താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

വിശ്വാസമോ ഉറപ്പോ?

ഉമ്മയും ഉപ്പയും അരികത്തുണ്ടാകുമ്പോള്‍ അവര്‍ക്കിഷ്‌ടമില്ലാത്ത ഒരു കാര്യം നമ്മള്‍ ചെയ്യുമോ? തീര്‍ച്ചയായും ഇല്ല. അങ്ങനെ ചെയ്‌താല്‍ അതിന്റെ അര്‍ഥം, മക്കള്‍ അവരെ അപമാനിച്ചുവെന്നാണല്ലോ. അവരുടെ സാന്നിധ്യത്തിനു വില കല്‍പ്പിച്ചില്ല എന്നും വരും. 

അങ്ങനെയെങ്കില്‍ മാതാപിതാക്കളെക്കാള്‍ നാം ഭയക്കുകയും വിലകല്‍പ്പിക്കുകയും ചെയ്യേണ്ട അല്ലാഹുവിന്റെ സാന്നിധ്യത്തെ സംബന്ധിച്ച ഭയം എന്തുകൊണ്ട്‌ അവന്‍ വിരോധിച്ചതില്‍ നിന്നകലാനും കല്‍പ്പിച്ചതിലേക്കടുക്കാനും പ്രേരണയാകുന്നില്ല? ഉപ്പയും ഉമ്മയും അരികിലുണ്ടെന്നത്‌ നമുക്ക്‌ ഉറപ്പാണ്‌. അല്ലാഹു അരികിലുണ്ടെന്നത്‌ വെറും വിശ്വാസമേ ആകുന്നുള്ളൂവെന്നത്‌ തന്നെയാണ്‌ അതിന്റെ കാരണം. 

മാതാപിതാക്കള്‍ അരികത്തുണ്ടെന്ന്‌ ഉറപ്പുള്ളതു പോലെ, അല്ലാഹുവും അരികില്‍ തന്നെയുണ്ടെന്നത്‌ ഉറപ്പായിത്തന്നെ അനുഭവിക്കേണ്ടതാണല്ലോ. അങ്ങനെയാകുന്നില്ലെന്നതാണ്‌ `വിശ്വാസികളുടെ' ജീവിതത്തിലും പാപങ്ങള്‍ പെരുകുന്നതിന്റെ ഒരേയൊരു കാരണം.

`നിങ്ങള്‍ക്കെന്തുപറ്റി..? അല്ലാഹുവിന്റെ മഹത്വം ഒട്ടും അംഗീകരിക്കാനാവുന്നില്ലല്ലോ നിങ്ങള്‍ക്ക്‌..' (71:13) എന്ന ചോദ്യം, നമ്മുടെ ഓരോ നിമിഷത്തെയും വിചാരണ ചെയ്യുന്നതാണ്‌. മനുഷ്യരില്‍ ചിലര്‍ക്ക്‌ നല്‍കുന്ന ഗൗരവം പോലും അത്യുന്നതനായ രക്ഷിതാവിന്‌ നല്‍കുന്നില്ലെന്നത്‌ നമ്മുടെയൊക്കെ നിത്യാനുഭവമാണല്ലോ. അല്ലാഹുവിന്റെ സാന്നിധ്യത്തെ സംബന്ധിച്ച ശരിയായ ബോധ്യവും ഉറപ്പും തന്നെയാണ്‌ പ്രധാനം. കേവലമായ ധാരണകളില്‍ നിന്നും ചഞ്ചലപ്പെടുന്ന ഊഹങ്ങളില്‍ നിന്നും ഈമാനിന്റെ സുഖമോ ശക്തിയോ അനുഭവപ്പെടില്ല. `ഈമാന്‍' എന്ന പേരില്‍ ഇന്ന്‌ വ്യാപകമായി അനുഷ്‌ഠിക്കപ്പെടുന്നത്‌ ഏതാനും ചില ധാരണകള്‍ മാത്രമായിരിക്കുന്നുവെന്നതാണ്‌ കഷ്‌ടം. `ഉറപ്പ്‌' എന്ന അര്‍ഥത്തില്‍ അനുഭവിക്കേണ്ടതാണ്‌ യഥാര്‍ത്ഥത്തില്‍ ഈമാന്‍. ഉള്ളുനിറഞ്ഞ ബോധ്യപ്പെടലായും സംശയമില്ലാത്ത ഉറപ്പായും അല്ലാഹുവിന്റെ സാന്നിധ്യവും പരലോകത്തിന്റെ സംഭവ്യതയും അനുഭവിക്കാന്‍ നമുക്കും കഴിയണം.

തിരുനബി(സ)യും അബൂബകര്‍ സ്വിദ്ദീഖും സൗര്‍ ഗുഹയിലിരിക്കുന്ന ആ സന്ദര്‍ഭത്തെക്കുറിച്ചൊന്ന്‌ ആലോചിച്ചു നോക്കൂ. അവരെ പിടികൂടാന്‍ ഓടിനടക്കുന്ന ശത്രുക്കളെക്കണ്ട്‌ ഭയന്നുവിറച്ച അബൂബകര്‍ സ്വിദ്ദീഖ്‌ ചോദിച്ചു; `റസൂലേ,അവരൊന്ന്‌ കാല്‍ചുവട്ടിലേക്ക്‌ നോക്കിയാല്‍ നമ്മെ കാണുകയില്ലേ...?'

പ്രിയങ്കരനായ കൂട്ടുകാരനെ നെഞ്ചിലേക്ക്‌ ചേര്‍ത്തുപിടിച്ച്‌ സ്‌നേഹത്തിന്റെ മഹാദൂതന്‍ ഇത്രമാത്രം പറഞ്ഞു; `മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടുപേരെക്കുറിച്ച്‌ അബൂബകര്‍, എന്താണ്‌ താങ്കളുടെ അഭിപ്രായം..?'
അതിശക്തനും ദയാലുവുമായ അല്ലാഹുവിന്റെ മഹാസാന്നിധ്യം എങ്ങനെയാണ്‌ അനുഭവിക്കേണ്ടതെന്നാണ്‌ ഈ ഒറ്റച്ചോദ്യം കൊണ്ട്‌ തിരുനബി പഠിപ്പിക്കുന്നത്‌. കൂരിരുട്ടിന്റെ മറവിലും പാലില്‍ വെള്ളം ചേര്‍ക്കാന്‍ മടിച്ച ആ പാവം പെണ്‍കുട്ടിയുടെ ധീരമായ കഥ എത്ര തവണ ആവര്‍ത്തിച്ചു കേട്ടവരാണു നാം..! എന്താണവള്‍ കാരണം പറഞ്ഞത്‌.? `ഉമ്മാ, ഖലീഫ ഉമര്‍ കാണില്ലെങ്കിലും അല്ലാഹു കാണില്ലേ..?' നോക്കൂ, ഇത്‌ വിശ്വാസമാണോ അതോ ഉറപ്പാണോ..? തീര്‍ച്ചയായും ഇത്‌ ഉറപ്പാണ്‌. ഇതു തന്നെയാണ്‌ ഈമാന്‍.

`ഉറപ്പ്‌' എന്ന അര്‍ഥത്തില്‍ ഈമാന്‍ ഉള്‍ക്കൊണ്ട്‌ ഒന്ന്‌ ജീവിച്ചുനോക്കൂ. പുതിയൊരു വെളിച്ചവും വിശുദ്ധിയും അപ്പോള്‍ മുതല്‍ അനുഭവിക്കാം. സര്‍വശക്തനായ രക്ഷിതാവിന്റെ സാന്നിധ്യശക്തിയില്‍ ഇളക്കമില്ലാത്ത ഉറപ്പോടെ മനസ്സ്‌ കേന്ദ്രീകരിച്ച്‌ ഒന്നു നമസ്‌കരിച്ചു നോക്കൂ. ഹൃദയത്തില്‍ കൈവെച്ച്‌ പറയുന്ന ഓരോ വാക്കും പ്രതിജ്ഞയും അപ്പോള്‍ നമ്മുടെ കണ്ണിനെ നനയിക്കുക തന്നെ ചെയ്യും. 

``നിശ്ചയമായും എ ന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാകുന്നു'' (6:162) എന്ന പ്രതിജ്ഞ നമസ്‌കാര ശേഷവും നമ്മെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. നമസ്‌കരിക്കുമ്പോള്‍ മുന്നിലുണ്ട്‌ എന്നുറപ്പുള്ളവനായ അല്ലാഹു നമസ്‌കാര ശേഷവും കൂടെയുള്ളവന്‍ തന്നെയാണല്ലോ.

ഈ അര്‍ഥത്തിലുള്ള ഈമാന്‍ അനുഭവിക്കുന്നവര്‍ ഏതു പ്രതിസന്ധികളേയും നേരിടാന്‍ കെല്‍പ്പുള്ളവരായിത്തീരുന്നു. ജീവിത ദുഖങ്ങളില്‍ ഹൃദയം തകരാത്തവരായി അവര്‍ നിവര്‍ന്നുനിന്ന്‌ പൊരുതുന്നു. ശത്രുസംഘങ്ങളുടെ ഏതു തീകുണ്‌ഠാരങ്ങളിലേക്കും അവര്‍ പുഞ്ചിരിയോടെ നടന്നടുക്കുന്നു. 

പിറകിലുള്ള ശത്രുക്കളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ കടലിലേക്ക്‌ പാഞ്ഞടുക്കുന്നു. അവര്‍ക്കു വേണ്ടി കടല്‍ വഴിയൊരുക്കുക തന്നെ ചെയ്യും. അല്ലാഹുവില്‍ `ഉറപ്പുള്ള' ഈമാന്‍ ഉള്ളവരെ സഹായിക്കുമെന്നത്‌ അല്ലാഹുവിന്റെ വാഗ്‌ദാനമല്ലേ..? ആ വാഗ്‌ദാനമാണ്‌ ഇബ്‌റാഹിം നബിയും മൂസാ നബിയും ധീരരായ അനുയായികളും പ്രതീക്ഷിച്ചത്‌. അവര്‍ക്കത്‌ ലഭിക്കുക തന്നെ ചെയ്‌തു.

മര്‍മസ്ഥാനങ്ങളിലെല്ലാം ആയുധം കൊണ്ട്‌ കുത്തിനോവിച്ചപ്പോഴും ശതുക്കളുടെ മുഖത്തുനോക്കി `അല്ലാഹു അക്‌ബര്‍' എന്നാവര്‍ത്തിച്ചു പറഞ്ഞ ധീരരക്തസാക്ഷി സുമയ്യ(റ), വിണ്ടുകീറുന്ന മരുഭൂമിയിലൂടെ നെഞ്ചില്‍ കല്ലു കേറ്റി വലിച്ചിഴക്കപ്പെട്ടപ്പോഴും `അല്ലാഹുഅഹദ്‌` എന്ന്‌ കഴിയാവുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ പാവം ബിലാല്‍(റ), ശരീരമാകെ ആണി തറയ്‌ക്കപ്പെട്ട്‌ കുരിശില്‍ കിടന്നപ്പോഴും ശത്രുസഞ്ചയങ്ങളെ നോക്കി `ലസ്‌തു ഉബാലീ ഹീന ഉഖ്‌തലു മുസ്‌ലിമാ..` എന്നു പാട്ടുപാടിയ ഖബ്ബാബ്‌ (റ)
സുഹൃത്തേ, എന്തായിരുന്നു അവരുടെയൊക്കെ ഉള്ളില്‍ തിളച്ചു മറിഞ്ഞത്‌..? 

അതേ ഈമാന്‍ തന്നെയാണ്‌ നമ്മുടേയും അകത്തൊളിപ്പിച്ചിരിക്കുന്നതെന്ന്‌ ഹൃദയത്തില്‍ തൊട്ട്‌ നമുക്ക്‌ പറയാനാകുമോ..? ഇല്ലെങ്കില്‍ അങ്ങനെ പറായാനും അനുഭവിക്കാനും സാധിക്കുന്ന ഔന്നത്യത്തിലേക്ക്‌ നമ്മുടെ ഈമാനിനേയും എത്തിക്കാനുള്ള ശ്രമങ്ങള്‍ തീര്‍ച്ചയായും നടത്തിയേ പറ്റൂ.