താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

എന്തിനാണ്‌ നമസ്‌കരിച്ചത്‌?

                                                      മഹാപണ്ഡിതന്‍ ഹാതിമുല്‍ അസ്വമ്മിനോട്‌, ഒരാള്‍ അദ്ദേഹത്തിന്റെ നമസ്‌കാരത്തെക്കുറിച്ചന്വേഷിച്ചു. മനോഹരമായ ആ മറുപടി ഇങ്ങനെയായിരുന്നു: ``നമസ്‌കാരത്തിന്‌ സമയമായാല്‍ പൂര്‍ണമായി വുദുവെടുത്ത്‌ നമസ്‌കാര സ്ഥലത്ത്‌ ഞാനെത്തും. അവിടെ എത്തിയാല്‍ മനസ്സും അവയവങ്ങളും ശാന്തമാകുന്നതു വരെ അല്‌പനേരം കാത്തുനില്‌ക്കും. ശേഷം നമസ്‌കാരത്തിനായി ഒരുങ്ങും. അന്നേരം, അങ്ങകലെയുള്ള കഅ്‌ബാ എന്റെ കണ്‍പുരികങ്ങള്‍ക്കിടയില്‍ വന്നുനില്‌ക്കുന്നതു പോലെ എനിക്കു തോന്നും. സ്വര്‍ഗം എന്റെ വലതുഭാഗത്തും നരകം ഇടത്തുമുള്ളതു പോലെ സങ്കല്‌പിക്കും. നരകത്തിനു മീതെയുള്ള പാലത്തിലാണ്‌ എന്റെ പാദങ്ങള്‍ എന്ന അവസ്ഥയിലായിരിക്കും മനസ്സ്‌. മരണത്തിന്റെ മാലാഖ എന്റെ പിന്നാമ്പുറത്തുള്ളതുപോലെ മനക്കണ്ണില്‍ ഭയം തിളയ്‌ക്കും. എന്റെ ജീവിതത്തിലെ അവസാന നമസ്‌കാരമാണിതെന്ന്‌ എനിക്കു തോന്നും. ഭയവും പ്രതീക്ഷയും നിറയും. എന്റെ നമസ്‌കാരങ്ങള്‍ അല്ലാഹു സ്വീകരിക്കുമോ എന്ന ആധിയായിരിക്കും പിന്നീട്‌.'' (ഇഹ്‌യാ ഉലൂമിദ്ദീന്‍, വാള്യം 1, പേജ്‌ 151)
സര്‍വലോക പരിപാലകനായ അല്ലാഹുവോടുള്ള ആത്മഭാഷണമാണ്‌ നമസ്‌കാരം. ഹൃദയം നൊന്തുപിടയുന്ന പാപിയുടെ പശ്ചാത്താപമാണ്‌ നമസ്‌കാരത്തിന്റെ ആന്തര ചൈതന്യം. ഉള്ളും പുറവും ഭക്തികൊണ്ട്‌ കഴുകിത്തുടയ്‌ക്കുന്ന ഏതാനും നിമിഷങ്ങള്‍ ജീവിത മേഖലകളിലേക്കാകെ വെളിച്ചമായി നിറയണം. ഈമാനിന്റെ ഇന്ധനം ശേഖരിച്ച്‌ കൂടുതല്‍ തെളിച്ചമുള്ള സത്യവിശ്വാസിയായി സ്വയം പുതുക്കാനുള്ള സന്ദര്‍ഭമായിരിക്കണം നമസ്‌കാരങ്ങള്‍. അങ്ങനെയല്ലാത്ത നമസ്‌കാരങ്ങളെക്കുറിച്ച്‌ തിരുനബി(സ) പറഞ്ഞതു കൂടി നാം കേള്‍ക്കണം: ``കറുത്തിരുണ്ട നിലയില്‍ ആകാശത്തേക്ക്‌ അത്‌ ഉയര്‍ത്തപ്പെടും. ആകാശ കവാടങ്ങള്‍ അതിനു വേണ്ടി തുറക്കപ്പെടുകയില്ല. പഴന്തുണി ചുരുട്ടിയെറിയുന്നതു പോലെ നമസ്‌കാരക്കാരന്റെ മുഖത്തേക്ക്‌ ആ നമസ്‌കാരത്തെ തിരിച്ചെറിയും'' (മജ്‌മഉസ്സവാഇദ്‌ 2:122)

നോക്കൂ, ഇരുപത്തിനാല്‌ മണിക്കൂറാണ്‌ ഒരു ദിവസം. നമസ്‌കാരങ്ങളുടെ സമയം ഇരുപത്തിനാല്‌ മിനുട്ടില്‍ ഒതുങ്ങും. അല്ലാഹുവിനെ ഓര്‍മിക്കാനും ആ ഓര്‍മ നിലനിര്‍ത്താനുമാണ്‌ നമസ്‌കാരങ്ങള്‍. അപ്പോളത്‌ ഇരുപത്തി നാല്‌ മിനുട്ടില്‍ ഒതുങ്ങുന്നതാണോ? അല്ല. ദിവസം മുഴുവനും ആ ഓര്‍മ നമ്മില്‍ തുടരണം. അതിനാവശ്യമായ സംഭരണ കേന്ദ്രമാണ്‌ നമസ്‌കാരങ്ങള്‍.
``ഞാന്‍ നമസ്‌കരിക്കുന്നതു കണ്ട പ്രകാരം നിങ്ങളും നമസ്‌കരിക്കുക'' എന്നാണല്ലോ തിരുനബി(സ)യുടെ കല്‌പന. എന്താണീ കല്‌പനയുടെ പൊരുള്‍? തിരുനബി നിര്‍വഹിച്ച അതേ രീതിയില്‍ കൈകെട്ടുകയും പ്രാര്‍ഥനകള്‍ ചൊല്ലുകയും ചെയ്യുക എന്നു മാത്രമാണോ? ആകരുത്‌. പിന്നെയോ? അവിടുന്ന്‌ നിര്‍വഹിച്ച അതേ തഖ്‌വയോടെ നമസ്‌കരിക്കുക എന്നുകൂടി അപ്പറഞ്ഞതിന്‌ അര്‍ഥമില്ലേ?
എങ്ങനെയായിരുന്നു തിരുനബി(സ)യുടെ നമസ്‌കാരങ്ങള്‍? ആഇശ(റ) പറയുന്നു: ``ആ നമസ്‌കാരങ്ങളുടെ സൗന്ദര്യത്തെപ്പറ്റിയും ദൈര്‍ഘ്യത്തെപ്പറ്റിയും എന്നോട്‌ ചോദിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. നമസ്‌കാര സമയമായാല്‍ സന്തോഷം കൊണ്ട്‌ അവിടുത്തെ മുഖം വിടരും. ബാങ്കുകാരനായ ബിലാലിനോട്‌, `ബിലാല്‍ ഞങ്ങള്‍ക്ക്‌ ആനന്ദം പകരൂ, ആനന്ദം പകരൂ' എന്ന്‌ പറഞ്ഞുകൊണ്ടിരിക്കും. അടുപ്പത്ത്‌ വെച്ച പാത്രം തിളയ്‌ക്കുന്നതു പോലെ- തേങ്ങിത്തേങ്ങി കരഞ്ഞുകൊണ്ടായിരുന്നു തിരുനബിയുടെ നമസ്‌കാരം.''
നബി(സ) നമസ്‌കരിക്കുന്നത്‌ കഅ്‌ബയില്‍ വെച്ചു കണ്ട നിമിഷം മുതലാണ്‌ തന്റെ മനസ്സിളകിയതെന്ന്‌ ഉമര്‍(റ) പറഞ്ഞിട്ടുണ്ട്‌. ``ലഹരി ബാധിതരായി നമസ്‌കരിക്കരുത്‌'' എന്ന്‌ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്‌. കാരണമെന്താ? പറയുന്നതെന്താണെന്ന്‌ മനസ്സിലാക്കാന്‍ ലഹരി ബാധിച്ചവര്‍ക്ക്‌ കഴിയില്ല. അങ്ങനെയെങ്കില്‍ പറയുന്നവ ഉള്‍ക്കൊള്ളാതെ ലഹരി ബാധിക്കാത്തവര്‍ നമസ്‌കരിച്ചാലും അത്‌ നിഷ്‌ഫലമാകില്ലേ?
``നമസ്‌കരിക്കുന്നവര്‍ക്ക്‌ നാശം'' എന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്‌. കൃത്യമായി പള്ളിയിലെത്തി നമസ്‌കരിച്ച്‌ വീട്ടില്‍ തിരിച്ചെത്തിയ ചിലരെക്കുറിച്ചല്ലേ ഇപ്പറഞ്ഞത്‌? അവര്‍ ചെയ്‌ത തെറ്റെന്താണ്‌? സമയം തെറ്റാതെ നമസ്‌കരിക്കാന്‍ പോവുകയും മടങ്ങുകയും ചെയ്യുകയല്ലാതെ, ചുറ്റുഭാഗത്തേക്ക്‌ അവര്‍ തിരിഞ്ഞുനോക്കിയില്ല. നോക്കിയിരുന്നെങ്കില്‍ അനാഥയെ കാണാമായിരുന്നു. സഹായമാവശ്യമുള്ള ദരിദ്രരെ കാണാമായിരുന്നു. ഉപകാരം ചെയ്യാനുള്ള അവസരങ്ങള്‍ കാണാമായിരുന്നു.
ഇനി നമ്മള്‍ ചിന്തിക്കുക- ആരെക്കുറിച്ചാണ്‌ ഇപ്പറഞ്ഞത്‌, ഉപയോഗിക്കാതെ ഉപേക്ഷിച്ച മരുന്നുകള്‍ നമ്മുടെ വീട്ടിനകത്ത്‌ എത്രയധികമുണ്ട്‌!~രസം തികയാതെ വേണ്ടെന്നുവെച്ച വസ്‌ത്രങ്ങള്‍ എത്രയുണ്ട്‌! ധൂര്‍ത്തിനും ദുരാഗ്രഹങ്ങള്‍ക്കും ചെലവഴിച്ച പണമെത്ര! -കടം കൊണ്ടും സങ്കടങ്ങള്‍ കൊണ്ടും നെഞ്ചുപൊട്ടുന്നവര്‍ നിറഞ്ഞ കണ്ണുകളോടെ അയല്‍പക്കത്തുണ്ടെന്ന്‌ അറിഞ്ഞിട്ടും കണ്ണടച്ച്‌, കൃത്യമായി നമസ്‌കരിച്ച്‌ സലാംവീട്ടിയവര്‍ നമ്മള്‍ തന്നെയല്ലേ?
നെഞ്ചില്‍ കൈ കെട്ടുന്നതാണ്‌ നബിചര്യ. അങ്ങനെ മാത്രമേ അതു പാടുള്ളൂ. പക്ഷേ, എങ്ങനെയുള്ള നെഞ്ചിലാണ്‌ കൈ കെട്ടേണ്ടത്‌? അസൂയയും പകയും അഹങ്കാരവും നിറച്ചുവെച്ച നെഞ്ചിനു മുകളില്‍ കൈകെട്ടിയതുകൊണ്ട്‌ എന്താണ്‌ ഫലം? അതെല്ലാം തൂത്തൂ തൂത്തു കളഞ്ഞ്‌ ഹൃദയത്തിനു മുകളില്‍ കൈതൊട്ട്‌ അല്ലാഹുവോട്‌ ആത്മഭാഷണം നടത്താന്‍ നമുക്ക്‌ കഴിയുന്നുണ്ടോ?
തിന്മകളില്‍ നിന്നകലാനും നന്മകളിലേക്ക്‌ അടുക്കാനും പ്രേരിപ്പിക്കുന്നതാകണം നമസ്‌കാരം. അതാണ്‌ അല്ലാഹു നിര്‍ദേശിച്ച നമസ്‌കാരം. നമസ്‌കരിക്കുന്നതിന്റെ മുമ്പ്‌ അതിന്റെ സമയത്തെക്കുറിച്ച ചിന്തയും നമസ്‌കരിക്കുമ്പോള്‍ അതിലെ ആത്മാര്‍ഥതയെ കുറിച്ച ഭക്തിയും നമസ്‌കാര ശേഷം ജീവിതത്തിലുണ്ടാകേണ്ട സദ്‌ഗുണങ്ങളുമാണ്‌ നമ്മില്‍ കാണേണ്ടത്‌. തിരുനബി(സ) പറഞ്ഞു: ``നിങ്ങള്‍ നമസ്‌കാരത്തിന്‌ ഒരുങ്ങിയാല്‍ നാഥനുമായി ആത്മഭാഷണത്തിനു വേണ്ടിയാണ്‌ യഥാര്‍ഥത്തില്‍ ഒരുങ്ങുന്നത്‌. അതിനാല്‍ എങ്ങനെയാണ്‌ ആത്മഭാഷണം നടത്തുന്നതെന്ന്‌ ഓരോരുത്തരും ആലോചിക്കട്ടെ.'' (ഇബ്‌നുഖുസൈമ 1:241)
നമുക്ക്‌ പ്രിയപ്പെട്ടവരോട്‌ എത്ര നേരവും നാം സംസാരിച്ചുകൊണ്ടിരിക്കും. പക്ഷേ, നമ്മുടെ നമസ്‌കാരങ്ങള്‍ വേഗം തീര്‍ന്നുപോകുന്നു!