താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

തടിച്ചുവീര്‍ക്കും മുമ്പ്‌

                    ഖലീഫ അബൂബക്‌റിന്‌() ഭക്ഷണം കൊണ്ടുവരുന്ന ഒരാളുണ്ടായിരുന്നു. ഒരു രാത്രി അയാള്‍ കൊണ്ടുവന്ന വിശേഷ വിഭവം വേഗമെടുത്ത്‌ ഖലീഫ കഴിച്ചു. അയാള്‍ ചോദിച്ചു: ``ഞാന്‍ ഭക്ഷണം കൊണ്ടുവരുമ്പോഴെല്ലാം എവിടെ നിന്നാണത്‌ കിട്ടിയതെന്ന്‌ താങ്കള്‍ ചോദിക്കാറുണ്ട്‌. ഇന്നു മാത്രം എന്താ ചോദിക്കാതെ കഴിച്ചത്‌?''
``ഹോ, ഞാനത്‌ മറന്നു. വിശപ്പ്‌ കാരണം കഴിച്ചുപോയതാ. പറയൂ, എവിടെ നിന്നാണ്‌ ഇത്‌ കിട്ടിയത്‌?''
അയാള്‍ പറയാന്‍ തുടങ്ങി: ``ജാഹിലിയ്യാ കാലത്ത്‌ ഞാന്‍ ചിലര്‍ക്ക്‌ മന്ത്രിച്ചൂതി കൊടുക്കാറുണ്ടായിരുന്നു. അതിന്റെ പ്രതിഫലം അന്ന്‌ അവര്‍ തന്നിരുന്നില്ല. ഇന്ന്‌ ഞാന്‍ അവരുടെ വീടിന്നടുത്ത്‌ പോയപ്പോള്‍ അവരുടെ വീട്ടില്‍ വിവാഹാഘോഷം നടക്കുകയായിരുന്നു. എന്നെയും അവര്‍ അതിലേക്ക്‌ ക്ഷണിച്ചു. തിരിച്ചുപോന്നപ്പോള്‍ എനിക്ക്‌ നല്‍കിയ ഭക്ഷണമാണ്‌ താങ്കളിപ്പോള്‍ കഴിച്ചത്‌.''
``നീ എന്നെ നശിപ്പിച്ചുകളഞ്ഞല്ലോ'' എന്നു പറഞ്ഞ്‌ അബൂബക്‌ര്‍() വിരലുകള്‍ വായിലിട്ട്‌ പ്രയാസപ്പെട്ട്‌ ഛര്‍ദിക്കാന്‍ തുടങ്ങി. എന്നിട്ടിങ്ങനെ പറഞ്ഞു: ``എന്റെ ജീവന്‍ നഷ്‌ടപ്പെടേണ്ടി വന്നാലും ഹറാമിന്റെ ഭക്ഷണം ഞാന്‍ പുറത്തുകളയുക തന്നെ ചെയ്യും. കാരണം, തിരുനബി ഒരിക്കല്‍ ഇങ്ങനെ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌: ``അന്ത്യനാളില്‍ നരകത്തോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്നത്‌ ഹറാമായ ഭക്ഷണം കഴിച്ചുവളര്‍ന്ന ശരീരങ്ങളായിരിക്കും. ഭക്ഷണം കഴിച്ചതു കാരണം എന്റെ ശരീരം നരകാവകാശിയാകുമോ എന്നാണെന്റെ പേടി.'' (ഹല്‍യതുല്‍ ഔലിയാഅ്‌, ഹാഫിദ്‌ അബൂനുഐം, 361)

         വേഗത്തില്‍ ഹറാം കടന്നുവരാവുന്ന സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള തിരുനബി()യുടെ താക്കീതും താക്കീതിനെ എത്ര ഗൗരവത്തില്‍ അബൂബക്‌ര്‍ സിദ്ദീഖ്‌() ജീവിതത്തില്‍ ഉള്‍ക്കൊണ്ടുവെന്നും തെളിയിക്കുന്ന സംഭവത്തില്‍ നിന്ന്‌ പഠിക്കാന്‍ പല പാഠങ്ങളുണ്ട്‌. ഹറാമിന്റെ നേരിയ കലര്‍പ്പിനെ പോലും അതീവ ജാഗ്രതയോടെ അകറ്റിനിര്‍ത്തിയ അസാമാന്യ ഭക്തിയാണ്‌ സിദ്ദീഖുല്‍ അക്‌ബര്‍() അടക്കമുള്ള സ്വഹാബീസമൂഹം ജീവിത്തില്‍ പുലര്‍ത്തിയത്‌. സമ്പത്തിന്റെ ചതിക്കുഴികളില്‍ വീഴാതെയും ചെളിപുരളാതെയും ജീവിക്കണമെങ്കില്‍ അത്ര ഭക്തി നമ്മളും കരുതിവെക്കുക തന്നെ വേണം.
``മദ്യത്തിന്‌ ലഹരിയുള്ളതുപോലെ സമ്പത്തിനും ഒരു ലഹരിയുണ്ട്‌'' എന്ന്‌ ഉമര്‍() പറഞ്ഞിട്ടുണ്ട്‌. വളരെ വേഗത്തില്‍ അടിമപ്പെടുകയും എന്നാല്‍ അത്ര വേഗത്തില്‍ രക്ഷപ്പെടാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന ഉന്മാദം സമ്പത്തിനോടും മദ്യത്തോടും മനുഷ്യനുണ്ട്‌. ലഹരിയില്‍ നിന്ന്‌ സുരക്ഷിതരാകാന്‍ അധികപേര്‍ക്കും സാധിക്കില്ല. ``അല്ലാഹുവാണ്‌ സത്യം, നിങ്ങള്‍ക്ക്‌ ദാരിദ്ര്യം വരുമോ എന്നതല്ല, മുന്‍കാലക്കാര്‍ക്കുണ്ടായതു പോലെ സുഖങ്ങള്‍ പെരുകുമോ എന്നതാണ്‌ എനിക്ക്‌ പേടി. അപ്പോള്‍ അവര്‍ പസ്‌പരം മത്സരിച്ചതുപോലെ നിങ്ങളും മത്സരിക്കും. അവര്‍ നശിച്ചതുപോലെ നിങ്ങളും നശിക്കും.'' തിരുനബി() ഇത്ര ആധിയോടെ ഇങ്ങനെ ഉപദേശിച്ചത്‌ വെറുതെയല്ലല്ലോ.
മുസ്‌ലിം സൈന്യം ഇറാഖ്‌ ജയിച്ചടക്കിയ സന്ദര്‍ഭം. സ്വര്‍ണക്കൂമ്പാരങ്ങള്‍ ഖലീഫ ഉമറിന്റെ() മുന്നിലെത്തി. അതു കണ്ടപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി. ``അമീറുല്‍ മുഅ്‌മിനീന്‍, താങ്കളെന്തിനാണ്‌ കരയുന്നത്‌? അല്ലാഹു നമുക്ക്‌ വിജയം നല്‍കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും അതിലൂടെ താങ്കളുടെ കണ്‍കുളിര്‍പ്പിക്കുകയുമല്ലേ ചെയ്‌തത്‌?''
കരച്ചില്‍ നിര്‍ത്താതെ ഉമര്‍() പറഞ്ഞതിങ്ങനെ: ``തിരുനബി() പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. ഏതൊരു സമൂഹത്തിന്‌ ഇഹലോകം തുറക്കപ്പെടുന്നുവോ അവര്‍ക്കിടയില്‍ അന്ത്യനാള്‍ വരേക്കും നീണ്ടുനില്‍ക്കുന്ന ശത്രുതയും വിദ്വേഷവും അല്ലാഹു ഇളക്കിവിടാതിരിക്കില്ല. നമ്മുടെ കാര്യത്തില്‍ റസൂലിന്റെ പ്രവചനം പുലരുമോ എന്നാണെന്റെ പേടി.'' (രിജാലു ഹൗലര്‍റസൂല്‍, 173)
പണത്തില്‍ പാപം കലരാതിരിക്കാന്‍ തിരുനബി() പലവട്ടം താക്കീതുചെയ്യുന്നുണ്ട്‌. പട്ടിണി സഹിക്കേണ്ടി വന്നാലും ഹറാമായതൊന്നും നമ്മളോ നമ്മുടെ കുടുംബമോ ഭക്ഷിക്കരുതെന്ന്‌ ജീവിതം കൊണ്ട്‌ മാതൃക കാണിച്ച്‌ നിര്‍ദേശിക്കുകയും ചെയ്യുന്നു. ശദ്ദാദുബ്‌നു ഔസിന്റെ സഹോദരി ഉമ്മുഅബ്‌ദില്ല ഒരു സംഭവം പറഞ്ഞുതരുന്നു: ``ഒരിക്കല്‍ തിരുനബി()ക്ക്‌ സ്വഹാബികള്‍ ഒരു കപ്പ്‌ പാല്‍ സമ്മാനിച്ചു. അതെവിടെ നിന്ന്‌ കിട്ടിയെന്നും എങ്ങനെ കിട്ടിയെന്നുമെല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ്‌ പാല്‍ കുടിച്ചത്‌. എന്നിട്ട്‌ പറഞ്ഞു: നല്ലതല്ലാതൊന്നും ഭക്ഷിക്കരുതെന്നും സല്‍ക്കര്‍മങ്ങളല്ലാതൊന്നും പ്രവര്‍ത്തിക്കരുതെന്നും നമ്മളോട്‌ കല്‍പിച്ചിട്ടുണ്ട്‌.''
നോക്കൂ മറ്റൊരു താക്കീത്‌: പത്ത്‌ ദിര്‍ഹമിന്‌ വാങ്ങിയ വസ്‌ത്രത്തില്‍ ഒരു ദിര്‍ഹം ഹറാമായി സമ്പാദിച്ചതാണെങ്കില്‍ പോലും വസ്‌ത്രം കൂടെയുള്ളത്ര കാലം അയാളുടെ ഒരു നമസ്‌കാരവും അല്ലാഹു സ്വീകരിക്കുകയില്ല.'' (ബൈഹഖി, ശുഅബുഈമാന്‍ 6114, മജ്‌മൂഉസ്സവാഇദ്‌ 10:292)
തിരുനബി()യുടെ പ്രയങ്കരനായ ശിഷ്യന്‍ സഅദ്‌() ഒരിക്കല്‍ അഭ്യര്‍ഥിച്ചു: ``അല്ലാഹുവിന്റെ റസൂലേ, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നവരില്‍ എന്നെയും ഉള്‍പ്പെടുത്താന്‍ അല്ലാഹുവിനോട്‌ അങ്ങ്‌ പ്രാര്‍ഥിക്കുമോ?''
സഅദിനുള്ള തിരുനബി()യുടെ മറുപടി നമുക്കുമുള്ളതാണ്‌: ``താങ്കളുടെ ഭക്ഷണം ഹറാമില്‍ നിന്ന്‌ മുക്തമാക്കുക. എങ്കില്‍ താങ്കളുടെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കും. അല്ലാഹുവാണ്‌ സത്യം, ഒരാള്‍ ഹറാമായ ഭക്ഷണത്തില്‍ നിന്ന്‌ ഒരു ഉരുള കഴിച്ചാല്‍ പോലും അയാളുടെ നാല്‍പത്‌ ദിവസത്തെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല.'' (മജ്‌മൂഉസ്സവാഇദ്‌ 10:291)
നമ്മുടെ കാലത്ത്‌ ഇവ്വിഷയത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമുണ്ട്‌. ഹറാമുകള്‍ പെരുകിയ കാലമാണിത്‌. ഇങ്ങനെയൊരു കാലം വരുമെന്ന്‌ റസൂല്‍() പ്രവചിച്ചിട്ടുണ്ട്‌. ഹറാമിന്റെ അഴുക്ക്‌ കലരാതെ ജീവിക്കുന്നവര്‍ തീക്കൊള്ളി പിടിച്ചവനെപ്പോലെ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരുമെന്നും പറഞ്ഞു. പലിശയുടെ പുകയെങ്കിലും തട്ടാത്തവര്‍ ആരുമുണ്ടാവില്ലെന്നും താക്കീതുചെയ്‌തു. ഹറാമുകൊണ്ട്‌ നമ്മളും നമ്മുടെ മക്കളും തടിച്ചുവീര്‍ക്കണോ?