍ഥനയിലും ശരീരചലനത്തിലും വിനയം പ്രകടമാകണം.
  • അല്ലാഹുവിനോട്‌ കാരുണ്യത്തിനു വേണ്ടി കേണുകൊണ്ടും മാപ്പിരന്നുകൊണ്ടും പ്രതീക്ഷയോടെയും ഭക്തിയോടെയുമാകണം നമസ്‌കാരം.
  • നമ്മുടെ സ്രഷ്‌ടാവും സംരക്ഷകനുമായ അത്യുന്നതനായ അല്ലാഹുവിനോടാണ്‌ സംസാരിക്കുന്നതെന്ന്‌ സ്വയം ബോധ്യപ്പെടുത്തണം. ഏറ്റവും വലിയ ശക്തിയാണ്‌, സര്‍വലോകങ്ങളുടെയും സ്രഷ്‌ടാവിന്റെ മുന്നിലാണ്‌ നില്‍ക്കുന്നതെന്ന വിചാരം മനസ്സിലുറയ്‌ക്കണം.
  • അല്ലാഹുവില്‍ നിന്നുള്ള സഹായവും ശൈത്വാനില്‍ നിന്നുള്ള സംരക്ഷണവും തേടിക്കൊണ്ടാകണം നമസ്‌കാരത്തിന്റെ ആരംഭം.
  • നമസ്‌കരിക്കുമ്പോള്‍ കണ്ണുകള്‍ താഴ്‌ത്തുക. ശ്രദ്ധയും ഏകാഗ്രതയും നഷ്‌ടപ്പെടുന്ന വിധത്തിലാകരുത്‌ നില്‍പ്പ്‌. തിരുനബിയുടെ ഒരുപദേശത്തെക്കുറിച്ച്‌ അനസ്‌ ബിന്‍ മാലിക്‌ പറയുന്നുണ്ട്‌; ``പ്രിയമകനേ, നമസ്‌കരിക്കുമ്പോള്‍ ഏകാഗ്രത ഉറപ്പ്‌ വരുത്തുക. കാരണം, നമസ്‌കരിക്കുമ്പോള്‍ അശ്രദ്ധനാകുന്നത്‌ വിപത്ത്‌ വിളിച്ച്‌ വരുത്തുന്നതിന്‌ സമമാണ്‌.'' (ത്വബ്‌റാനി)
  • കൂടുതല്‍ ഏകാഗ്രതയും ജാഗ്രതയും ലഭിക്കാന്‍ അര്‍ഥവത്തായ ഖുര്‍ആന്‍ വചനങ്ങളും ദുആകളും ഉള്‍പ്പെടുത്തുക.
  • പ്രാര്‍ഥനകള്‍ ചൊല്ലുമ്പോള്‍ പതുക്കെ ചുണ്ട്‌ ചലിപ്പിച്ച്‌ ചൊല്ലുക. ഉരുവിടുന്ന കാര്യങ്ങളില്‍ മനസ്സ്‌ ഏകാഗ്രമാകാന്‍ അത്‌ ഉപകരിക്കും.
  • ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലുമ്പോള്‍ അതിന്റെ ആശയം കൂടി മനസ്സില്‍ വരുത്തുന്നത്‌ ഭക്തി വര്‍ധിക്കാന്‍ ഉപകരിക്കും. ഐഹികചിന്തയില്‍ നിന്ന്‌ മനസ്സിനെ മോചിപ്പിച്ച്‌ നമസ്‌കാരത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ അത്‌ നല്ലതാണ്‌.
  • റുകൂഇലും സുജൂദിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ധാരാളമായി ഓര്‍മിക്കുക. എത്രമാത്രം നന്ദി ചെയ്യേണ്ടവരാണ്‌ നമ്മളെന്നും പക്ഷേ ആ കാര്യത്തില്‍ എത്രമാത്രം അലസത കാണിക്കുന്നുണ്ടെന്നും ഓര്‍മിക്കുക.
  • സുജൂദിലാകുമ്പോള്‍ പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കുക. അല്ലാഹുവിന്റെ തൊട്ടടുത്ത്‌ നില്‍ക്കുന്ന നേരമാണ്‌ സുജൂദിന്റെ വേളയെന്ന്‌ തിരുനബി പറഞ്ഞിട്ടുണ്ടല്ലോ.
  • ഒരിക്കലും ശരീരത്തെ ക്ഷീണിപ്പിക്കുന്ന വിധം നമസ്‌കാരം നീട്ടാന്‍ പാടില്ല. സമയത്തില്‍ മിതത്വം കാണിക്കുമ്പോള്‍ തന്നെ സാവകാശം ശ്രദ്ധയോടെ നമസ്‌കരിക്കുന്നതാണ്‌ പ്രവാചകമാതൃക.
  • ഓരോ കര്‍മവും അതിന്റെ ശരിയായ രീതിയിലാണെന്ന്‌ ഉറപ്പ്‌ വരുത്തണം. 
  • ജീവിതത്തിലെ ഒടുക്കത്തെ നമസ്‌കാരം എന്ന ഉറപ്പോടെയാകണം ഓരോ നമസ്‌കാരവും നിര്‍വഹിക്കേണ്ടത്‌. ഈലോകത്ത്‌ വെച്ച്‌ നമസ്‌കരിക്കാന്‍ ഇനിയൊരു അവസരമില്ലെന്ന പേടിയോടെ ഓരോ സുജൂദും റുകൂഉം മറ്റ്‌ കര്‍മങ്ങളും നിര്‍വഹിക്കുക. സലാം വീട്ടുന്നത്‌ വരെ ഈയൊരു ചിന്ത മനസ്സില്‍ നിറയണം.