താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

ഞാന്‍ ആരുടെയൊക്കെ അടിമയാണ്‌?

                      ഗോവര്‍ധനന്റെ യാത്രകള്‍ എന്ന നോവലില്‍ രണ്ട്‌ അടിമകളുടെ കഥയുണ്ട്‌. യജമാനന്‍ അവരെ മോചിപ്പിക്കുമ്പോള്‍ അവര്‍ സന്തോഷിക്കുന്നുവെങ്കിലും പിന്നെ അവര്‍ക്ക്‌ ജീവിക്കാന്‍ സാധിക്കുന്നില്ല. കാരണം സ്വതന്ത്രരായുള്ള ജീവിതം അവര്‍ക്കറിയില്ല. അവസാനം യജമാനന്റെ അരികിലെത്തി വീണ്ടും അടിമകളാകുന്നു! അവര്‍ അടിമത്വത്തിന്റെ അടിമകളായതിനാല്‍ അതില്‍ നിന്ന്‌ കരകയറാന്‍ സാധിക്കുന്നില്ലെന്ന്‌ ചുരുക്കം.

                          പലതിനും അടിമപ്പെടുന്നവരാണ്‌ ഓരോരുത്തരും. വ്യത്യസ്‌തങ്ങളായ താല്‌പര്യങ്ങള്‍, ദൗര്‍ബല്യങ്ങള്‍, അടുപ്പങ്ങള്‍... അങ്ങനെ പലതും. പലതരം ഇഷ്‌ടങ്ങള്‍ ഉള്ള മനുഷ്യരോട്‌ ഏറ്റവും വലിയ ഇഷ്‌ടം അല്ലാഹു ആവശ്യപ്പെടുന്നു. വ്യത്യസ്‌ത കാര്യങ്ങളോടും വ്യക്തികളോടും അടുപ്പം പുലര്‍ത്തുന്ന നമ്മോട്‌ ഏറ്റവും നല്ല അടുപ്പം അല്ലാഹുവിനോട്‌ ആകണമെന്ന്‌ നിര്‍ദേശിക്കുന്നു. പലതിനും അടിമപ്പെടുന്നവരോട്‌ സാക്ഷാല്‍ യജമാനന്റെ നല്ല അടിമകളാവാന്‍ വീണ്ടും വീണ്ടും ഉണര്‍ത്തുന്നു.

                         പണത്തിനും പ്രശസ്‌തിക്കും അലങ്കാരങ്ങള്‍ക്കും ലഹരിക്കും വിനോദങ്ങള്‍ക്കും അടിമപ്പെടുന്നവരുണ്ട്‌. ശാരീരിക മോഹങ്ങള്‍ ദൗര്‍ബല്യങ്ങളായവരുമുണ്ട്‌. പുരോഹിതന്മാരുടെയും നേതാക്കളുടെയും സുഹൃത്തുക്കളുടെയും അടിമകളാകുന്നവരു ണ്ട്‌. ഹൃദയത്തിലെ ഇഷ്‌ടം മുഴുവന്‍ ഇങ്ങനെയുള്ള പലതിനും പങ്കുവെച്ചവരോടാണ്‌, ഏറ്റവും ശക്തമായ ഇഷ്‌ടവും സൗഹൃദവും അല്ലാഹുവിനോടാകണമെന്ന്‌ കല്‌പിക്കുന്നത്‌. നമസ്‌കരിക്കുമ്പോള്‍ ഹൃദയത്തിനുമേല്‍ കൈ ചേല്‍ത്തുവെച്ച്‌ `എന്റെ പ്രാര്‍ഥനയും ആരാധനകളും ജീവിതവും മരണവും സര്‍വലോക നാഥനായ അല്ലാഹുവിനാകുന്നു' എന്ന്‌ പറയിപ്പിക്കുന്നത്‌ ആ ഓര്‍മപ്പെടുത്തലാണ്‌. ഹജ്ജ്‌ വേളയില്‍ ജംറയില്‍ കല്ലെറിയുമ്പോള്‍ `അല്ലാഹുവാണ്‌ ഏറ്റവും വലിയവന്‍' എന്ന്‌ പറയാനുള്ള കല്‌പനയുടെയും ലക്ഷ്യം അതുതന്നെ. അന്നോളം മനസ്സില്‍ പലതും വലുതായിരുന്നു. കുടംബം, മക്കള്‍, സമ്പത്ത്‌, പ്രശസ്‌തി അങ്ങനെ പലതുമായിരുന്നു വലുത്‌. അവയെല്ലാം ജംറയുടെ നേരെ വലിച്ചെറിഞ്ഞ്‌ പറയുന്നു: ``അല്ലാഹു അക്‌ബര്‍!''

                          അല്ലാഹുവിന്‌ പൂര്‍ണ സമര്‍പ്പണം ചെയ്യാനുള്ള പരിശീലനമാണ്‌ ഹജ്ജ്‌. ഹാജിയോട്‌ ചിലപ്പോള്‍ നടക്കാന്‍ പറയുന്നു. ചിലപ്പോള്‍ ഓടാന്‍, എറിയാന്‍, വലയം ചെയ്യാന്‍, രാപ്പാര്‍ക്കാന്‍, നമസ്‌കാരം ജംഅ്‌ ആക്കാന്‍... മറു ചോദ്യങ്ങളോ സന്ദേഹങ്ങളോ ഇല്ലാതെ അനുസരിക്കുന്നു. ഈ അനുസരണം ജീവിതത്തിലെങ്ങും നിലനിര്‍ത്താന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഓരോ ആരാധനാ കര്‍മത്തിലും ഈ അംശം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്‌.

                           പണത്തോടുള്ള ആര്‍ത്തി പെരുകിയ കാലമാണിത്‌. ഏതു വിധേനയും ധനസമ്പാദനത്തിന്‌ വിശ്വാസികള്‍ പോലും തയ്യാറാകുന്നു. വരുമാനം പൂര്‍ണമായും ഹലാല്‍ ആണോ എന്ന പരിശോധന തന്നെ കുറഞ്ഞുവരുന്നു. അനിവാര്യമല്ലാത്തതിനും അമിതമായി കടം വാങ്ങുന്നു. ബാങ്ക്‌ ലോണുകള്‍ക്ക്‌ അടിപ്പെട്ട്‌ ജീവിതം തുലച്ചുകളയുന്ന എത്രയോ കഥകള്‍ നാം കേള്‍ക്കുന്നു.

                         പലിശയുമായി യാതൊരു ബന്ധവും പാടില്ലാത്ത ജീവിതമാണ്‌ നമ്മുടേത്‌. അങ്ങേയറ്റം ശാപവാക്കുകള്‍ കൊണ്ട്‌ വെറുക്കപ്പെട്ട തിന്മയാണ്‌ പലിശ. മുപ്പത്തിയാറു പ്രാവശ്യം വ്യഭിചരിക്കുന്നതിനേക്കാള്‍ കടുത്ത പാപമാണ്‌ പലിശയിലൂടെ സമ്പാദിക്കുന്ന ഒരു ദിര്‍ഹമെന്നു പോലും തിരുനബി(സ) താക്കീതു ചെയ്‌തു. എന്നിട്ടും അത്ര ഗൗരവം നമ്മുടെ മനസ്സില്‍ പലിശയോടുണ്ടോ?


                         സുഖങ്ങള്‍ പെരുകുമ്പോള്‍ അല്ലാഹുവോടുള്ള അടുപ്പം കുറയും. എന്നിട്ടും സുഖങ്ങള്‍ പെരുകുന്നതാണ്‌ നമുക്കിഷ്‌ടം. ഖബ്ബാബ്‌(റ) മരണനേരത്ത്‌ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞതിങ്ങനെയായിരുന്നു: ``എന്റെ കൂട്ടുകാര്‍ ഈ ലോകത്തു നിന്ന്‌ യാതൊരു പ്രതിഫലവും പറ്റാതെ കടന്നുപോയി. ഈ ഖബ്ബാബ്‌ നിറയെ സുഖങ്ങള്‍ അനുഭവിച്ചാണല്ലോ മരിച്ചുപോകുന്നത്‌...'' ഈ ഭയം നമ്മെ എപ്പോഴെങ്കിലും അലട്ടിയിട്ടുണ്ടോ? സ്വഹാബികളോടൊപ്പം ജീവിച്ച ഹസന്‍ ബസ്വരി(റ) നമ്മോട്‌ പറയുന്നുണ്ട്‌: ``പാപങ്ങളുടെ കാരണത്താല്‍ ശിക്ഷിക്കപ്പെടുമോ എന്ന്‌ പേടിക്കുന്നതിനേക്കാള്‍, നല്ല കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ലേ എന്ന്‌ പേടിക്കുന്നവരായിരുന്നു സ്വഹാബികള്‍!''

                               നമ്മുടെ അടിമത്വം മറ്റു പലതിനും ആകുന്നുണ്ടോ? നിത്യവും പത്രങ്ങള്‍ വായിക്കുന്നവര്‍ക്ക്‌ നിത്യവും ഖുര്‍ആന്‍ പാരായണം ചെയ്യാനാവാത്തത്‌ എന്തുകൊണ്ടാണ്‌? ടി വിയിലെ ദൃശ്യങ്ങള്‍ കണ്ട്‌ കണ്ണുനിറയുമെങ്കിലും അല്ലാഹുവിന്റെ വചനങ്ങള്‍ എന്തുകൊണ്ട്‌ നമ്മുടെ കണ്ണുനിറയ്‌ക്കുന്നില്ല? ഫോണില്‍ എത്രയോ സമയം ഇഷ്‌ടമുള്ളവരോട്‌ സംസാരിക്കുമെങ്കിലും നമ്മുടെ പ്രാര്‍ഥനാനേരവും നമസ്‌കാരവും വേഗം തീര്‍ന്നുപോകുന്നത്‌ എന്തുകൊണ്ടാണ്‌? അതെ, നമ്മുടെ ഇഷ്‌ടവും അടുപ്പവും അടിമത്വവും വേറെയാര്‍ക്കൊക്കെയോ ആയിത്തീരുന്നു. ഓര്‍ക്കുക; നമ്മുടെ ഭാവിയെ മാറ്റാന്‍ നമുക്കാവില്ല. പക്ഷേ, ശീലങ്ങളെ മാറ്റാന്‍ കഴിയും. നമ്മുടെ ശീലങ്ങള്‍ക്ക്‌ നമ്മുടെ ഭാവിയെ മാറ്റാന്‍ കഴിയും