താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

നല്ലതേ വരൂ!


             ``നല്ലതേ വരൂ, എല്ലാം നല്ലതിനാവും'' എന്ന വാക്ക്‌ ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ വാക്കാണ്‌. ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിലും തീര്‍ത്തും പരാജിതമായ സന്ദര്‍ഭങ്ങളിലും ഇങ്ങനെ പറയാന്‍ കഴിയുന്നത്‌ മഹാഭാഗ്യമാണ്‌. നഷ്‌ടങ്ങളുടെയും വിരഹങ്ങളുടെയും കണ്ണീരിന്റെയും നടുവിലും `നല്ലതേ വരൂ' എന്നു പറയേണ്ടവരാണ്‌ നമ്മള്‍. 


             എല്ലാം വരുത്തുന്നവനെപ്പറ്റിയുള്ള ശരിയായ അറിവില്‍ നിന്നാണ്‌ അവന്‍ വരുത്തുന്നതെല്ലാം നല്ലതേ ആയിത്തീരുവെന്ന ദൃഢനിശ്ചയത്തിലേക്ക്‌ നമ്മെയെത്തിക്കുന്നത്‌. കാരുണ്യവാന്മാരില്‍ വെച്ചേറ്റവും വലിയ കാരുണ്യവാന്‍ (അര്‍ഹമുര്‍റഹിം) തീരുമാനിക്കുന്നതും നടപ്പില്‍ വരുത്തുന്നതുമെല്ലാം അത്യുദാരമായ ആ കാരുണ്യത്തിന്റെ ഭാഗം മാത്രമല്ലേ ആകൂ?


              നമ്മള്‍ മോഹിക്കുന്നിടത്തല്ല പലപ്പോഴും നമ്മളാരും എത്തിച്ചേരുന്നത്‌. എത്തിച്ചേര്‍ന്നിടത്തെ മോഹിപ്പിക്കുന്നിടത്താണ്‌ നാം വിജയിക്കേണ്ടത്‌. ഓരോ ദിവസവും അവസാനത്തെ ദിവസമെന്ന പോലെ ജീവിക്കേണ്ടവരാണ്‌ നമ്മള്‍. അഥവാ അത്ര ഫലപ്രദവും അത്രതന്നെ ആസ്വാദനത്തോടെയുമുള്ള ജീവിതം. തീര്‍ച്ചയായും ഒരു ദിവസം ആ ധാരണ ശരിയയിത്തീരും.


              സങ്കടങ്ങള്‍ കൊണ്ട്‌ ജീവിതത്തിന്റെ ഭംഗി നഷ്‌ടപ്പെടുത്താതെ ജീവിക്കണം. ഈ ജീവിതത്തില്‍ ചിലതൊക്കെ സംഭവിക്കുകയും ചിലത്‌ സംഭവിക്കാതിരിക്കുകയും ചെയ്യും. സൂറത്തുല്‍ ഹദീദിലെ 22, 23 വചനങ്ങള്‍ ഒരു കുളിര്‍മഴയാണ്‌. ജീവിതത്തിലെ സകല അനുഭവങ്ങളെയും നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിന്‌ ഈ പരിശുദ്ധ വചനം ഊര്‍ജം പകരും. ``മണ്ണിലോ മനുഷ്യജീവിതത്തിലോ സംഭവിക്കുന്ന സര്‍വതും മുന്‍കൂട്ടി ഒരു രേഖയില്‍ ഉള്‍പ്പെടുത്തിയതാണ്‌. നിശ്ചയം, അത്‌ അല്ലാഹുവിന്‌ എളുപ്പമാണ്‌. നിങ്ങള്‍ക്ക്‌ നഷ്‌ടമായതിനെച്ചൊല്ലി ദു:ഖിക്കാതിരിക്കാനും ലഭ്യമായതിന്റെ പേരില്‍ ആഹ്‌ളാദിക്കാതിരിക്കാനുമാണ്‌ അങ്ങനെ ചെയ്‌തത്‌. ദുരഭിമാനികളെയും അഹങ്കാരികളെയുമെല്ലാം അല്ലാഹുവിന്‌ അനിഷ്‌ടമാണ്‌.''


               ഓരോ സങ്കടവും ഓരോ നഷ്‌ടവും ഒന്നിലേറെ ഓര്‍മപ്പെടുത്തലുകളും താക്കീതുകളുമാണ്‌. ``ഇടയ്‌ക്കു കണ്ണീരുപ്പു കലരാതെന്തിനീ ജീവിത പലഹാരം?'' എന്ന കവിവചനം പോലെ ജീവിതത്തെ സമീപിക്കുവാന്‍ നമുക്കു കഴിയണം. പക്ഷിക്ക്‌ ഇരുഭാഗത്തുമുള്ള ചിറകുകള്‍ ഭാരമാണെങ്കിലും ആ ചിറകുണ്ടെങ്കിലേ അതിന്‌ പറന്നുയരാന്‍ കഴിയൂ. നമ്മുടെ ഭാരങ്ങളും സങ്കടങ്ങളും കൂടുതല്‍ ഉയരങ്ങളിലേക്ക്‌ പറന്നുയരാനുള്ള ചിറകുകളാവണം. സര്‍കസ്‌ കൂടാരത്തില്‍ നൂലിനു മുകളിലൂടെ നടക്കുന്ന കുട്ടിയുടെ കൈയില്‍ വലിയൊരു മുളക്കമ്പ്‌ പിടിച്ചിട്ടുണ്ടാവും. ആ മുളക്കമ്പ്‌ ഭാരമാണെങ്കിലും ബാലന്‍സ്‌ തെറ്റാതെ നൂലിലൂടെ നടക്കണമെങ്കില്‍ അതു വേണം. ജീവിതത്തിലൂടെ നിവര്‍ന്ന്‌ നടക്കാനുള്ള കരുത്തും പ്രേരണയുമായി സങ്കടങ്ങളെ നാം സ്വീകരിക്കുക. ``നിങ്ങള്‍ ഒരു കാര്യത്തെ വെറുക്കുന്നുണ്ട്‌.
സത്യത്തില്‍ അതു നിങ്ങള്‍ക്ക്‌ ഗുണകരമായിത്തീരാം. മറ്റൊരു കാര്യത്തെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്നുണ്ട്‌. പക്ഷേ അത്‌ നിങ്ങള്‍ക്ക്‌ ദോഷകരമാകാനും സാധ്യതയുണ്ട്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.'' (2:216)


ഉരുക്കിടുന്നു, മിഴിനീരിലിട്ടു
മുക്കുന്നു മുറ്റും ഭുവനൈക ശില്‌പി-
മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാന്‍

എന്ന കവി വചനം ശരിയാണ്‌. കടുത്ത ജീവിതാനുഭവങ്ങളിലൂടെ നേടിയെടുത്ത കരുത്തോടെ, പുതിയ മനുഷ്യനാക്കി നമ്മെ മാറ്റിയെടുക്കാനാണ്‌ ഓരോ സങ്കടങ്ങളും അല്ലാഹു സമ്മാനിക്കുന്നത്‌. സുഖവും സമൃദ്ധിയും നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല.


              നമ്മുടെ വളര്‍ച്ചയും മാനസിക ശക്തിയും ഭക്തിയും വര്‍ധിക്കുവാനാണ്‌ അനുകൂലമല്ലാത്ത അനുഭവങ്ങള്‍ അല്ലാഹു നല്‌കുന്നത്‌. ഇത്‌ തിരിച്ചറിയുന്നവര്‍ വിജയിക്കുകയും അല്ലാത്തവര്‍ തോറ്റുപോവുകയും ചെയ്യുന്നുവെന്നു മാത്രം. ഒരു ചെടിയെ ബഡ്ഡ്‌ ചെയ്യുമ്പോള്‍ കര്‍ഷകന്‍ വിചാരിക്കുന്നത്‌ ചെടിയെ കൂടുതല്‍ നന്നായി വളരാന്‍ അനുവദിക്കുക എന്നാണ്‌. എന്നാല്‍ തന്നെ എന്തിനാണിങ്ങനെ മുറിച്ചുവേദനിപ്പിക്കുന്നത്‌ എന്നായിരിക്കും ചെടിയുടെ ചിന്ത; അല്ലേ?


               അല്ലാഹുവിന്‌ ചില തീരുമാനങ്ങളുണ്ട്‌. അവ നമ്മുടെ ഇഷ്‌ടങ്ങളും ആവശ്യങ്ങളുമായി യോജിക്കണമെന്നില്ല. യോജിച്ചാലും ഇല്ലെങ്കിലും ആ തീരുമാനങ്ങളെ ഉള്‍ക്കൊള്ളാനും നന്മ മാത്രം വിചാരിക്കാനും അല്ലാഹുവിന്റെ കാരുണ്യത്തിലും സ്‌നേഹത്തിലുമുള്ള പ്രതീക്ഷ കൈവിടാതിരിക്കാനുമാണ്‌ നമുക്കുള്ള നിര്‍ദേശം. അപ്രതീക്ഷിതമായി പലതും ജീവിതത്തില്‍ സംഭവിക്കുമ്പോഴും അപ്രത്യക്ഷമാക്കാത്ത ആ പ്രതീക്ഷ തന്നെയാണ്‌ സത്യവിശ്വാസിയുടെ ഉന്നതമായ ശക്തി. നമ്മുടെ കണക്കു കൂട്ടലുകളുകളൊക്കെ തെറ്റുമ്പോഴും അല്ലാഹുവിന്റെ കണക്കുകള്‍ തെറ്റില്ലെന്ന തീര്‍ച്ചപ്പെടുത്തലാണത്‌. ``ഞങ്ങള്‍ അല്ലാഹുവിന്റേതാണ്‌ അവങ്കലേക്ക്‌ തിരിച്ചുപോകേണ്ടവരുമാണ്‌. (ഇന്നാലില്ലാഹി വളന്നാഇലൈഹി റാജിഊന്‍) എന്ന ഒറ്റ വചനം കൊണ്ട്‌ ഉള്ളു മുഴുവന്‍ ശാന്തി പരക്കുന്ന അനുഭവത്തെക്കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. ``ഞങ്ങള്‍ അല്ലാഹുവിന്റേതാണ്‌'' എന്നാണ്‌ പറയുന്നത്‌. നമ്മുടെ സ്വന്തം വസ്‌തു എന്ത്‌ ചെയ്യണമെന്നത്‌ നമ്മുടെ തീരുമാനമാണ്‌. എങ്കില്‍ അല്ലാഹുവിന്റെ സ്വന്തമായ നമ്മെ എന്തു ചെയ്യണമെന്ന്‌ അവന്‍ തീരുമാനിക്കും. ആ തീരുമാനങ്ങളെല്ലാം നല്ലതേ വരുത്തൂവെന്ന്‌ നമുക്ക്‌ ഉറപ്പിക്കാം.