താഴെ സെലക്ട്‌ ചെയ്‌താല്‍ പഴയത് വായിക്കാം...

അനാഥയെ തലോടിയിട്ടുണ്ടോ?





                                   ഡോക്‌ടര്‍ എഴുതിക്കൊടുത്ത മരുന്നുശീട്ട്‌ നോക്കി അയാളൊന്ന്‌ നെടുവീര്‍പ്പയച്ചു. മെഡിക്കല്‍ ഷോപ്പില്‍ ചെന്ന്‌ അത്രയും മരുന്നുകള്‍ക്ക്‌ എത്ര വിലയാകുമെന്ന്‌ അന്വേഷിച്ചു. കൈയിലുണ്ടായിരുന്ന രൂപ വീണ്ടും വീണ്ടും എണ്ണിനോക്കി. എത്രയെണ്ണിയിട്ടും തികയുന്നില്ല. ആരും കാണാതെ, കണ്ണുനിറഞ്ഞ്‌ ആ പണം കീശയിലേക്കു തന്നെ തിരിച്ചുവെച്ചു. മരുന്നുശീട്ട്‌ തിരികെ വാങ്ങി തലകുനിച്ച്‌ എങ്ങോട്ടെന്നില്ലാതെ നടന്നു.

                             സുഹൃത്തേ, ഇങ്ങനെയെത്രയെത്ര പേര്‍! പട്ടിണിയും പ്രയാസമങ്ങളും കൊണ്ട്‌ മനസ്സു തകരുന്നതിനിടയില്‍ മഹാരോഗങ്ങള്‍ കൂടി കൂട്ടിനെത്തുമ്പോള്‍ കണ്ണുതള്ളുന്ന എത്രയോ പാവം മനുഷ്യര്‍! സ്വന്തമായൊരു കുഞ്ഞുവീട്‌ കിനാവ്‌ കാണുന്നവര്‍... മക്കളുടെ മാറാരോഗങ്ങള്‍ക്ക്‌ മുന്നില്‍ കൈമലര്‍ത്തുന്നവര്‍... നമ്മുടെ മുന്നിലേക്ക്‌ വരാതെ ജീവിക്കുന്ന ഇവരെത്തേടി ഒരിക്കലെങ്കിലും നാം അങ്ങോട്ട്‌ ചെന്നിട്ടുണ്ടോ? നാമീ ജീവിക്കുന്ന രസമുള്ള കാഴ്‌ചകള്‍ക്കപ്പുറത്ത്‌ ഒട്ടും രസമില്ലാത്ത ജീവിതം കൊണ്ട്‌ ഹൃദയം തകരുന്ന കുറേ മനുഷ്യരുണ്ടെന്ന്‌ നാം ഓര്‍ക്കാതെ പോയോ?
പുത്തന്‍കാറിന്‌ ഫാന്‍സി നമ്പര്‍ തന്നെ കിട്ടാന്‍ ലേലത്തില്‍ ലക്ഷങ്ങള്‍ വലിച്ചെറിയുന്നവര്‍, ഒരൊറ്റ രാത്രികൊണ്ട്‌ 32 കോടിയുടെ മദ്യം കുടിച്ചുല്ലസിച്ചവര്‍, ക്രിക്കറ്റിന്റെ പേരില്‍ കോടികള്‍ തുലച്ചുകളയുന്നവര്‍, ഒരു നേരത്തെ ഭക്ഷണത്തിന്‌ ആയിരങ്ങള്‍ ചെലവഴിക്കുന്നവര്‍, പൊങ്ങച്ചത്തിന്റെ വീട്‌ പണിയുന്നവര്‍... ഇവര്‍ക്കിടയില്‍ ഇങ്ങനെ ചിലയാളുകളെ തീര്‍ച്ചയായും നാം മറന്നുപോകുന്നുണ്ടോ?! വീണ്ടും വീണ്ടും ഹജ്ജിന്‌ പറക്കുന്നവര്‍, ലക്ഷക്കണക്കിന്‌ രൂപ പൊടിക്കുന്ന കല്യാണം നടത്തുന്നവര്‍, ആര്‍ഭാടങ്ങള്‍ കൊണ്ട്‌ പുര നിറയ്‌ക്കുന്നവര്‍, ധൂര്‍ത്തുകൊണ്ട്‌ ജീവിക്കുന്നവര്‍, ഇവര്‍ക്കിടയില്‍ തന്നെയല്ലേ നാം അന്വേഷിച്ച്‌ പോകേണ്ടവരും കഴിയുന്നത്‌?
ഭര്‍ത്താവിന്റെ മരണത്തില്‍ ജീവിതം വറ്റിവരണ്ട എത്രയോ സഹോദരിമാര്‍, ചുറ്റുമുള്ള ജീവിതം കണ്ട്‌ കൊതിയൂറുന്ന മക്കളുടെ കണ്ണുപൊത്തുന്ന ഉമ്മമാര്‍, രോഗങ്ങള്‍ കൂടി വിരുന്നെത്തുമ്പോള്‍ ആശ്രയങ്ങളില്ലാതെ കരയുന്നവര്‍, നെഞ്ചിലാളുന്ന തീയണയ്‌ക്കാന്‍ കണ്ണീരു മാത്രം കരുതിവെക്കുന്നവര്‍, ചോര്‍ന്നൊലിക്കുന്ന വീടും ചോരാതെ പെയ്യുന്ന കണ്ണീരും കൊണ്ട്‌ വലയുന്നവര്‍... എങ്ങനെ ചിന്തിച്ചാലും ഉത്തരമില്ലാത്ത കുറേ മനുഷ്യര്‍. സുഹൃത്തേ, ഇവര്‍ നമ്മുടെ വളരെ അടുത്തില്ലേ? കാണാതിരിക്കാന്‍ ശ്രമിച്ചത്‌ നമ്മള്‍ തന്നെയായിരുന്നില്ലേ? നമ്മളുപേക്ഷിക്കുന്ന വസ്‌ത്രങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അവര്‍ക്കത്‌ വലിയ സന്തോഷമായിരിക്കും. നാം വെറുതെ കളഞ്ഞ ഭക്ഷണത്തിന്റെ പണംകൊണ്ട്‌ അവര്‍ എത്രയോ ദിവസം ജീവിക്കും. ഉപയോഗിക്കാതെ വെറുതെയാക്കിയ നമ്മുടെ മരുന്നുകള്‍ കണ്ടിരുന്നെങ്കില്‍ അവര്‍ അത്ഭുതപ്പെട്ടിരിക്കും. വേണ്ടാത്തതെല്ലാം വേണ്ടുവോളം ചെയ്യുന്ന നമ്മളെയും അത്യാവശ്യങ്ങള്‍ പോലും സഫലമാക്കാനാവാത്ത നമുക്കിടയിലെ ഈ പാവങ്ങളെയും പറ്റി നിങ്ങള്‍ ആലോചിക്കാറുണ്ടോ?
സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന വിഭാഗമാണ്‌ വിധവകള്‍. ആര്‍ക്കു മുന്നിലും കൈ നീട്ടാന്‍ കഴിയാതെ, വലിയ ജീവിതഭാരങ്ങള്‍ താങ്ങുവാന്‍ കെല്‍പില്ലാതെ കഴിയുന്നവര്‍. ഒരുമിച്ചുള്ള യാത്രയില്‍ ഒരുവേള കൂടെയുള്ളയാള്‍ വേര്‍പെടുന്നതോടെ, ഒറ്റപ്പെടലിന്റെ തീരാത്ത സങ്കടവും ബാധ്യതകളുടെ വലിയ ഭാരവും ഒറ്റയ്‌ക്ക്‌ താങ്ങേണ്ടി വരുന്നവര്‍. നമ്മുടെയൊക്കെ കുടുംബത്തിലുള്ള വിധവകളെയെങ്കിലും നാം പരിഗണിക്കാറുണ്ടോ? അനാഥകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമുക്കറിയാം. പക്ഷേ, ഒരു അനാഥയെ നാം തലോടിയിട്ടുണ്ടോ?
ലക്ഷങ്ങള്‍ മുടക്കിയുള്ള നിരന്തര സമ്മേളനങ്ങള്‍, വര്‍ണശബളമായ പോസ്റ്ററുകള്‍, സ്വര്‍ണനിറമുള്ള ബാഡ്‌ജുകള്‍... അത്യാവശ്യമൊട്ടുമില്ലാതെ വെറുതെ കളയുന്ന പണം കൊണ്ട്‌ എത്രയെത്ര മനുഷ്യരുടെ ഹൃദയനൊമ്പരങ്ങള്‍ക്കൊരു കൈത്താങ്ങ്‌ നല്‍കാമെന്ന്‌ നാം ചിന്തിച്ചേ തീരൂ.
കൃത്യമായി നമസ്‌കരിക്കുന്ന ചിലരെപ്പറ്റി അല്ലാഹു പറഞ്ഞതെന്താണ്‌? ``അവര്‍ക്ക്‌ നാശം!'' കാരണമെന്താ? കൃത്യമായി പള്ളിയില്‍ പോയി നമസ്‌കരിച്ചെങ്കിലും തന്റെ ചുറ്റുപാടിലേക്ക്‌ അയാള്‍ ശ്രദ്ധിച്ചില്ല. പാവപ്പെട്ടവന്റെ വിശപ്പിനെ പരിഗണിച്ചില്ല. അശരണര്‍ക്ക്‌ ആശ്വാസമേകിയില്ല.
കൊണ്ടോട്ടിക്കു സമീപം പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രം കണ്ടപ്പോഴാണ്‌ ഈ ചോദ്യങ്ങളെല്ലാം സ്വയം ചോദിച്ചത്‌. ഏതാനും ചെറുപ്പക്കാരുടെ പരിശ്രമം കൊണ്ട്‌ വളര്‍ന്ന ഒരു കൊച്ചുസംരംഭം. പ്രചാരണങ്ങളൊന്നുമില്ലാതെ സ്വന്തം ബാധ്യത നിര്‍വഹിക്കുന്നവരാണിവര്‍. നൂറുകണക്കിന്‌ കുടുംബങ്ങളുടെ അത്താണിയാണിന്ന്‌ ഇവരുടെ മനസ്സലിവ്‌. അനാഥരായ മക്കള്‍, പാവം വിധവകള്‍, മാറാരോഗികള്‍, മാനസികരോഗികള്‍, വീടില്ലാത്തവര്‍. ഇവരുടെയൊക്കെ ദു:ഖങ്ങള്‍ക്ക്‌ ആശ്രയമാകുന്നത്‌ ഈ കൂട്ടായ്‌മയാണ്‌. പരിമിതികള്‍ക്കെല്ലാമിടയിലും ഹൃദയാനന്ദത്തോടെ ഇവര്‍ മുന്നിട്ടിറങ്ങുന്നു. ഭൂമിയിലുള്ളവരോട്‌ കാരുണ്യം കാണിക്കുന്നതിനാല്‍ ആകാശത്തുള്ളവന്റെ കാരുണ്യം വേണ്ടുവോളം ലഭിക്കുന്നു. സ്വന്തമായൊരു കെട്ടിടമുണ്ട്‌. അതില്‍ മെഡിക്കല്‍ഷോപ്പ്‌, ചികിത്സാകേന്ദ്രം, ലൈബ്രറി എന്നിവക്കു പുറമെ ഒരു വസ്‌ത്രാലയവുമുണ്ട്‌. തരംതിരിച്ച്‌ മനോഹരമാക്കി വെച്ചിരിക്കുന്ന വസ്‌ത്രങ്ങള്‍ പുതിയതല്ല. ഓരോരോ വീടുകളില്‍ നിന്ന്‌ ശേഖരിച്ച പഴയ വസ്‌ത്രങ്ങളാണ്‌. റേഷന്‍ഷോപ്പു പോലെ അരിച്ചാക്കുകള്‍ അളന്നുകെട്ടിവെച്ചിരിക്കുന്നു. അവശ്യസാധനങ്ങളെല്ലാം ചെറിയ കെട്ടുകളില്‍. പാവപ്പെട്ട കുടുംബങ്ങള്‍ക്കെത്തിക്കാന്‍ തയ്യാറാക്കിയിരിക്കുകയാണ്‌. ഒഴിവു ദിനങ്ങളില്‍ സ്വന്തം കുടുംബങ്ങളോടൊപ്പം പാവങ്ങളുടെ വീടുകളിലേക്ക്‌ ഇവര്‍ യാത്രയാകുന്നു. ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നു. കൂട്ടത്തില്‍ മതപരമായ ഉപദേശങ്ങളും നല്‍കുന്നു. അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ കരകയറ്റുന്നു. ഇവയെല്ലാം വിശദീകരിച്ചതിനു ശേഷം അവരിലൊരാള്‍ പറഞ്ഞത്‌ നമ്മുടെയൊക്കെ ചിന്തയെ ഉണര്‍ത്തേണ്ടതാണ്‌: ``നമ്മള്‍ ഈ പാവങ്ങളുടെ പരലോകത്തിന്റെ ഗുണകാംക്ഷികള്‍ മാത്രമായാല്‍ പോരല്ലോ, ഇഹലോകത്തിന്റെയും ഗുണകാംക്ഷികളാകേണ്ടേ?''
ഈ കൂട്ടായ്‌മയിലെ ആളുകള്‍ അവരുടെ ഭാര്യമാരെ അയച്ച്‌ വിധവകള്‍ക്ക്‌ സാന്ത്വനമേകുന്നു. അനാഥ മക്കളെ ഉമ്മയുടെ സ്‌നേഹത്തണലില്‍ തന്നെ സംരക്ഷിക്കുന്നു. ആരുമില്ലാത്ത വൃദ്ധകളെ സ്വന്തം വീട്ടില്‍ പാര്‍പ്പിക്കുന്നു. ``നമുക്ക്‌ മനസ്സുണ്ടെങ്കില്‍ എല്ലാം സാധിക്കും. അടുത്ത മാസത്തേക്കുള്ള പദ്ധതി തീരുമാനിക്കുമ്പോള്‍ ഞങ്ങളുടെ കൈയില്‍ അതിന്നുള്ള പണമൊന്നുമില്ല. പക്ഷേ അല്ലാഹു ഏതുവിധത്തിലെങ്കിലും അത്‌ എത്തിച്ചുതരും'' -ഇതാണിവരുടെ വാക്കുകള്‍.
അവര്‍ ഒരു സംഭവം പറഞ്ഞു: വളരെ പാവപ്പെട്ട ഒരു കുടംബത്തിലെ കുട്ടി, ഷര്‍ട്ട്‌ ധരിക്കാതെ ഒരു ദിവസം സ്‌കൂളില്‍ പോയി. മറ്റു കുട്ടികളെല്ലാം അവനെ പരിഹസിച്ചു. പേനകൊണ്ട്‌ ശരീരത്തില്‍ വരച്ചു. നിലവിളിച്ചുകൊണ്ട്‌ വീട്ടിലേക്കോടിയ അവന്‍ തലയിണയുടെ അകത്തു നിന്ന്‌ പഴകിയ ഷര്‍ട്ടെടുത്ത്‌ ധരിച്ച്‌ സ്‌കൂളിലേക്ക്‌ തിരിച്ചുചെന്നു! അവന്‍ ഇപ്പോള്‍ വലിയ പണക്കാരനായി. കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തിലെത്തി, ആയിരം പേര്‍ക്ക്‌ വസ്‌ത്രം വാങ്ങാനുള്ള തുക നല്‍കിയത്രെ!
അതെ, അല്ലാഹുവിന്‌ എല്ലാം എളുപ്പമാണ്‌. സമ്പന്നനെ ദരിദ്രനാക്കാനും വേഗമുണ്ട്‌. എല്ലാവരെയും അവന്‍ കാണുന്നുണ്ട്‌. ജീവിതത്തെ ആഘോഷമാക്കി ആനന്ദിക്കുന്നവരെ അവന്‍ വെറുതെ വിടുകയില്ല. നമ്മുടെ സമയവും പണവും ആരോഗ്യവും മറ്റുള്ളവര്‍ക്കുകൂടി ഉള്ളതാണെന്ന്‌ തിരിച്ചറിയുമ്പോള്‍ ഈ ചെറിയ ജീവിതത്തിന്‌ വലിയ മഹത്വം കൈവരും. നമുക്ക്‌ വേണ്ടിയല്ല മറ്റുള്ളവര്‍ക്ക്‌ വേണ്ടി കരയുക. ഒരുപാടു പേര്‍ നമുക്ക്‌ നല്‍കിയത്‌ നാം ഒരാള്‍ക്കെങ്കിലും നല്‍കുക. മുന്നില്‍ കാണുന്ന മനുഷ്യരെ സ്‌നേഹിക്കാതെ കണ്ണില്‍ കാണാത്ത അല്ലാഹുവിനെ സ്‌നേഹിക്കുന്നതെങ്ങനെ?